'വീഴ്ചയുണ്ടായി, മരണങ്ങള്‍ കേന്ദ്രത്തിന് നിഷേധിക്കാനാവില്ല'; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
ദില്ലിക്ക് നല്‍കുന്ന ഓക്സിജന്‍റെ കണക്ക് വേണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്ക് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നായിരുന്നു കേന്ദ്രത്തിന്‍റെ പ്രതികരണം
ദില്ലി: കേന്ദ്രത്തിന് എതിരായ ദില്ലി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഓക്സിജന്‍ പ്രതിസന്ധിയില്‍ കേന്ദ്രത്തിന് എതിരെ രൂക്ഷവിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. കേന്ദ്രം പലതും ചെയ്യുന്നുണ്ടെങ്കിലും വീഴ്ചയുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി. ആളുകള്‍ മരിക്കുന്നത് കേന്ദ്രത്തിന് നിഷേധിക്കാനാവില്ലെന്നും ദില്ലിക്ക് നല്‍കുന്ന ഓക്സിജന്‍റെ കണക്ക് വേണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്ക് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നായിരുന്നു കേന്ദ്രത്തിന്‍റെ പ്രതികരണം.
ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്തുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നും, പണി അറിയില്ലെങ്കില്‍ ഐഐടിയെ ചുമതലപ്പടുത്താനും നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് കോടതിയലകഷ്യ നടപടി സ്വീകരിക്കുന്നതിലേക്ക് ദില്ലി ഹൈക്കോടതി നീങ്ങിയത്. കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയതിന് പിന്നാലെ കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായിരിക്കുകയാണ്. 24 മണിക്കൂറിനിടെ 3780 പേരാണ് രാജ്യത്ത് മരിച്ചത്.