ഖർഗെക്ക് ആശംസകളുമായി നേതാക്കൾ, വസതിയിലെത്തി സോണിയയും പ്രിയങ്കയും തരൂരും

ഗാന്ധി കുടുംബത്തിന്‍റെ റിമോട്ട് കണ്‍ട്രോളാകാതെ കോൺഗ്രസിനെ നിയന്ത്രിക്കാനും പ്രവര്‍ത്തിക്കാനും കഴിയുമോയെന്നത് തന്നെയാണ് ഖര്‍ഗെ നേരിടുന്ന പ്രധാന വെല്ലുവിളി. 

sonia gandhi and priyanka gandhi visit mallikarjun kharge after his victory as aicc president

ദില്ലി :  കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖർഗെക്ക് ആശംസകളുമായി മുതിർന്ന നേതാക്കൾ. ദില്ലിയിലെ ഖർഗെയുടെ വസതിയിലെത്തിയ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മകളും ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും ഖർഗേക്ക് ആശംസകൾ അറിയിച്ചു. എതിർ സ്ഥാനാർത്ഥിയായിരുന്ന ശശി തരൂരും ഖർഗെയെ വസതിയിലെത്തി അഭിനന്ദിച്ചു.

ഖർഗെയുടെ താഴേ തട്ടിൽ പ്രവർത്തിച്ചുള്ള പരിചയം, ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് കരുതുന്നതായി പ്രിയങ്ക ട്വീറ്റ് ചെയ്തു. ജനാധിപത്യത്തെയും ഭരണ ഘടനെയും സംരക്ഷിക്കാനുള്ള കേൺഗ്രസിന്റെ ശ്രമം ഖർകെയുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുമെന്നും പ്രിയങ്ക വിശദീകരിച്ചു. 

കോൺഗ്രസ് പാർട്ടിയിൽ അന്തിമാധികാരം അധ്യക്ഷനായിരിക്കുമെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കി.കോൺഗ്രസിന്റെ പുതിയ തീരുമാനങ്ങൾ പുതിയ അധ്യക്ഷന്റേതായിരിക്കും. അതിൽ തന്റെ അഭിപ്രായങ്ങൾ ഉണ്ടാകില്ല. തന്റെ പ്രവർത്തന മണ്ഡലം പുതിയ അധ്യക്ഷൻ തീരുമാനിക്കുമെന്നും രാഹുൽ പറഞ്ഞു. ജയറാം രമേശ് അടക്കമുളള മുതിർന്ന നേതാക്കളും ഖർഗെയെ അഭിനന്ദിച്ചു. ഖർഗേയുടെ നേത്യത്വത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയം നേടുമെന്ന് സച്ചിൻ പൈലറ്റ് പ്രതികരിച്ചു. ഇത്തരമൊരു തെരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

sonia gandhi and priyanka gandhi visit mallikarjun kharge after his victory as aicc president

7897 വോട്ട് നേടിയാണ് മല്ലികാർജുൻ ഖർഗെ കോൺഗ്രസ് അധ്യക്ഷനായത്.  എതിർസ്ഥാനാർത്ഥിയായ ശശി തരൂർ 1072 വോട്ട് നേടി കരുത്ത് കാട്ടിയെന്നതും ശ്രദ്ധേയമാണ്. കാൽ നൂറ്റാണ്ടിന് ശേഷമാണ്, ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നും ഒരാൾ പ്രസിഡന്‍റ് സ്ഥാനത്തേക്ക്  എത്തുന്നതെന്നത് ശ്രദ്ധേയമാണ്. 

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാര്‍ട്ടിയുടെ അമരത്തെത്തുത്തുന്ന മല്ലികാര്‍ജ്ജുന്‍ ഖർഗെയ്ക്ക് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. ഗാന്ധി കുടുംബത്തിന്‍റെ റിമോട്ട് കണ്‍ട്രോളാകാതെ കോൺഗ്രസിനെ നിയന്ത്രിക്കാനും പ്രവര്‍ത്തിക്കാനും കഴിയുമോയെന്നത് തന്നെയാണ് ഖര്‍ഗെ നേരിടുന്ന പ്രധാന വെല്ലുവിളി. 

