'മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നു'; ബിജെപി അധ്യക്ഷനെതിരെ മാനനഷ്ടക്കേസുമായി തമിഴ്നാട് സർക്കാർ
"അണ്ണാമലൈയെ ശിക്ഷിക്കുക എന്നതാണ് മികച്ച നടപടി. രാഹുൽ ഗാന്ധി പറഞ്ഞത് ഒന്നുമല്ലായിരുന്നു, എന്നിട്ടും അയോഗ്യനാക്കിയില്ലേ. അവർക്ക് (ബിജെപി) അത് ചെയ്യാമെങ്കിൽ വ്യക്തമായ കാരണങ്ങളുള്ള കാര്യത്തിൽ അണ്ണാമലൈക്കെതിരെയും കേസ് എടുക്കാം". ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു.
ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സംസ്ഥാന സർക്കാർ. ഡിഎംകെ ഫയൽസിന്റെ പേരിലാണ് നടപടി. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അണ്ണാമലൈ അപകീർത്തിപ്പെടുത്തുകയാണ് ചെയ്തതെന്ന് സർക്കാർ വാദിക്കുന്നു.
2011ൽ ചെന്നൈ മെട്രോയുടെ കരാർ ഉറപ്പിക്കാൻ എം കെ സ്റ്റാലിന്‍ 200 കോടി രൂപ കോഴ വാങ്ങിയെന്ന് അണ്ണാമലൈ അടുത്തിടെ ആരോപിച്ചിരുന്നു. സ്റ്റാലിന്റെ പാർട്ടിയായ ഡിഎംകെയുടെ നേതാക്കൾക്ക് അഴിമതിയിലൂടെ സമ്പാദിച്ച 1.34 ലക്ഷം കോടി രൂപയുടെ സ്വത്തുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്ന ദുബായ് കമ്പനിയുടെ ഡയറക്ടർമാരാണെന്നും അണ്ണാമലൈ ആരോപിച്ചു.
"അണ്ണാമലൈയെ ശിക്ഷിക്കുക എന്നതാണ് മികച്ച നടപടി. രാഹുൽ ഗാന്ധി പറഞ്ഞത് ഒന്നുമല്ലായിരുന്നു, എന്നിട്ടും അയോഗ്യനാക്കിയില്ലേ. അവർക്ക് (ബിജെപി) അത് ചെയ്യാമെങ്കിൽ വ്യക്തമായ കാരണങ്ങളുള്ള കാര്യത്തിൽ അണ്ണാമലൈക്കെതിരെയും കേസ് എടുക്കാം". ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. അണ്ണാമലൈ മാപ്പ് പറയാൻ തയ്യാറല്ലെന്നും കോടതിയിൽ ഏറ്റുമുട്ടാമെന്നും ബിജെപി നേരത്തെ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും ദുരൈ മുരുകൻ, ഇ വി വേലു, കെ പൊൻമുടി, വി സെന്തിൽ ബാലാജി ഉൾപ്പടെയുള്ള മന്ത്രിമാരും അടക്കമുള്ളവരുടെ 1.34 ലക്ഷം കോടി രൂപയുടെ സ്വത്തുക്കളുടെ നീണ്ട പട്ടിക ഈ വർഷം ഏപ്രിൽ 14 ന് ബിജെപി അണ്ണാമലൈ പരസ്യപ്പെടുത്തിയിരുന്നു. മുൻ കേന്ദ്രമന്ത്രി എസ് ജഗത്രാക്ഷകനും ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, അണ്ണാമലൈയുടെ ആരോപണത്തെ തമാശ എന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് ഡി എം കെ ചെയ്തത്.
അഴിമതിയാരോപണങ്ങളൊന്നും ഉയർന്നിട്ടില്ലെന്നും എല്ലാ ഡിഎംകെ സ്ഥാനാർത്ഥികളും നാമനിർദേശ പത്രികയിൽ സ്വത്തുവിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും പാർട്ടി എംപി ആർ എസ് ഭാരതി പറഞ്ഞിരുന്നു. ഒരു കാര്യത്തിലെങ്കിലും ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കിൽ ഏതൊരു പൗരനും ചോദ്യം ചെയ്യാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഉദയനിധി സ്റ്റാലിനും എം കെ സ്റ്റാലിന്റെ മരുമകൻ വി ശബരീശനും ചേർന്ന് 30,000 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതായി സംസ്ഥാന ധനമന്ത്രി പളനിവേൽ ത്യാഗ രാജൻ ഒരാളുമായി നടത്തിയ സംഭാഷണത്തിൽ വെളിപ്പെടുത്തുന്നതായുള്ള ഓഡിയോ ക്ലിപ് ഏപ്രിൽ 20ന് അണ്ണാമലൈ സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടിരുന്നു. പിന്നാലെ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് അഴിമതിയിൽ പങ്കുണ്ടെന്ന് പളനിവേൽ ത്യാഗരാജൻ പറയുന്നതിന്റെ ഓഡിയോ ക്ലിപ്പും അണ്ണാമലൈ പുറത്തുവിട്ടു. ഇക്കാര്യങ്ങളെല്ലാം നിഷേധിച്ച പളനിവേൽ ഓഡിയോ ക്ലിപ് കെട്ടിച്ചമച്ചതാണെന്നും തനിക്കും മുഖ്യമന്ത്രിക്കുമിടയിലും ഡിഎംകെയ്ക്കുള്ളിലും ഭിന്നിപ്പ് ഉണ്ടാക്കാനാണ് ബിജെപി ശ്രമമെന്നും ആരോപിച്ചിരുന്നു.