സോണിയയെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് ഇഡി: രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്, നേതാക്കൾ അറസ്റ്റിൽ

ചോദ്യം ചെയ്യല്ലിൽ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തി.. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ അറസ്റ്റ് വരിച്ചു. ദില്ലിയിലും തിരുവനന്തപുരത്തും ട്രെയിൻ തടഞ്ഞും പ്രതിഷേധമുണ്ടായി.

Sonia Gandhis Questioned by ED For Three Hours

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ (National Herald Case) കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ (Sonia Gandhi) ഇഡി ചോദ്യംചെയ്യുന്നു.  ചോദ്യം ചെയ്യല്ലിൽ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തി. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ അറസ്റ്റ് വരിച്ചു. ദില്ലിയിലും തിരുവനന്തപുരത്തും ട്രെയിൻ തടഞ്ഞും പ്രതിഷേധമുണ്ടായി.

ഇന്ന് 12 മണിയോടെയാണ് നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 75 കാരിയായ സോണിയാ ഗാന്ധി ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ചോദ്യം ചെയ്യല്ലിനായി ഹാജരായത്. മൂന്ന് മണിയോടെ ഇന്നത്തെ ചോദ്യംചെയ്യൽ പൂര്‍ത്തിയാക്കി സോണിയ മടങ്ങി. കൊവിഡ് ബാധയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു നേരത്തെ സോണിയ. അവരുടെ ആരോഗ്യനില കൂടി കണക്കിലെടുത്താണ് ചോദ്യം ചെയ്യൽ പെട്ടെന്ന് അവസാനിപ്പിച്ചതെന്ന് ഇഡി വൃത്തങ്ങൾ വിശദീകരിച്ചു. ആവശ്യമെങ്കിൽ ഇനിയും സോണിയയെ സമൻസ് നൽകി വിളിപ്പിക്കുമെന്നും ഇഡി വ്യക്തമാക്കി. 

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഗാന്ധി ഇന്ന് ഇഡി ഓഫീസിൽ എത്തിയത്. സോണിയയെ ഇഡി ചോദ്യം ചെയ്യുമ്പോൾ പ്രിയങ്ക മറ്റൊരു മുറിയിൽ കാത്തിരുന്നു. ഇതേ സമയം ഇഡിയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസിൻ്റെ നേതൃത്വത്തിൽ ദേശവ്യാപക പ്രതിഷേധം നടന്നു. ബാനറുകളും പ്ലക്കാര്‍ഡുകളുമേന്തി കോണ്‍ഗ്രസ് നേതാക്കൾ പാര്‍ലമെൻ്റിലേക്ക് മാര്‍ച്ച് നടത്തി. രാജ്യത്തെ വിവിധ ഭാഗത്തും കോണ്‍ഗ്രസിൻ്റെ പ്രതിഷേധമുണ്ടായി.

ദില്ലിയിൽ  പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളായ പി ചിദംബരം, അജയ് മാക്കൻ, കെ സി വേണുഗോപാൽ, ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, വി കെ ശ്രീകണ്ഠൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, രാജ്മോഹൻ ഉണ്ണിത്താൻ, ആന്റ്റോ ആന്റണി, അധിർ രഞ്ജൻ ചൗധരി, സച്ചിൻ പൈലറ്റ്  തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ദില്ലിയിലെ  കിങ്‌സ് വേ ക്യാമ്പസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. കേരളത്തിൽ നിന്നുള്ള 13 കോണ്‍ഗ്രസ് എംപിമാരാണ് നിലവിൽ കിങ്സ് വേ ക്യാംപസ് പൊലീസ് സ്റ്റേഷനിലുള്ളത്. എത്ര നേരം വേണമെങ്കിലും പൊലീസ് കസ്റ്റഡിയിൽ തുടരാൻ തയ്യാറാണെന്ന് തൃശ്ശൂര്‍ എംപി ടിഎൻ പ്രതാപൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും കിങ്സ് വെ പൊലീസ് ക്യാപസിലേക്ക് എത്തിയിട്ടുണ്ട്. 

ദില്ലിയിലും തിരുവനന്തപുരത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചു. ഗുവാഹത്തിയിൽ കോണ്ഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. രാജസ്ഥാനിലെ ജയ്പ്പൂരിൽ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ബെംഗ്ലൂരുവിലും കോൺഗ്രസ് പ്രതിഷേധത്തിനിടെ രണ്ട് കാറുകൾ കത്തിച്ചു. ഇവിടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ മുതിര്‍ന്ന നേതാവ് ഡി കെ ശിവകുമാർ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദിലും കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ സംഘര്‍ഷാവസ്ഥയുണ്ടായി. പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാറുകൾക്ക് തീയിട്ടു. ഇതേ തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios