പാക് നുഴഞ്ഞുകയറ്റം; കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന് ആദ്യം മുന്നറിയിപ്പ് നൽകിയ താഷി നംഗ്യാൽ അന്തരിച്ചു
ബട്ടാലിക് പർവതനിരകളിൽ വേഷം മാറി ബങ്കറുകൾ നിർമ്മിക്കുന്ന പാകിസ്ഥാൻ പട്ടാളക്കാർ താഷി നംഗ്യാലിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ദില്ലി: 1999-ൽ കാർഗിൽ സെക്ടറിലെ പാകിസ്ഥാൻ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ഇന്ത്യൻ സൈനികർക്ക് മുന്നറിയിപ്പ് നൽകിയ ലഡാക്ക് സ്വദേശി താഷി നംഗ്യാൽ അന്തരിച്ചു. 58 വയസ്സായിരുന്നു. ഈ വർഷം ആദ്യം ദ്രാസിൽ നടന്ന 25-ാമത് കാർഗിൽ വിജയ് ദിവസിൽ നംഗ്യാൽ മകൾ സെറിംഗ് ഡോൾക്കറിനൊപ്പം പങ്കെടുത്തിരുന്നു. താഷി നംഗ്യാലിൻ്റെ വിയോഗത്തിൽ ഇന്ത്യൻ സൈന്യം അനുശോചനം രേഖപ്പെടുത്തി.
1999-ലെ കാർഗിൽ യുദ്ധസമയത്ത് പാകിസ്ഥാൻ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ഇന്ത്യൻ സൈന്യത്തിന് മുന്നറിയിപ്പ് നൽകുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ലഡാക്കിലെ ആട്ടിടയനായ താഷി നംഗ്യാൽ. 1999 മെയ് മാസത്തിൽ തന്റെ കാണാതായ ആട്ടിൻകൂട്ടത്തെ അന്വേഷിക്കുന്നതിനിടെ ബട്ടാലിക് പർവതനിരകളിൽ വേഷം മാറി ബങ്കറുകൾ നിർമ്മിക്കുന്ന പാകിസ്ഥാൻ പട്ടാളക്കാർ താഷി നംഗ്യാലിന്റെ ശ്രദ്ധയിൽപ്പെട്ടു. ബൈനോക്കുലർ ഉപയോഗിച്ച് ആടുകളെ തിരയുന്നതിനിടെയായിരുന്നു നുഴഞ്ഞുകയറ്റത്തിനുള്ള പാകിസ്ഥാന്റെ ശ്രമം താഷി നംഗ്യാൽ ആര്യൻ്റെ ശ്രദ്ധയിൽപ്പെട്ടത്.
സാഹചര്യത്തിൻ്റെ ഗൗരവം മനസിലാക്കിയ താഷി നംഗ്യാൽ ഉടൻ തന്നെ ഈ വിവരം ഇന്ത്യൻ സൈന്യത്തെ അറിയിച്ചു. തുടർന്ന് സൈന്യം നടത്തിയ പരിശോധനയിൽ നംഗ്യാൽ നൽകിയ വിവരം ശരിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ശ്രീനഗർ-ലേ ഹൈവേ വേർപെടുത്താനുള്ള പാകിസ്ഥാൻ്റെ രഹസ്യ ദൗത്യം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. കാർഗിൽ യുദ്ധത്തിൽ ഇന്ത്യയുടെ സൈനിക പ്രതികരണം വേഗത്തിലാക്കുന്നതിൽ താഷി നംഗ്യാൽ നൽകിയ വിവരങ്ങൾ നിർണായക പങ്ക് വഹിച്ചു. നംഗ്യാലിൻ്റെ ജാഗ്രത ഇന്ത്യയുടെ യുദ്ധ വിജയത്തിൽ നിർണായകമായിത്തീർന്നു.
READ MORE: ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തി സിഐ; പൊലീസ് മാമനെ വളഞ്ഞു പിടിച്ച് കുഞ്ഞ് സാന്താക്ലോസുമാർ