1 മണിക്കൂറിൽ തെരുവുനായ ആക്രമിച്ചത് 29 പേരെ, പത്ത് പേർ സ്കൂൾ കുട്ടികൾ, നായയെ തല്ലിക്കൊന്ന് നാട്ടുകാർ
പരിക്കേറ്റവരിൽ 24 പേരുടെ മുറിവ് സാരമുള്ളതാണ്. പരിക്കേറ്റവരിൽ പത്ത് പേർ സ്കൂള്‍ കുട്ടികളാണ്
ചെന്നൈ: ഒരു മണിക്കൂറിനുള്ളില്‍ തെരുവുനായ ഓടിച്ചിട്ട് കടിച്ചത് 29 പേരെ, പിന്നാലെ നാട്ടുകാർ തല്ലിക്കൊന്നു. ചെന്നൈയിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. റോയാപുരം ഭാഗത്താണ് തെരുവുനായ നാട്ടുകാരെ ആക്രമിച്ചത്. തിരക്കേറിയ ജി എ റോഡിലൂടെ പാഞ്ഞു നടന്ന തെരുവുനായ മുന്നിൽ കണ്ടവരേയെല്ലാം ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാർ സംഘടിച്ചെത്തി നായയെ തല്ലിക്കൊന്നത്. റോഡ് സൈഡിൽ കിടന്ന നായ പെട്ടന്ന് ആക്രമണകാരിയാവുകയായിരുന്നുവെന്നാണ് നാട്ടുകാർ വിശദമാക്കുന്നത്.
നായയുടെ ആക്രമണത്തിൽ മിക്ക ആളുകള്‍ക്കും കാലിനാണ് പരിക്കേറ്റത്. കടിക്കുക മാത്രമല്ല കടിച്ച് കുടയാനും നായ ശ്രമിച്ചതായാണ് പരിക്കേറ്റവർ പ്രാദശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. നാട്ടുകാർ തല്ലിക്കൊന്ന നായയെ കോർപ്പറേഷന്‍ അധികൃതർ പോസ്റ്റ് മോർട്ടം ചെയ്യാനായി കൊണ്ടുപോയി. പെട്ടന്ന് ഇത്രയധികം ആളുകളെ ആക്രമിച്ചതിനാല്‍ നായയ്ക്ക് പേവിഷ ബാധയുണ്ടെന്നാണ് സംശയിക്കുന്നതെന്നാണ് കോർപ്പറേഷന്‍ ജീവനക്കാർ വിശദമാക്കുന്നത്.
രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് വരുമെന്ന പ്രതീക്ഷയിലാണ് കോർപ്പറേഷനുള്ളത്. പരിക്കേറ്റവരിൽ 24 പേരുടെ മുറിവ് സാരമുള്ളതാണ്. പരിക്കേറ്റവരിൽ പത്ത് പേർ സ്കൂള്‍ കുട്ടികളാണ്. ഇവരെല്ലാം തന്ന സമീപത്തെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണുള്ളത്. ഉടമസ്ഥന്‍ ഉപേക്ഷിച്ചതെന്ന് കരുതപ്പെടുന്ന നായ ഏറെ നാളുകളായി തെരുവിലുണ്ടെന്നാണ് പ്രദേശവാസികള്‍ പ്രതികരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
തെരുവുനായ ശല്യം കാര്യക്ഷമമായി കൈകാര്യം ചെയ്യാത്തതിൽ പ്രദേശവാസികള്‍ കോർപ്പറേഷനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. വെറ്റിനറി കോളേജിന് സമീപത്തായി വളർത്തുനായകളെ വ്യാപകമായി ഉപേക്ഷിക്കുന്നതും അടുത്തിടെ വർധിച്ചതായാണ് നാട്ടുകാർ വിശദമാക്കുന്നത്. 2022ൽ 16000ത്തോളം തെരുവുനായകളെയാണ് കോർപ്പറേഷന്‍ പിടികൂടി വന്ധ്യംകരിച്ചത്.