അമ്മ ദുബായിക്ക് പോയി, എത്തിയത് പാകിസ്ഥാനിൽ; 20 വർഷം തടങ്കൽ-തെരുവ് ജീവിതം, യൂട്യൂബിൽ മകൾ കണ്ടെത്തി, അത്ഭുതകരം!
യാത്രാ രേഖകളെല്ലാം കൊണ്ടുവന്നവർ തന്നെ നശിപ്പിച്ചു. രഹസ്യകേന്ദ്രത്തിൽ തടങ്കലിലാക്കി. മനുഷ്യക്കടത്ത് സംഘത്തിന്‍റെ കൈകളിലാണ് താനെന്ന് വൈകിയാണ് മനസിലായത്. ഇരുട്ടുമുറിയിൽ ഒരു തമിഴ് സ്ത്രീ കൂടി ഉണ്ടായിരുന്നു
മുംബൈ: ഇനിയൊരിക്കലും കാണില്ലെന്ന് കരുതിയതാണ്. അമ്മയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചതുമാണ്. പ്രതീക്ഷകളെല്ലാം അണഞ്ഞ് തുടങ്ങിയ നേരത്താണ് അത്ഭുതം പോലെ ആ വിവരം വരുന്നത്. അമ്മ പാക്കിസ്ഥാനിലുണ്ട്!
പോയത് ദുബായിലേക്ക് എത്തിയത് പാക്കിസ്ഥാനിൽ
ദാരിദ്ര്യം മാറ്റാൻ നേരത്തെയും പലവട്ടം ഹമീദ ഗൾഫ് രാജ്യങ്ങളിൽ വീട്ട് ജോലിക്ക് പോയിട്ടുണ്ട്. തൊണ്ണൂറുകളിലായിരുന്നു അത്. മദ്യപിച്ച് ലക്ക് കെട്ട് നടന്നിരുന്ന ഭർത്താവിൽ നിന്ന് സഹായമൊന്നുമില്ലാതിരുന്ന നാളുകൾ. എല്ലാം മതിയാക്കി ഒരിക്കൽ നാട്ടിലേക്ക് മടങ്ങിയതാണ്. രണ്ട് പെൺമക്കളെ കെട്ടിച്ച് വിട്ടു. 2002ൽ ഇളയമകന്‍റെ വിവാഹം അടുത്തതോടെ വീണ്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ. സ്വന്തമായി ഒരു വീടും വേണം. അങ്ങനെയാണ് ഒരു ഏജന്‍റിനെ പരിചയപ്പെടുന്നത്. ഒരിക്കൽ കൂടെ ദുബായിൽ പോവാം. പണം ഏറെകിട്ടും. അത് വിശ്വസിച്ച് വിമാനം കയറി. പക്ഷെ എത്തിപ്പെട്ടത് പാക്കിസ്ഥാനിൽ. യാത്രാ രേഖകളെല്ലാം കൊണ്ടുവന്നവർ തന്നെ നശിപ്പിച്ചു. രഹസ്യകേന്ദ്രത്തിൽ തടങ്കലിലാക്കി. മനുഷ്യക്കടത്ത് സംഘത്തിന്‍റെ കൈകളിലാണ് താനെന്ന് വൈകിയാണ് മനസിലായത്. ഇരുട്ടുമുറിയിൽ ഒരു തമിഴ് സ്ത്രീ കൂടി ഉണ്ടായിരുന്നു. ഇരുവരും രക്ഷപ്പെടാൻ തീരുമാനിച്ചു. ക്രിമിനൽ സംഘത്തിന്‍റെ കണ്ണ് വെട്ടിച്ച് അവിടെ നിന്ന് ഇറങ്ങിയോടി. കറാച്ചിയിലെത്തി. തെരുവിൽ കിടന്നു. ഭിക്ഷയാചിച്ചു. നാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊന്നും തെളിയാതായതോടെ വിധിയെ പഴിച്ച് കഴിയാൻ തീരുമാനിച്ചു. തെരുവുകച്ചവടം തുടങ്ങി. തെരുവിൽ നിന്ന് പരിചയപ്പെട്ടയാൾ ജീവിതത്തിലേക്ക് ക്ഷണിച്ചു. 2010ൽ അയാളെ വിവാഹം ചെയ്തു. അദ്ദേഹത്തിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ മൂത്തമകനാണ് ബാനുവിനെ നോക്കുന്നത്.
