കെട്ടിപ്പിടിച്ച് സ്നേഹം പങ്കിട്ടു: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സോണിയാ ഗാന്ധിയും കൂടിക്കാഴ്ച നടത്തി

മൂന്നാം മോദി സ‍ര്‍ക്കാരിൻ്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായാണ് ഷെയ്‌ഖ് ഹസീന ദില്ലിയിലെത്തിയത്

Sonia Gandhi, Rahul, and Priyanka meet Bangladesh PM Sheikh Hasina

ദില്ലി: മൂന്നാം മോദി സ‍ര്‍ക്കാരിൻ്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായി ദില്ലിയിലെത്തിയ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന നെഹ്റു കുടുംബത്തെ സന്ദര്‍ശിച്ചു. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിൽ കണ്ട ഷെയ്ഖ് ഹസീന മൂവരെയും കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ സംസാരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. ബംഗ്ലാദേശിൽ 2009 ൽ വീണ്ടും അധികാരത്തിലേറിയ അവര്‍ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവ് കൂടിയാണ്. 2009 ൽ ഇന്ത്യ ഭരിച്ചിരുന്നത് യുപിഎ സര്‍ക്കാരായിരുന്നു. 2011 ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു.

ഷെയ്ഖ് ഹസീനയുടെ പിതാവ് ഷെയ്ഖ് മുജിബുര്‍ റഹ്മാമായിരുന്നു ബംഗ്ലാദേശിൻ്റെ സ്ഥാപക നേതാവ്. ഇന്ദിരാഗാന്ധിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ആ ബന്ധമാണ് ഷെയ്ഖ് ഹസീനയും സോണിയാ ഗാന്ധിക്കുമിടൽ നിലനിൽക്കുന്നത്. 1971 ലെ ബംഗ്ലാദേശ് യുദ്ധത്തിൽ ഇന്ദിരാ ഗാന്ധിയുടെ ഇടപെടൽ നിര്‍ണായകമായിരുന്നു. ഇതിലൂടെയാണ് പാക്കിസ്ഥാന്റെ ഭാഗമായിരുന്ന ബംഗ്ലാദേശ് പിന്നീട് സ്വതന്ത്ര രാജ്യമായി മാറിയത്. ശനിയാഴ്ചയാണ് ഷെയ്ഖ് ഹസീന ദില്ലിയിലെത്തിയത്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു, നേപ്പാൽ പ്രധാനമന്ത്രി പ്രചണ്ഡ, ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗ എന്നിവരും ഇന്നലെ നടന്ന സത്യപ്രതിജ്ഞയിൽ പങ്കെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios