സ്കൂൾ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം, സംഭവം മുംബൈയിൽ
ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് രാവിലെ 7 മണിയ്ക്കാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.
![Student allegedly committed suicide by jumping off the fifth floor of a school in Navi Mumbai Student allegedly committed suicide by jumping off the fifth floor of a school in Navi Mumbai](https://static-gi.asianetnews.com/images/01jk4668a0dm302bnnm0xgmz7r/death_363x203xt.jpg)
മുംബൈ: ഒൻപതാം ക്ലാസ് വിദ്യാർത്ഥി സ്കൂളിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. നവി മുംബൈയിലെ സീവുഡ്സ് മേഖലയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. ക്ലാസുകൾ ആരംഭിക്കാൻ പോകുന്നതിന് മുമ്പ് രാവിലെ 7 മണിയ്ക്കാണ് സംഭവം നടന്നതെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ആത്മഹത്യയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
വിദ്യാർത്ഥി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കുട്ടിയുടെ മാതാപിതാക്കൾ ഞെട്ടലിലാണെന്നും ഇതുവരെ ഒരു മൊഴിയും നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അപകട മരണത്തിന് കേസ് എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ മയൂർ ഭുജ്ബൽ പറഞ്ഞു. അതേസമയം, മുംബൈയിലെ ഭാണ്ഡൂപ്പിൽ 23കാരൻ സ്വയം വെടിയുതിർത്ത് മരിച്ച സംഭവവുമുണ്ടായി. സാഹിൽ ഖുറേഷി എന്നയാളാണ് മരിച്ചത്. തന്റെ മരണത്തിന് ആരും ഉത്തരവാദികളാകരുതെന്ന് പറയുന്ന ഒരു വീഡിയോ പിതാവിന് അയച്ചുകൊടുത്ത ശേഷമായിരുന്നു യുവാവ് വെടിയുതിർത്തത്. കേസിൽ അന്വേഷണം ആരംഭിച്ച പൊലീസ് അപകട മരണത്തിന് കേസെടുത്തു.