ലോക്ക്ഡൗണിൽ നാട്ടിലെത്താൻ ബൈക്ക് മോഷ്ടിച്ചു; രണ്ടാഴ്ചക്ക് ശേഷം ഉടമയ്ക്ക് പാര്‍സലയച്ച് കൊടുത്ത് തൊഴിലാളി
പ്രാദേശിക പാര്‍സല്‍ കമ്പനി തങ്ങളുടെ ഓഫീസിലേക്ക് വരാൻ സുരേഷ് കുമാറിനോട് ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയപ്പോള്‍ രണ്ടാഴ്ച മുമ്പ് മോഷണം പോയ തന്റെ ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ ബൈക്ക് പാര്‍സല്‍ കമ്പനിയുടെ ഗോഡൗണില്‍ കിടക്കുന്നതാണ് സുരേഷ് കണ്ടത്.
കോയമ്പത്തൂര്‍: ലോക്ക്ഡൗണിൽ ജോലിസ്ഥലങ്ങൾ അടച്ചതോടെ അതിഥി തൊഴിലാളികൾ എല്ലാവരും തങ്ങളുടെ നാടുകളിലേക്ക് തിരിക്കുകയാണ്. സ്വന്തം നാടുകളിലേക്ക് മറ്റ് മാര്‍ഗമില്ലാതെ നടന്നുപോയ തൊഴിലാളികളുടെ ബുദ്ധിമുട്ടുകളും അവര്‍ നേരിട്ട പ്രയാസങ്ങളും സമൂഹമാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. നാടുപിടിക്കാൻ എന്തും ചെയ്യാൻ പലപ്പോഴും തൊഴിലാളികളെ പ്രേരിപ്പിക്കാറുമുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ തമിഴ്നാട്ടിൽ നിന്നും പുറത്തുവരുന്നത്.
കോയമ്പത്തൂരിലെ ഒരു ചായക്കടയിലെ തൊഴിലാളി ബൈക്ക് മോഷ്ടിച്ചുകൊണ്ടാണ് തന്റെ നാട്ടിലേക്ക് മടങ്ങിയത്. കുടുംബത്തോടൊപ്പം ജന്മനാട്ടിലേക്ക് പോകുന്നതിനായി സുരേഷ് കുമാർ എന്നയാളുടെ ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. നാട്ടിലെത്തി രണ്ടാഴ്ച കഴിഞ്ഞ് തൊഴിലാളി ഉടമക്ക് ബൈക്ക് പാര്‍സലയച്ച് കൊടുക്കുകയും ചെയ്തു.
പ്രാദേശിക പാര്‍സല്‍ കമ്പനി തങ്ങളുടെ ഓഫീസിലേക്ക് വരാൻ സുരേഷ് കുമാറിനോട് ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയപ്പോള്‍ രണ്ടാഴ്ച മുമ്പ് മോഷണം പോയ തന്റെ ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ ബൈക്ക് പാര്‍സല്‍ കമ്പനിയുടെ ഗോഡൗണില്‍ കിടക്കുന്നതാണ് സുരേഷ് കണ്ടത്.
അന്വേഷണങ്ങൾക്ക് ഒടുവിൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രദേശത്തെ ചായക്കടയിൽ ജോലി ചെയ്യുന്ന യുവാവാണ് മോഷണത്തിന് പിന്നിലെന്ന് ബോധ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ സുരേഷ്കുമാർ തയാറായില്ല. പേ അറ്റ് ഡെലിവറി വഴിയാണ് ബൈക്ക് പാര്‍സലയച്ചത്. വാഹനം തിരിച്ചുകിട്ടാന്‍ സുരേഷിന് ആയിരം രൂപ പാര്‍സല്‍ ചാര്‍ജ് കൊടുക്കേണ്ടി വന്നു.