ഏറ്റവും കൂടുതൽ കാലം അദ്ധ്യക്ഷ പദവി വഹിച്ച നേതാവ്, സോണിയ പടിയിറങ്ങുമ്പോൾ...
സോണിയ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്കില്ലെന്ന് അറിയിച്ചു. പകരം മൻമോഹൻസിംഗിനെ നിർദ്ദേശിച്ചു. സോണിയ ഗാന്ധിയുടെ ആ പിൻമാറ്റം അവരെ പാർട്ടിയിൽ ശക്തയാക്കി.
ദില്ലി : കോൺഗ്രസിൻറെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അദ്ധ്യക്ഷ പദവിയിൽ ഇരുന്ന ശേഷമാണ് സോണിയ ഗാന്ധി പടിയിറങ്ങുന്നത്. യുപിഎയുടെയും പാർലമെൻറി പാർട്ടിയുടെയും അദ്ധ്യക്ഷ സ്ഥാനം ഇപ്പോഴും വഹിക്കുന്ന സോണിയ ഗാന്ധി പ്രസിഡൻറ് പദവിയില്ലെങ്കിലും അധികാരകേന്ദ്രമായി തുടരാനാണ് സാധ്യത.
2004 ൽ യുപിഎ അധികാരത്തിൽ സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനുള്ള അവസരം ഉണ്ടായിരുന്നു. കോൺഗ്രസിൻറെ നേതാവിനെ അവർക്ക് നിശ്ചയിക്കാം പിന്തുണക്കുമെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി ഹർകിഷൻ സിംഗ് സുർജിത്തും സ്വീകരിച്ച് നിലപാട്. എന്നാൽ സോണിയ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്കില്ലെന്ന് അറിയിച്ചു. പകരം മൻമോഹൻസിംഗിനെ നിർദ്ദേശിച്ചു. സോണിയ ഗാന്ധിയുടെ ആ പിൻമാറ്റം അവരെ പാർട്ടിയിൽ ശക്തയാക്കി. പിന്നീട് പത്തു കൊല്ലം പ്രധാനമന്ത്രിയല്ലെങ്കിലും യുപിഎയെ നിയന്ത്രിച്ചത് സോണിയ ഗാന്ധിയാണ്.
ഇന്ദിരാഗാന്ധിയെ സുരക്ഷ ഉദ്യോഗസ്ഥർ തന്നെ വധിച്ച ദിവസം സോണിയ ഗാന്ധി സഫ്ദർജംഗ് റോഡിലെ വസതിയിൽ ഉണ്ടായിരുന്നു. അന്ന് കൊൽത്തയിലായിരുന്ന മകൻ രാജീവ് ഗാന്ധി തിരികെ എത്തിയപ്പോൾ പ്രധാനമന്ത്രിയുടെ ചുമതല ഏറ്റെടുക്കണമെന്ന് നേതാക്കൾ നിർദ്ദേശിച്ചു. രാജീവ് ഗാന്ധിയെ ആശുപത്രിയിലെ ഒരു മുറിയിലേക്ക് കൊണ്ടു പോയ സോണിയ ഗാന്ധി സ്ഥാനം ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ടു. ഇന്ദിര ഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന പിസി അലക്സാണ്ടർ ഇതിന് സാക്ഷിയാണ്. ഏഴു വർഷങ്ങൾക്ക് ശേഷം രാജീവ് ഗാന്ധിയുടെ ചിത കത്തിയ ഉടൻ കോൺഗ്രസ് അദ്ധ്യക്ഷയാകണമെന്ന് സോണിയ ഗാന്ധിയോട് നേതാക്കൾ നിർദ്ദേശിച്ചു. എന്നാല് അന്ന് രാഷ്ട്രീയത്തിലേക്കില്ലെന്ന് സോണിയ ഗാന്ധി തീർത്തു പറഞ്ഞു.
ഒടുവിൽ 1998 ൽ സോണിയ ഗാന്ധി സമ്മർദ്ദത്തിന് വഴങ്ങി ആ സ്ഥാനം ഏറ്റെടുക്കുമ്പോൾ കോൺഗ്രസ് അധികാരത്തിനു പുറത്തായിരുന്നു. ശരദ് പവാറും പിഎ സാഗ്മയും സോണിയ ഗാന്ധി വിദേശിയാണെന്ന് ചൂണ്ടിക്കാട്ടി എതിർപ്പുയർത്തി പാർട്ടി വിട്ടു. എന്നാൽ പിന്തിരിയാൻ സോണിയ ഗാന്ധി തയ്യാറായില്ല. ബിജെപിയെ നേരിട്ടു. പാർട്ടിയിൽ മുതിർന്ന നേതാക്കളെ കൂടെ നിർത്തിയ അവർ, പ്രാദേശിക പാർട്ടികളെയും ചെറിയ പാർട്ടികളെയും അംഗീകരിക്കാൻ തയ്യാറായി. യുപിഎ സർക്കാർ പത്തു കൊല്ലം അധികാരത്തിലിരിക്കാൻ ആ നീക്കങ്ങളാണ് കോൺഗ്രസിനെ സഹായിച്ചതെന്ന് വ്യക്തമാണ്.
അനാരോഗ്യം അലട്ടിയപ്പോഴും രാഹുൽ ഗാന്ധി അദ്ധ്യക്ഷ പദം ഒഴിഞ്ഞ പ്രതിസന്ധിയിലാണ് സോണിയ ഗാന്ധി വീണ്ടും പദവി ഏറ്റെടുത്തത്. കോൺഗ്രസിന് വലിയ വിജയങ്ങൾ ഉണ്ടായപ്പോഴും ഏറ്റവും കനത്ത തകർച്ചയ്ക്ക് കൂടിയാണ് സോണിയ ഗാന്ധിയുടെ കാലഘട്ടം ഒടുവിൽ സാക്ഷ്യം വഹിച്ചത്. ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം പോലും നഷ്ടമായി. രാഹുൽ ഗാന്ധിക്ക് താക്കോൽ സ്ഥാനം നൽകിയപ്പോൾ ചില യുവ നേതാക്കൾ പുറത്തേക്കേ് പോയി. പാർട്ടിക്ക് ഒറ്റയ്ക്ക് അധികാരമുള്ള സംസ്ഥാനങ്ങളുടെ എണ്ണം രണ്ടായി ചുരുങ്ങി. പ്രസിഡൻറ് പദം ഒഴിയേണ്ടി വന്നെങ്കിലും സോണിയ ഗാന്ധി തല്ക്കാലം പാർട്ടിയിൽ അവസാന വാക്കായി തുടരാൻ തന്നെയാണ് നിലവിൽ സാധ്യത.