മഹാരാഷ്ട്രയിൽ വീണ്ടും ബിജെപിയോട് അടുക്കാൻ ഉദ്ധവ് താക്കറെ? ഫഡ്നാവിസിനെ പുകഴ്ത്തി ശിവസേന (യുബിടി) മുഖപത്രം

സംസ്ഥാനത്ത് നക്‌സലൈറ്റുകളെ ഇല്ലാതാക്കാൻ ശ്രമിച്ചതിന് ഫഡ്നാവിസിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുള്ള മുഖപ്രസം​ഗമാണ് സാമ്നയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

Shiv Sena UBT mouthpiece Saamana praised Maharashtra Chief Minister Devendra Fadnavis

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം അധികാരം പിടിച്ചതിന് പിന്നാലെ ബിജെപിയോട് അടുക്കാൻ ഉദ്ധവ് താക്കറെ ശ്രമിക്കുന്നതായി സൂചന. ഇതിന്റെ ഭാ​ഗമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനെ പ്രശംസിച്ചു കൊണ്ട് ശിവസേനയുടെ (യുബിടി) മുഖപത്രമായ സാമ്നയിൽ മുഖപ്രസം​ഗം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. 

സംസ്ഥാനത്ത് നക്‌സലൈറ്റുകളെ ഇല്ലാതാക്കാൻ ശ്രമിച്ചതിന് ഫഡ്നാവിസിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുള്ള മുഖപ്രസം​ഗമാണ് സാമ്നയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഛത്തീസ്ഗഢുമായി അതിർത്തി പങ്കിടുന്ന ഗഡ്ചിരോളിയിലെ നക്‌സലൈറ്റുകളുടെ പ്രവർത്തനങ്ങൾ ഇല്ലാതാക്കാനുള്ള ഫഡ്‌നാവിസിൻ്റെ ശ്രമങ്ങളെ പുകഴ്ത്തിയാണ് മുഖപ്രസം​ഗം എത്തിയിരിക്കുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസ് ഗഡ്ചിരോളിയിൽ നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു, പുരോഗതിയുടെ ഒരു പുതിയ യുഗം തന്നെ പ്രഖ്യാപിച്ചു. ഈ നടപടി ഗഡ്ചിരോളിയെ മാത്രമല്ല, മഹാരാഷ്ട്രയ്ക്ക് മുഴുവൻ ഗുണപരമായി മാറും. ഫഡ്നാവിസിന്റെ ഇത്തരം സംരംഭങ്ങൾ ജനങ്ങളുടെ ജീവിതത്തെ, പ്രത്യേകിച്ച് ആദിവാസി വിഭാ​ഗങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷയെന്നും സാമ്ന വ്യക്തമാക്കി. 

ദിവസങ്ങൾക്ക് മുമ്പ് നക്സൽ ബാധിത മേഖലയായ ഗഡ്ചിരോളിയിൽ ഫഡ്നാവിസ് സന്ദർശനം നടത്തിയിരുന്നു. ഫഡ്നാവിസിന്റെ ആദ്യ സന്ദർശന വേളയ്ക്കിടെ 11 നക്സലൈറ്റുകളാണ് കീഴടങ്ങിയത്. ഇതോടെ മഹാരാഷ്ട്രയിൽ നിന്ന് നക്സലിസം ഉടൻ തന്നെ ഉന്മൂലനം ചെയ്യപ്പെടുമെന്ന് ഫഡ്നാവിസ് പറഞ്ഞിരുന്നു. നിലവിലെ ഉപമുഖ്യമന്ത്രിയായ ഏക്‌നാഥ് ഷിൻഡെയ്ക്ക് സാമ്ന മുഖപ്രസം​ഗത്തിൽ വിമർശനമുണ്ടെന്നതും ശ്രദ്ധേയമാണ്. അതേസമയം, ഫഡ്‌നാവിസിൻ്റെ നല്ല പ്രവൃത്തി സാമ്‌ന ശ്രദ്ധിച്ചതിൽ സന്തോഷമുണ്ടെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് ബവൻകുലെ പ്രതികരിച്ചു. 

READ MORE: ഇത്രയും ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിച്ച സര്‍ക്കാര്‍ രാജ്യത്ത് വേറെയില്ല: മന്ത്രി സജി ചെറിയാൻ

Latest Videos
Follow Us:
Download App:
  • android
  • ios