തമിഴ്നാട്ടില്‍ കൊവിഡ് ആശങ്കയേറുന്നു; 1685 പുതിയ കേസുകള്‍, 24 മണിക്കൂറിനിടെ ചെന്നൈയില്‍ മാത്രം 20 മരണം
തമിഴ്നാട്ടിലെ എഴുപത് ശതമാനം രോഗികളും ചെന്നൈയിലാണ്. കോയമ്പത്തൂര്‍, കന്യാകുമാരി, തേനി അതിര്‍ത്തി ജില്ലകളിലും രോഗബാധിതര്‍ വര്‍ദ്ധിക്കുകയാണ്.
ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് വ്യാപനത്തില്‍ ആശങ്കയേറുന്നു. ഇന്ന് 1,685 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 34,914 ആയി ഉയര്‍ന്നു. മരണസംഖ്യ 307 ആയി. ചെന്നൈയില്‍ കൊവിഡ് മരണനിരക്ക് ഉയരുകയാണ്.
24 മണിക്കൂറിനിടെ ചെന്നൈയില്‍ മാത്രം 20 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച 30 വയസുള്ള ചെന്നൈ സ്വദേശിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തമിഴ്നാട്ടിലെ എഴുപത് ശതമാനം രോഗികളും ചെന്നൈയിലാണ്. കോയമ്പത്തൂര്‍, കന്യാകുമാരി ,തേനി അതിര്‍ത്തി ജില്ലകളിലും രോഗബാധിതര്‍ വര്‍ദ്ധിക്കുകയാണ്.
അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് 266 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 7,466 ആയി. തുടർച്ചയായ ആറാം ദിവസവും പതിനായിരത്തിനടുത്ത് പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 9,987 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,66,598 ആയി. രാജ്യത്തെ രോഗബാധ നിരക്ക് 3.9% ആണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.