പ്രായപൂർത്തിയാകാത്ത മകൻ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളുമായി ബിജെപി അനുയായി, പ്രിസൈഡിംഗ് ഓഫീസറിനെതിരെ നടപടി, കേസ്
14 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ വൈറലായതോടെയാണ് കള്ള വോട്ട് വിവരം പുറത്തറിയുന്നത്. മധ്യപ്രദേശിലെ ഭോപ്പാലിലെ ബേസരിയായിൽ മെയ് 7നായിരുന്നു സംഭവം
ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത മകൻ വോട്ട് ചെയ്യുന്നതിന്റെ വീഡിയോയുമായി ബിജെപി പ്രവർത്തകൻ. കേസ് എടുത്ത് പൊലീസ്. പിന്നാലെ പ്രിസൈഡിംഗ് ഓഫീസറിന് സസ്പെൻഷൻ. 14 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ വൈറലായതോടെയാണ് കള്ള വോട്ട് വിവരം പുറത്തറിയുന്നത്. മധ്യപ്രദേശിലെ ഭോപ്പാലിലെ ബേസരിയായിൽ മെയ് 7നായിരുന്നു സംഭവമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
ബേസരിയാ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറായ സന്ദീപ് സാനിയെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി ജില്ലാ കളക്ടർ കൌശലേന്ദ്ര വിക്രം സിംഗ് വിശദമാക്കി. ബിജെപി ജില്ലാ പഞ്ചായത്ത് മെമ്പർ അടക്കമുള്ളവരാണ് വൈറലായ വീഡിയോയിലുള്ളത്. 14 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ കോൺഗ്രസ് കമൽ നാഥിന്റെ ഉപദേഷ്ടാവാണ് ചർച്ചയാക്കിയത്. താമര ചിഹ്നത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി വോട്ട് രേഖപ്പെടുത്തുന്നതും വിവിപാറ്റിന്റെ ദൃശ്യങ്ങളുമാണ് പുറത്ത് വന്ന വീഡിയോയിൽ കാണുന്നത്.
എങ്ങനെയാണ് പ്രായപൂർത്തിയാകാത്ത ആൾ വോട്ട് ചെയ്തതെന്നും മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യമെടുത്തതിലുമാണ് അന്വേഷണം നടക്കുന്നതെന്നാണ് അധികൃതരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. സംഭവം ബിജെപിയെ ആക്രമിക്കാനുള്ള ശക്തമായ ആയുധമായി മാറ്റുകയാണ് കോൺഗ്രസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം