46 കാരിയുടെ മരണം അസ്വഭാവികമെന്ന് കണ്ടെത്തിയത് പോസ്റ്റ്‍മോർട്ടത്തിൽ; മകൾ അറസ്റ്റിൽ, സ്വത്ത് തർക്കമെന്ന് സൂചന
19 വയസുള്ള രണ്ട് യുവാക്കളുമായി ചേർന്ന് യുവതി ഗൂഡാലോചന നടത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്.
താനെ: നവി മുംബൈയിൽ 46 വയസുകാരിയുടെ അസ്വഭാവിക മരണം അന്വേഷിച്ചെത്തിയ പൊലീസ് സംഘം ഒടുവിൽ അറസ്റ്റ് ചെയ്തത് സ്വന്തം മകളെയും 19 വയസുള്ള രണ്ട് യുവാക്കളെയും. സ്വത്ത് തർക്കത്തിന്റെ പേരിൽ മകൾ അമ്മയെ കൊന്നതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൃത്യം നടത്താൻ രണ്ട് യുവാക്കളുടെ സഹായവും കിട്ടി.
26 വയസുകാരിയായ പ്രണാലി പ്രഹ്ളാദ് നായികും സഹായികളായ വിവേക് ഗണേഷ് പാട്ടിൽ (19), വിശാൽ അമരേഷ് പാണ്ഡേ (19) എന്നിവരും ഞായറാഴ്ചയാണ് അറസ്റ്റിലായത്. പ്രണാലിയുടെ അമ്മ പ്രിയ പ്രഹ്ളാദ് നായികിനെ ഇവർ മൂവരും ചേർന്ന് ശ്വാസംമുട്ടിച്ച് കൊന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
സെപ്റ്റംബർ 13നാണ് പൻവേൽ സ്വദേശിയായ പ്രിയ പ്രഹ്ളാദ് നായിക് മരണപ്പെട്ടത്. പൊലീസ് അപകട മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചപ്പോൾ കൊലപാതകമാണ് നടന്നതെന്ന സൂചനകൾ ലഭിക്കുകയായിരുന്നുവെന്ന് പൻവേൽ രണ്ടാം സോൺ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പ്രശാന്ത് മോഹിത് പറഞ്ഞു. വിശദമായ അന്വേഷണം നടത്തിയപ്പോൾ അമ്മയെ കൊല്ലാൻ പ്രണാലി, രണ്ട് യുവാക്കളുമായി നടത്തിയ ഗൂഡാലോചന വ്യക്തമായി.
മൂവരും ചേർന്ന് 46കാരിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്ന് പിന്നാലെ കണ്ടെത്തിയതായി പൊലീസ് തിങ്കളാഴ്ച പറഞ്ഞു. തുടർന്ന് ഭാരതീയ ന്യായ സംഹിത പ്രകാരം കൊലപാതകം, ക്രിമിനൽ ഗൂഡാലോചന എന്നീ വകുപ്പുകൾ ചുമത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയും മകളും തമ്മിൽ സ്വത്തിനെച്ചൊല്ലിയുള്ള പ്രശ്നങ്ങൾക്ക് പുറമെ മറ്റ് ചില കുടുംബ പ്രശ്നങ്ങളും നിലനിന്നിരുന്നതായി കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം