'അവൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല' യെദിയൂരപ്പയ്ക്കെതിരായ കേസിന് പിന്നാലെ ജീവിക്കാൻ കഴിയുന്നില്ലെന്ന് സഹോദരൻ
അമ്മയുടെ മരണം തന്‍റെയും സഹോദരിയുടെയും ജീവിതം ദുസഹമാക്കിയിരിക്കുകയാണ്. അമ്മ പലർക്കെതിരെയും 56 പോക്സോ കേസുകൾ നൽകിയെന്നടക്കം തെറ്റായ പ്രചാരണം നടക്കുന്നുണ്ട്.
ബെംഗളൂരു: യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസ് നൽകിയതിന് പിന്നാലെ തനിക്കും സഹോദരിക്കും ജീവിക്കാൻ വയ്യാത്ത സ്ഥിതിയെന്ന് അതിജീവിതയുടെ സഹോദരൻ. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സഹോദരന്‍റെ പ്രതികരണം. തനിക്കും സഹോദരിക്കുമെതിരെ നിരവധി വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. അമ്മയുടെ മരണം തന്‍റെയും സഹോദരിയുടെയും ജീവിതം ദുസഹമാക്കിയിരിക്കുകയാണ്. അമ്മ പലർക്കെതിരെയും 56 പോക്സോ കേസുകൾ നൽകിയെന്നടക്കം തെറ്റായ പ്രചാരണം നടക്കുന്നുണ്ട്.
തന്‍റെ അമ്മ ഫയൽ ചെയ്തത് ആറ് പോക്സോ കേസുകൾ മാത്രമാണ്. മറ്റുള്ളവയെല്ലാം പരാതികളാണ്. അമ്മയുടെ മരണശേഷം തന്‍റെ സഹോദരിക്ക് കൃത്യമായി സ്കൂളിൽ പോകാൻ പോലും കഴിയുന്നില്ല. നിലവിൽ ഒരു അഭിഭാഷകനെ വച്ച് കേസ് നടത്താനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. അതിനാൽ സർക്കാർ ഇടപെട്ട് നിയമസഹായം നൽകണമെന്നും ഇരയുടെ സഹോദരