കൊവിഡ് 19: ബെംഗളൂരുവിൽ ശ്രീ ശ്രീ രവിശങ്കറിന്‍റെ ആശ്രമം അടക്കം കെയര്‍ സെന്‍ററാക്കും
അതേസമയം, രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവർ എത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി യെദ്യൂരപ്പയുടെ ഓഫീസും, ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന്‍റെ വീടും അണുനശീകരണത്തിനായി അടച്ചിരിക്കുകയാണ്.
ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് ഇൻഡോർ സ്റ്റേഡിയങ്ങളും ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമവും കൊവിഡ് കെയർ സെന്‍ററാക്കാൻ സർക്കാർ തീരുമാനം. ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികൾക്കായി ഇവിടെ കിടക്കകൾ ഒരുക്കും. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അതേസമയം, രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവർ എത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി യെദ്യൂരപ്പയുടെ ഓഫീസും, ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന്‍റെ വീടും അണുനശീകരണത്തിനായി അടച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരിയുടെ ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതോടെയാണ് അണുനശീകരണത്തിനായി ഓഫീസ് അടച്ചിട്ടത്. സമ്പര്‍ക്കപ്പട്ടികയിലുള്ളവർ എത്തിയതിനെ തുടർന്നാണ് ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന്‍റെ വീടു അടച്ച് അണുനശീകരണം നടത്തുന്നത്.
അതിനിടെ ജോലിക്കിടയിൽ രോഗബാധിതനായ ഒരു പൊലീസുകാരന്‍ കൂടി ഇന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ച പൊലീസുകാരുടെ എണ്ണം രണ്ടായി. 36 പൊലീസുകാർക്കാണ് സംസ്ഥാനത്തിതുവരെ രോഗം സ്ഥിരീകരിച്ചത്. 15 പൊലീസ് സ്റ്റേഷനുകൾ അടച്ചു. ബെംഗളൂരുവിലെ കൊവിഡ് കണ്ട്രോൾ റൂമിലുണ്ടായിരുന്ന ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശസ്ത കാന്‍സർ ചികിത്സാ കേന്ദ്രമായ കിഡ്വായ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലുണ്ടായിരുന്ന 28കാരിയും രോഗം സ്ഥിരീകരിച്ചവരിലുൾപ്പെടും. വെള്ളിയാഴ്ച മാത്രം 138 പേർക്കാണ് നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്.