കര്‍ണ്ണാടകത്തിലെ കല്‍ബുര്‍ഗിയില്‍ ദളിത് കുടുംബത്തില്‍ ജനിച്ച ഖര്‍ഗെ ബിഎയും പിന്നീട് നിയമ ബിരുദവും നേടിയാണ് പൊതുരംഗത്തേക്ക് വന്നത്. 1969 ല്‍ ഇരുപത്തിയേഴാം വയസില്‍ കല്‍ബുര്‍ഗി ടൗണ്‍ കോണ്‍ഗ്രസ് അധ്യക്ഷനായതോടെ സജീവ രാഷ്ട്രീയത്തിലെത്തി. 1972 ൽ ഗുര്‍മീത് കല്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് കന്നി വിജയം നേടി. ആ വിജയം എട്ട് തവണ ആവര്‍ത്തിച്ചു. പാര്‍ട്ടി പിളര്‍പ്പില്‍ ഇന്ദിര പക്ഷത്തിനൊപ്പം ഉറച്ച് നിന്ന് വിശ്വസ്തത തെളിയിച്ചു. രണ്ടാം യുപിഎ സര്‍ക്കാരില്‍ മന്ത്രി പദവി നല്‍കി ഖര്‍ഗെയെ ദേശീയ തലത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തിച്ചു. ലോക്സഭയിലും, രാജ്യസഭയിലും പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ മുന്‍പില്‍ നിര്‍ത്തി. ആദ്യ നരേന്ദ്ര മോദി സർക്കാരിൻറെ കാലത്ത് ലോക്സഭയിൽ പ്രതിപക്ഷത്തിൻറെ ശബ്ദമായി ഖർഗെ മാറി. അംഗബലത്തിന്‍റെ പകിട്ടില്ലാതെ പോലും മോദിയുടെ കടുത്ത വിമര്‍ശകനായി.

എണ്‍പതാം വയസില്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഖര്‍ഗെയെത്തുമ്പോള്‍ മുന്‍പിലുള്ള വെല്ലുവിളികള്‍ ചെറുതല്ല. ഗുജറാത്ത്, ഹിമാചല്‍ നിയമസഭ തെരഞ്ഞെടുപ്പുകളും ആടിയുലഞ്ഞു നില്‍ക്കുന്ന രാജസ്ഥാന്‍റെയും ഛത്തീസ് ഘട്ടിന്‍റെയും ഭാവിയും ഖർഗെക്ക് മുന്നിലാണ്. ഒന്നര വര്‍ഷത്തിനപ്പുറമുള്ള ലോക്സഭ തെരഞ്ഞെടുപ്പെത്തുമ്പോൾ കഴിഞ്ഞ രണ്ട് തവണത്തെ തോല്‍വിയോടെ നഷ്ടപ്പെട്ട ആത്മ വിശ്വാസം വീണ്ടെടുക്കാന്‍ കഴിയുമോയെന്നത് തന്നെയാണ് പ്രധാന ചോദ്യം. തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സഖ്യ രൂപീകരണ ചര്‍ച്ചകളിലും മികവ് പ്രകടമാകേണ്ടതുണ്ട്. ഗാന്ധി കുടുംബത്തിന്റെ റിമോട്ട് കണ്‍ട്രോളാകുമോയെന്നതിനെ ആശ്രയിച്ചായിരിക്കും ജഗ് ജീവന്‍ റാമിന് ശേഷം ദളിത് വിഭാഗത്തില്‍ നിന്ന് പ്രസി‍ഡന്‍റാകുന്ന ഖര്‍ഗെയുടെ കാലഘട്ടത്തെ ചരിത്രം അടയാളപ്പെടുത്തുക


 

Latest Videos
Follow Us:
Download App:
  • android
  • ios