ഇന്ത്യ തിരയുന്ന കൊടും ഭീകരനടക്കം ഐഎസുകാരെ വധിച്ച് താലിബാൻ

അഫ്ഗാനിസ്ഥാനിൽ 3000ത്തിലധികം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഒളിവിൽ കഴിയുന്നുണ്ടെന്ന് അമേരിക്ക റിപ്പോർട്ട് പുറത്ത് വിട്ടതിന് പിന്നാലെയാണ് താലിബാൻ ഇക്കാര്യം പുറത്ത് വിട്ടത്

Taliban says they killed ISIS Qari fateh kgn

ദില്ലി : ഇസ്ലാമിക് സ്റ്റേറ്റ് അംഗമായ കൊടുംഭീകരനെ വധിച്ചതായി അഫ്ഗാനിലെ താലിബാൻ ഭരണകൂടം. കാബൂളിലെ ഐ എസിന്റെ ഇന്റലിജൻസ് ആൻഡ് ഓപ്പറേഷൻസ് മേധാവി ഖാരി ഫത്തേയെ താലിബാൻ സൈന്യം വധിച്ചതായി അഫ്ഗാൻ സർക്കാർ വക്താവായ സബിനുള്ള മുജാഹിദാണ് അറിയിച്ചത്. കാബൂളിൽ നയതന്ത്ര പ്രതിനിധികളെ അടക്കം ആക്രമിക്കാൻ ഇയാൾ പദ്ധതി തയ്യാറാക്കി വരികയായിരുന്നു.  അടുത്തിടെ കാബൂളിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ ഖാരി ഫത്തേ ആയിരുന്നു എന്നും താലിബാൻ വക്താവ് പറഞ്ഞു.  

ഇജാസ് അഹമദ് അഹനഗർ എന്ന മറ്റൊരു ഭീകരനെയും ഈ മാസമാദ്യം വധിച്ചതായി ഈ വാർത്താക്കുറിപ്പിൽ അഫ്ഗാനിസ്ഥാൻ ഭരണകൂടം പറയുന്നു. ഇയാൾ ഇസ്ലാമി സ്റ്റേറ്റ് ഹിന്ദ് പ്രവിശ്യ എമിർ ആയിരുന്നു. ശ്രീനഗറിൽ ജനിച്ച ഇയാൾക്ക് ഉസ്മാൻ അൽ കശ്മീരി എന്നും പേരുണ്ട്. രണ്ട് പതിറ്റാണ്ടായി ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും തിരയുന്ന ഈ ഭീകരൻ, ഇന്ത്യ തിരയുന്ന കൊടുംഭീകരരിൽ ഒരാളായിരുന്നു. കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇയാളെ ഇന്ത്യ തിരഞ്ഞിരുന്നത്.

കാബൂളിൽ 2020 മാർച്ച് മാസം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട മുഖ്യ സൂത്രധാരൻ അഹനഗറായിരുന്നെന്ന് അഫ്ഗാനിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഇയാൾക്ക് അൽ ഖ്വൈദ അടക്കം ഭീകര സംഘടനകളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇവർ വാർത്താക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. 

ദക്ഷിണേഷ്യൻ രാജ്യമായ അഫ്ഗാനിസ്ഥാനിൽ 3000ത്തിലധികം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഒളിവിൽ കഴിയുന്നുണ്ടെന്ന് അമേരിക്ക റിപ്പോർട്ട് പുറത്ത് വിട്ടതിന് പിന്നാലെയാണ് താലിബാന്റെ ഈ വാദം. നിരവധി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇപ്പോൾ തടവിലാക്കപ്പെട്ടതായും സബിനുള്ള മുജാഹിദ് പറഞ്ഞിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത താലിബാൻ ഭരണകൂടത്തെ അന്താരാഷ്ട്ര സമൂഹം ഇനിയും അംഗീകരിച്ചിട്ടില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios