ഇന്ന് മൂന്ന് കൊവിഡ് മരണം, 536 പേർക്ക് കൂടി രോഗം; ആശങ്ക ഒഴിയാതെ തമിഴ്നാട്
വന്ദേ ഭാരത് മിഷനിലൂടെ ചെന്നൈയിൽ മടങ്ങിയെത്തിയ പ്രവാസികളിൽ അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ചെന്നൈ: കൊവിഡ് വൈറസ് പടരുന്ന തമിഴ്നാട്ടിൽ ആശങ്ക തുടരുന്നു. സംസ്ഥാനത്ത് ഇന്ന് മൂന്നുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 81 ആയി. ഇന്നുമാത്രം 536 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിൽ രോഗബാധിതർ 11760 ആയി ഉയര്‍ന്നു. ചെന്നൈയിൽ മാത്രം ഇന്ന് 364 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വന്ദേ ഭാരത് മിഷനിലൂടെ ചെന്നൈയിൽ മടങ്ങിയെത്തിയ പ്രവാസികളിൽ അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
കൂടുതൽ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ തേനി, കന്യാകുമാരി ജില്ലകളിൽ ആശങ്ക ഉയരുകയാണ്. തേനിയിൽ ഇന്ന് 9 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതർ 88 ആയി ഉയര്‍ന്നു. കന്യാകുമാരിയിൽ ഇന്ന് മാത്രം 7 പേർക്കാണ് രോഗം. ഇതോടെ രോഗബാധിതർ 44 ആയി. കോയമ്പത്തൂർ തിരുപ്പൂർ ജില്ലകളിൽ പുതിയ രോഗികൾ ഇല്ലെന്നത് ആശ്വാസകരമാണ്.
അതിനിടെ കേരളവും തമിഴ്നാടും ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിൽ നിന്നുളളവർക്ക് കർണാടക പ്രവേശനവിലക്ക് പ്രഖ്യാപിച്ചു. തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നുളളവർക്കും പ്രവേശന വിലക്കുണ്ടാവും. ഈ സംസ്ഥാനങ്ങളിൽ നിന്നുള്ളവര്‍ക്ക് മെയ് 31 വരെ പുതിയ പാസ് അനുവദിക്കില്ല. നിലവിൽ പാസിന് അപേക്ഷിച്ചവരെ പ്രവേശിപ്പിക്കും.