യൂട്യൂബർമാർ വഴികാട്ടിയപ്പോൾ
ഹമീദയെക്കുറിച്ചറിഞ്ഞ പാക്കിസ്ഥാൻ യൂട്യൂബർ വാലില്ല മറൂഫ് ഒരു വീഡിയോ ചെയ്തു. മുൻപും മനുഷ്യക്കടത്തുകാരുടെ കയ്യിൽപെട്ട് സ്ത്രീകളെ സ്വദേശത്തെത്തിക്കാൻ ഇടപെട്ടിട്ടുള്ള ആളാണ് ഈ യൂട്യൂബർ. ഈ വീഡിയോ ശ്രദ്ധയിൽപെട്ട മുംബൈയിലെ യൂട്യൂബർ സബ്സ്ക്രൈബർമാരുടെ സഹായം തേടി. അന്വേഷണത്തിനൊടുവിലാണ് കുർളയിലെ ചേരിപ്രദേശത്ത് കുടുംബത്തെ കണ്ടെത്തിയത്. അമ്മയെ കാത്തിരിക്കുകയാണ് മകൾ യശ്മീൻ.
വീഡിയോ കോളിൽ സംസാരിച്ചു
ഞങ്ങളെത്തുമ്പോൾ മകൾ യശ്മീനും ഹമീദയുടെ സഹോദരിയുമാണ് കുർളയിലെ കുഞ്ഞ് വീട്ടിൽ ഉണ്ടായിരുന്നത്. അമ്മയുടെ ഒരു പഴയ ഫോട്ടോ യശ്മീൻ ഞങ്ങളെ കാണിച്ചു. പണ്ടൊരിക്കൽ ഗൾഫിൽ പോയപ്പോൾ എടുത്ത ഒരു ഹെൽത്ത് കാർഡും കയ്യിലുണ്ട്. വീഡിയോകോളിൽ അമ്മയെ നേരിൽ കണ്ടത് ആവേശത്തോടെ അവർ പറഞ്ഞു. രണ്ട് തവണ വീഡിയോ കോളിൽ സംസാരിച്ചു. രൂപമൊക്കെ അൽപം മാറിയിട്ടുണ്ട്. പ്രായമായില്ലേ..പക്ഷെ എല്ലാവരെയും അമ്മയ്ക്ക് ഓർമയുണ്ട്. ആൺമക്കളെ തിരക്കി. അവർ കർണാടകയിൽ ജോലിക്ക് പോയതാണ്. സംസാരിക്കവേ അമ്മ കരഞ്ഞുപോയി. ഞങ്ങളും കരഞ്ഞു. ഇനിയൊരിക്കലും കാണുമെന്ന് കരുതിയതല്ല. ഗൾഫിലെല്ലാം അന്വേഷിച്ചതാണ്. എവിടെ പോയെന്ന് അറിയാതെ എത്ര വിഷമിച്ചെന്നോ.അമ്മ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞത് തന്നെ ഒത്തിരി സന്തോഷം.
കറാച്ചിയിൽ നിന്ന് കുർളയിലേക്കുള്ള ദൂരമേറെ
പാസ്പോർട്ടോ മറ്റ് രേഖകളോ ഹമീദയുടെ കൈവശമില്ല. നാട്ടിലേക്ക് വരണമെങ്കിൽ എംബസിയുടെ പ്രത്യേക ഇടപെടൽ വേണം. വിദേശ കാര്യമന്ത്രാലയത്തെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. പ്രത്യേക ഇളവ് കിട്ടിയാലേ മടക്കം നടക്കൂ. മാധ്യമങ്ങളിൽ വാർത്തയായെങ്കിലും ജനപ്രതിനിധികളൊന്നും ഇതുവരെ സഹായത്തിനെത്തിയിട്ടില്ലെന്ന് യശ്മീൻ പറയുന്നു. സുരക്ഷിതമായ കേന്ദ്രത്തിലാണ് അമ്മയെന്നതാണ് ഇപ്പോഴത്തെ ആശ്വാസം. വേഗത്തിൽ നടപടികൾ പൂർത്തിയാക്കി അമ്മ തിരികെ എത്തുന്നതിനായി കാത്തിരിക്കുന്നു.