ശുചിമുറിയിലെ വെള്ളം കുടിച്ച് ദാഹമകറ്റുന്ന മനുഷ്യർ; കുടിവെള്ളമില്ലാതെ ദില്ലിയിലെ ഷെൽറ്റർ ഹോമുകൾ
കുപ്പിവെളളം വാങ്ങാൻ കാശില്ലാത്ത ഇവർക്ക് ഇതേ മാർഗ്ഗമുളളൂ. പലർക്കും ഉദര സംബന്ധമായ രോഗങ്ങൾ പതിവാണ്.
ദില്ലി: ദില്ലിയിലെ കുടിവെളള ക്ഷാമം നഗരത്തിലെ ഷെൽട്ടർ ഹോമുകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. 450ഓളം മനുഷ്യർ താമസിക്കുന്ന ഷെൽട്ടർ ഹോമുകളിൽ പലയിടത്തും കുടിവെളള ക്ഷാമം രൂക്ഷമാണ്. ശുചിമുറികളിൽ ഉപയോഗിക്കുന്ന വെള്ളം കുടിച്ചാണ് ഇവര്‍ ദാഹമകറ്റുന്നത്.
ഓൾഡ് ദില്ലി റെയിൽവേ സ്റ്റേഷന് സമീപം ഫത്തേഹ്പൂരി ഷെൽട്ടർ ഹോം. സ്വന്തമായി കിടപ്പാടമില്ലാത്ത മനുഷ്യർ രാത്രികാലങ്ങളിൽ തലചായ്ക്കാന്‍ സൗജന്യമായി ടോക്കണെടുത്ത് കഴിയുന്ന ഇടം. പ്രതിദിനം 450 ഓളം മനുഷ്യർ ഇവിടെ താമസിക്കാറുണ്ട്. ഉഷ്ണതരംഗവും കുടിവെളള ക്ഷാമവും ഇവരെ വല്ലാതെ ബാധിച്ചിരിക്കുന്നു.
കുടിവെളള പ്രശ്നമാണ് രൂക്ഷം. നാളുകളായി ശുചിമുറിയിൽ നിന്ന് ലഭിക്കുന്ന വെളളം കുടിച്ചാണ് ഇവര്‍ കഴിയുന്നത്. ഭക്ഷണം പാകം ചെയ്യുന്നതും ഇതേ വെളളത്തിൽ തന്നെ. കുപ്പിവെളളം വാങ്ങാൻ കാശില്ലാത്ത സാധാരണക്കാർക്ക് ഇതേ മാർഗ്ഗമുളളൂ. പലർക്കും ഉദര സംബന്ധമായ രോഗങ്ങൾ പതിവാണ്.
തകരാറിലായ വാട്ടർ കൂളർ പുനർസ്ഥാപിക്കാനായി അന്തേവാസികൾ കെയർ ടേക്കറോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ദില്ലി അർബൻ ഷെൽട്ടർ ഇമ്പ്രൂവ്മെന്‍റ് ബോർഡിന്‍റെ കീഴിലാണ് ഷെല്‍ട്ടര്‍ ഹോം. അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല. നല്ല പാര്‍പ്പിടവും കുടിവെള്ളവുമെന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്‍റെ വാഗ്ദാനം കൂടി ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്.