തമിഴ്നാട്ടിൽ 786 പേർക്ക് കൂടി കൊവിഡ്; ചെന്നൈയിൽ മാത്രം 569 പേർ, തലസ്ഥാനത്ത് ആശങ്കയേറി
ചെന്നൈയിൽ കൂടുതൽ സോണുകളിൽ രോഗ ബാധിതർ ഉണ്ടെന്നും ഇന്ന് വ്യക്തമായി. തമിഴ്നാട്ടിൽ 70 ശതമാനം രോഗബാധിതരും ചെന്നൈയിലാണ്
ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. ഇന്ന് മാത്രം 786 പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 569 പേരും സംസ്ഥാന തലസ്ഥാനമായ ചെന്നൈയിലാണ്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 14000 കടന്നു.
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് ബാധിതർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 98 ആയി. സംസ്ഥാനത്ത് ആറ് ദിവസത്തിനിടെ 4000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 3000 പേരും ചെന്നൈയിലാണ്. ചെന്നൈയിൽ കൂടുതൽ സോണുകളിൽ രോഗ ബാധിതർ ഉണ്ടെന്നും ഇന്ന് വ്യക്തമായി. തമിഴ്നാട്ടിൽ 70 ശതമാനം രോഗബാധിതരും ചെന്നൈയിലാണ്.
അതിനിടെ രാജ്യത്ത് കൊവിഡ് രോഗികൾ 1,18000 കടന്നു. 24 മണിക്കൂറിനിടെ 6000 ത്തിലധികം പേർക്കാണ് രോഗബാധയുണ്ടായത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗ വ്യാപന നിരക്കാണിത്. 24 മണിക്കൂറിനിടെ 148 പേർ കൂടി മരിച്ചു. ആകെ മരണം 3583 ആയി.
സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ 21 പേർ മഹാരാഷ്ട്രയിൽ നിന്ന് എത്തിയവരാണ്. 17 പേർ വിദേശത്ത് നിന്നെത്തിവർ. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.