സ്പുട്നിക് വാക്സിന്‍ ഇന്ത്യയിലും; മൂന്നാം ഘട്ട ട്രയലിനായി പരീക്ഷണ വിശദാംശങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറി
കൊവിഡിന് എതിരായ പ്രതിരോധ വാക്സിൻ വിതരണം തുടങ്ങിയെന്ന് റഷ്യ അറിയിച്ചു. ലോകത്ത് പൊതുജനങ്ങൾക്കിടയിൽ നൽകിത്തുടങ്ങിയ ആദ്യ വാക്സിനാണ് ഇത്.
ദില്ലി: സ്പുട്നിക് വാക്സിന്റെ മൂന്നാം ഘട്ട ട്രയൽ ഇന്ത്യയിലും. ഇതുവരെയുള്ള പരീക്ഷണ വിശദാംശങ്ങള്‍ റഷ്യ ഇന്ത്യയ്ക്ക് കൈമാറി. അടുത്ത മാസം മുതല്‍ പരീക്ഷണം തുടങ്ങാനാണ് നീക്കം. ഇന്ത്യ കൂടാതെ സൗദി, യു എ ഇ, ഫിലിപ്പിൻസ്, ബ്രസീൽ എന്നീ രാജ്യങ്ങളും വാക്സിന്റെ പരീക്ഷണം നടത്തും. അതേസമയം, സ്പുട്നിക് വാക്സിൻ വിതരണം തുടങ്ങി. മൂന്നാം ഘട്ട പരീക്ഷണം ബാക്കി നിൽക്കെയാണ് വാക്സിൻ വിതരണം തുടങ്ങിയിരിക്കുന്നത്.
കൊവിഡിന് എതിരായി റഷ്യ വികസിപ്പിച്ച് പ്രതിരോധ വാക്സിൻ വിതരണം തുടങ്ങിയെന്ന് റഷ്യ അറിയിച്ചു. ലോകത്ത് പൊതുജനങ്ങൾക്കിടയിൽ നൽകിത്തുടങ്ങിയ ആദ്യ വാക്സിനാണ് സ്പുട്നിക് 5. മോസ്‌കോയിലെ ഗമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്സിൻ വികസിപ്പിച്ചത്. ഇതോടെ, ലോകത്ത് പൊതുജനങ്ങൾക്ക് കൊവിഡ് വാക്സിൻ നല്‍കിത്തുടങ്ങിയ ആദ്യ രാജ്യമായി റഷ്യ മാറി. സ്പുട്നിക് വി എന്ന വാക്സിന്റെ കൂടുതൽ ശേഖരം വിതരണത്തിന് തയ്യാറായെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് സ്പുട്നിക് 5 ന്‍റെ പരീക്ഷണത്തോട് സഹകരിക്കണമെന്ന് റഷ്യ അഭ്യർത്ഥിച്ചിരുന്നു. റഷ്യൻ തലസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും ഉടൻ തന്നെ വാക്സിൻ നൽകുമെന്ന് മോസ്കോ മേയർ പറഞ്ഞു. റഷ്യക്ക് പുറത്തേക്കുള്ള വാക്സിൻ വിതരണം ഉടൻ തുടങ്ങുമെന്ന് റഷ്യൻ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.