'റഷ്യയ്ക്ക് കൊവിഡ് വാക്സിനുണ്ട് ഇന്ത്യക്ക് ഭാഭിജി പപ്പടവും'; കേന്ദ്രത്തിനെതിരെ ശിവസേന
ആയുര്‍വേദത്തിലൂടെ കൊവിഡിനെതിരെ തുരത്താം എന്ന് അവകാശപ്പെട്ട ആയുഷ് മന്ത്രി കൊവിഡ് ബാധിതനായി. അദ്ദേഹത്തിന്‍റെ തന്നെ മരുന്നുകള്‍ കൊവിഡിനെതിരെ ഫലം ചെയ്തില്ല. കൊവിഡിനെ തുരത്താന്‍ ഭാഭിജി പപ്പടവുമായി എത്തിയ കേന്ദ്രമന്ത്രി അര്‍ജുന്‍ മേഗ്വാളിനും കൊവിഡ് ബാധിച്ചു. ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെയാണ് അദ്ദേഹം ആശ്രയിച്ചത്.
മുംബൈ : കൊവിഡ് മഹാമാരിക്കെതിരായ വാക്സിന്‍ കണ്ടെത്തിയ റഷ്യയെ അഭിനന്ദിച്ചും ബിജെപി സര്‍ക്കാരിനെ പരിഹസിച്ചും ശിവസേന. കൊവിഡ് ഭേദമാക്കാന്‍ അടിസ്ഥാനരഹിതമായ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ച ബിജെപി മന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ചാണ് ശിവസേനയുടെ പരിഹാസം. ശിവസേനമുഖപത്രമായ സാമ്നയിലെ എക്സിക്യുട്ടീവ് എഡിറ്റവും എംപിയുമായ സഞ്ജയ് റാവത്തിന്‍റെ കോളത്തിലാണ് രൂക്ഷമായ പരിഹാസം.
ഇന്ത്യയ്ക്ക് റഷ്യയിലേത് പോലെ മികച്ച നേതാക്കളെ ആവശ്യമുണ്ട്. ലോകത്തിന് നേതൃത്വമെന്താണെന്ന് കാണിച്ചുകൊടുത്താണ് റഷ്യ കൊവിഡ് വാക്സിന്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങള്‍ റഷ്യയുടെ വാക്സിന്‍ അംഗീകരിക്കുന്നില്ല. ഇതേ മരുന്ന് അമേരിക്കയില്‍ വികസിപ്പിച്ചതാണെങ്കില്‍ ആ മരുന്നിനേക്കുറിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് സംശയമേതും ഉണ്ടാകുമായിരുന്നില്ല. ആത്മനിര്‍ഭറിലൂടെ സ്വന്തമായി വാക്സിന്‍ വികസിപ്പിക്കുമെന്ന പ്രഖ്യാപനം എന്തായി? അശാസ്ത്രീയമായ രീതികളാണ് കൊവിഡിനെതിരെ ബിജെപിയിലെ നേതാക്കളും മന്ത്രിമാരും ജനങ്ങള്‍ക്ക് നല്‍കുന്നത്.
ആയുര്‍വേദത്തിലൂടെ കൊവിഡിനെതിരെ തുരത്താം എന്ന് അവകാശപ്പെട്ട ആയുഷ് മന്ത്രി കൊവിഡ് ബാധിതനായി. അദ്ദേഹത്തിന്‍റെ തന്നെ മരുന്നുകള്‍ കൊവിഡിനെതിരെ ഫലം ചെയ്തില്ല. കൊവിഡിനെ തുരത്താന്‍ ഭാഭിജി പപ്പടവുമായി എത്തിയ കേന്ദ്രമന്ത്രി അര്‍ജുന്‍ മേഗ്വാളിനും കൊവിഡ് ബാധിച്ചു. ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെയാണ് അദ്ദേഹം ആശ്രയിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത്തരം അശാസ്ത്രീയമായ സംഗതികളാണ് കേന്ദ്രമന്ത്രിമാര്‍ ജനങ്ങളെ നിര്‍ദ്ദേശിക്കുന്നത്.
കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രധാനമന്ത്രി ഇതിനോടകം ക്വാറന്‍റൈനില്‍ പോവുകയും സ്വാബ് ടെസ്റ്റ് നടത്തുകയും ചെയ്യേണ്ടതാണ്. കൊവിഡ് ബാധിതനായ രാമ ജന്മഭൂമി ട്രസ്റ്റ് മേധാവി പങ്കെടുത്ത അയോധ്യയിലെ ഭൂമി പൂജയില്‍ ഭാഗമായ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗ്വതും പ്രധാനമന്ത്രിയും ക്വാറന്‍റൈനില്‍ പോകേണ്ടതല്ലേയെന്നും അങ്ങനെയല്ലേ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണ്ടതെന്നും സഞ്ജയ് റാവത്ത് ചോദിക്കുന്നു.