മൂന്നാം നിലയിൽ നിന്ന് സ്റ്റെയർകേസ് കൈവരിയിലൂടെ നിരങ്ങിയിറങ്ങാൻ ശ്രമം, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
താഴെയിറങ്ങാനുള്ള സഹപാഠികളുടെ ആവശ്യം അവഗണിച്ച് സാഹസികത കാണിക്കുന്നതിനിടെയാണ് വിദ്യാർത്ഥി താഴെ വീണത്. താഴേയ്ക്ക് വീണ് തലയ്ക്ക് പരിക്കേറ്റാണ് ദാരുണാന്ത്യം
പൂനെ: സ്കൂളിലെ സ്റ്റെയർ കേസിലൂടെ നിരങ്ങിയിറങ്ങിയ എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം. മൂന്നാം നിലയിൽ നിന്ന് സ്റ്റെയർകേസിന്റെ കൈവരിയിലൂടെ ഊർന്നിറങ്ങാനുള്ള ശ്രമത്തിനിടയിൽ ബാലൻസ് തെറ്റി വീണാണ് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ചിഞ്ച്വാടിലെ സ്കൂളിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സാർത്ഥക് കാബ്ലെ എന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ചത്.
ഹൂത്തമ ചാപേകർ സ്കൂളിലെ വിദ്യാർത്ഥിയാണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിലെ മൂന്നാം നിലയിൽ നിന്നാണ് വിദ്യാർത്ഥി സ്റ്റെയർകേസിലൂടെ നിരങ്ങിയിറങ്ങാൻ ശ്രമിച്ചത്. താഴെയിറങ്ങാനുള്ള സഹപാഠികളുടെ ആവശ്യം അവഗണിച്ച് സാഹസികത കാണിക്കുന്നതിനിടെയാണ് വിദ്യാർത്ഥി താഴെ വീണത്. താഴേയ്ക്ക് വീണ് തലയ്ക്ക് പരിക്കേറ്റാണ് ദാരുണാന്ത്യം. അധ്യാപകർ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു.
സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂളിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കാനും സ്കൂൾ അധികൃതർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തിന് അടിയന്തരമായി 5 ലര്ഷം രൂപ നൽകണമെന്ന് സർക്കാരിനോട് വിദ്യാഭ്യാസ കമ്മീഷണർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം