27 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാം, ഗുജറാത്തിലെ അതിജീവിതയ്ക്ക് സുപ്രീംകോടതിയുടെ അനുമതി
ഇന്നോ നാളെ രാവിലെ ഒൻപത് മണിക്കുള്ളിലോ ഗർഭഛിദ്രത്തിനുള്ള നടപടികൾ സ്വീകരിക്കണം.കുഞ്ഞിനെ ജീവനോടെ പുറത്ത് എടുക്കേണ്ടി വന്നാൽ, ദത്തു നൽകുന്നതു വരെയുള്ള നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം ഗുജറാത്ത് സർക്കാർ ചെയ്യണം
ദില്ലി: ഗുജറാത്തിലെ കോടതികളിൽ എന്താണ് നടക്കുന്നതെന്ന ചോദ്യവുമായി സുപ്രീംകോടതി. രാജ്യത്തെ ഒരു കോടതിക്കും സുപ്രീം കോടതിയെ എതിർത്ത് ഉത്തരവിടാനാകില്ലെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. അതിജീവിതയുടെ ഗർഭഛിദ്രം സംബന്ധിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമർശങ്ങൾ. കഴിഞ്ഞ തവണ ഹർജി പരിഗണിക്കവേ അടിയന്തര സ്വഭാവമുള്ള ഹർജി 12 ദിവസത്തോളം നീട്ടിയ ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമർശിച്ചിരുന്നു.
ഇതിൽ വ്യക്തത വരുത്തി കേസിൽ പൂർണ്ണ ഉത്തരവ് സുപ്രീം കോടതി കേസ് പരിഗണിച്ച ശേഷം ഹൈക്കോടതി പുറത്തറിക്കിയിരുന്നു.ഇതാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. എന്നാൽ ജഡ്ജിക്കെതിരെ മറ്റു നടപടികൾ സ്വീകരിക്കരുതെന്ന് സോളിസിറ്റർ ജനറൽ അഭ്യർത്ഥിച്ചു. തുടർന്ന് കേസിൽ വാദം കേട്ട സുപ്രീം കോടതി അതിജീവിതയ്ക്ക് ഗർഭഛിദ്രം നടത്താൻ അനുമതി നൽകി.
27 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാനാണ് അനുമതി. ഇന്നോ നാളെ രാവിലെ ഒൻപത് മണിക്കുള്ളിലോ ഗർഭഛിദ്രത്തിനുള്ള നടപടികൾ സ്വീകരിക്കണം.കുഞ്ഞിനെ ജീവനോടെ പുറത്ത് എടുക്കേണ്ടി വന്നാൽ എല്ലാ വൈദ്യസംവിധാനങ്ങളും ഉറപ്പാക്കി കുഞ്ഞിനെ ദത്തു നൽകുന്നതു വരെയുള്ള നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം ഗുജറാത്ത് സർക്കാർ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി.