കൊവിഡിന് നടുവിൽ ബംഗാൾ ആറാം ഘട്ട വോട്ടെടുപ്പ്, ആദ്യമണിക്കൂറിൽ 11% പോളിംഗ്

തൃണമൂൽ കോൺഗ്രസിന്‍റെ നേതാവ് ഡെറക് ഒബ്രയനും കോൺഗ്രസിന്‍റെ അധിർ രഞ്‍ജൻ ചൗധരിയും തെരഞ്ഞെടുപ്പിന്‍റെ ഇനിയുള്ള രണ്ട് ഘട്ടങ്ങൾ ഒന്നിച്ചാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആവശ്യം തള്ളി. 

sixth phase of polls in west bengal begins

കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമസഭാതെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ടം തുടങ്ങി. കൊവിഡ് അതിതീവ്രവ്യാപനം തുടരുമ്പോഴാണ് ആറാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യമായി ഇന്നലെ പശ്ചിമബംഗാളിൽ പ്രതിദിനരോഗികളുടെ എണ്ണം പതിനായിരം കടന്നിരുന്നു. ഇന്നലെ മാത്രം 10,748 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാല് ജില്ലകളിലായി 43 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 

തൃണമൂൽ കോൺഗ്രസിന്‍റെ നേതാവ് ഡെറക് ഒബ്രയനും കോൺഗ്രസിന്‍റെ അധിർ രഞ്‍ജൻ ചൗധരിയും തെരഞ്ഞെടുപ്പിന്‍റെ ഇനിയുള്ള രണ്ട് ഘട്ടങ്ങൾ ഒന്നിച്ചാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആവശ്യം തള്ളി. 

നോർത്ത് 24 പർഗാനാസ് ജില്ലയിലെ 17 മണ്ഡലങ്ങളും, നാദിയയിലെ 9 മണ്ഡലങ്ങളും ഉത്തർദിനാജ്പൂരിലെ ഒമ്പതും പൂർബ ബർദ്ധമാൻ ജില്ലയിലെ എട്ടും മണ്ഡലങ്ങളും ഇന്ന് വിധിയെഴുതുന്നു. തൃണമൂലിൽ നിന്ന് ആദ്യമേ ബിജെപിയിലെത്തിയ, പഴയ മമതയുടെ വിശ്വസ്തൻ മുകുൾ റോയി മത്സരിക്കുന്ന മണ്ഡലം അടക്കം ഇന്ന് പോളിംഗ് ബൂത്തിലെത്തുകയാണ്. 

തൃണമൂലിനും ബിജെപിക്കും നിർണായകമാണ് ഇന്ന് നടക്കുന്ന വോട്ടെടുപ്പ്. സിപിഎമ്മും, കോൺഗ്രസും നേതൃത്വം നൽകുന്ന ചെറുപാർട്ടികളുടെ സംയുക്തസഖ്യത്തിന്‍റെ ചില പോക്കറ്റുകളും ഇന്ന് പോളിംഗ് ബൂത്തിലെത്തും. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ഈ 43 സീറ്റുകളാണ് ബിജെപിക്ക് 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ വോട്ട് ശതമാനം നേടിക്കൊടുത്തത്. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും 10 ശതമാനം മാത്രമായിരുന്നു ഇവിടെ ബിജെപിയുടെ വോട്ട് ശതമാനമെങ്കിൽ 2019 അത് 41 ശതമാനമാക്കി ഉയർത്തി ബിജെപി. 2016-ൽ 43-ൽ 32 സീറ്റുകളും തൃണമൂലാണ് നേടിയത്. 2019-ൽ 24 മണ്ഡലങ്ങളിൽ മാത്രമാണ് തൃണമൂലിന് ലീഡ് നിലനിർത്താൻ കഴിഞ്ഞത്. 2016-ൽ ഒരു സീറ്റ് പോലും കിട്ടാതിരുന്ന ബിജെപിയാകട്ടെ, 2019-ൽ ഇവിടെ 19 മണ്ഡലങ്ങളിൽ ലീഡ് നേടി. 

കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് മൂന്ന് തെരഞ്ഞെടുപ്പ് യോഗങ്ങളിലാണ് പങ്കെടുക്കുന്നത്. ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് ഇന്ന് നാല് റോഡ് ഷോകൾ നടത്തും. ബിജെപിയിലെത്തിയ, മമതയുടെ പഴയ വിശ്വസ്തൻ സുവേന്ദു അധികാരി ഇന്ന് കൊൽക്കത്തയിൽ മൂന്ന് റോഡ് ഷോകളാണ് നടത്തുന്നത്. കൊവിഡ് ബാധ ഏറ്റവും രൂക്ഷമായ സംസ്ഥാനതലസ്ഥാനത്ത് പോലും റോഡ് ഷോകളും തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളും തുടരുന്നത് രോഗവ്യാപനം പിടിച്ചുകെട്ടുന്നതിൽ വലിയ വെല്ലുവിളിയാണ്. മുഖ്യമന്ത്രി മമതാ ബാനർജി നാല് പൊതുപരിപാടികളാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പൊതുപരിപാടികൾ പലതും മമത വെട്ടിക്കുറച്ചിരുന്നു. സിപിഎമ്മും കോൺഗ്രസും പ്രചാരണപരിപാടികളിൽ പരമാവധി ആൾക്കൂട്ടം കുറയ്ക്കുമെന്നാണ് പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധി കൊൽക്കത്തയിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയിരുന്നു. അദ്ദേഹം ഇന്നലെ കൊവിഡ് പോസിറ്റീവ് ആവുകയും ചെയ്തു.

Latest Videos
Follow Us:
Download App:
  • android
  • ios