കോളേജ് ഹോസ്റ്റലിൽ ബീഫ് പാകം ചെയ്തെന്ന് പരാതി; ഏഴ് വിദ്യാർത്ഥികളെ പുറത്താക്കി, സംഭവം ഒഡീഷയിൽ
ഹോസ്റ്റൽ നിയമങ്ങളും പെരുമാറ്റച്ചട്ടവും ലംഘിച്ചതിനാലാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തതെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.
ഭുവനേശ്വർ: ബീഫ് പാകം ചെയ്തെന്നാരോപിച്ച് വിദ്യാർത്ഥികൾക്കെതിരെ നടപടി. ഒഡീഷയിലെ പരാല മഹാരാജ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ നിന്ന് ഏഴ് വിദ്യാർത്ഥികളെ പുറത്താക്കി. പുറത്താക്കപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾക്ക് 2,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയും അധികൃതരുടെ ആവശ്യപ്രകാരം കോളേജിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു.
സെപ്റ്റംബർ 11ന് രാത്രിയിലാണ് സംഭവം ഉണ്ടായത്. ചില വിദ്യാർത്ഥികൾ ഹോസ്റ്റലിൽ ബീഫ് പാകം ചെയ്തു എന്നാരോപിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ അധികൃതർക്ക് പരാതി നൽകുകയായിരുന്നു. ബീഫ് പാകം ചെയ്തത് പല വിദ്യാർത്ഥികൾക്കും അസ്വസ്ഥത ഉണ്ടാക്കിയെന്നും അതിനാൽ കർശന നടപടി എടുക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. ഇതിന് പിന്നാലെയാണ് ഏഴ് വിദ്യാർത്ഥികളെ പുറത്താക്കിക്കൊണ്ട് കോളേജ് അധികൃതർ ഉത്തറവിറക്കിയത്. ഹോസ്റ്റൽ ചട്ടങ്ങളും സ്ഥാപനത്തിൻ്റെ പെരുമാറ്റച്ചട്ടവും ലംഘിച്ചതിനാലാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തതെന്ന് കോളേജ് അധികൃതർ ഔദ്യോഗിക അറിയിപ്പിലൂടെ വ്യക്തമാക്കി.
വിവാദം ഉയർന്നതിന് പിന്നാലെ ബജ്‌റംഗ്ദളിൻ്റെയും വിശ്വഹിന്ദു പരിഷത്തിൻ്റെയും പ്രവർത്തകർ വിദ്യാർഥികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കോളേജ് സന്ദർശിച്ചത് വിവാദമായിരുന്നു. വിദ്യാർത്ഥികൾ ബീഫ് കഴിച്ചെന്നും കോളേജിലെ മറ്റ് ചില വിദ്യാർത്ഥികൾക്ക് ഇത് വിളമ്പിയെന്നും ചൂണ്ടിക്കാട്ടി വിഎച്ച്പി പ്രവർത്തകർ ഗോപാൽപൂർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തതായാണ് റിപ്പോർട്ട്. അതേസമയം, ഹോസ്റ്റലിൽ ബീഫ് കഴിക്കരുതെന്നോ പാചകം ചെയ്യരുതെന്നോ നിയമാവലിയില്‍ പറഞ്ഞിട്ടില്ലെന്ന വാദവും ശക്തമായി ഉയരുന്നുണ്ട്.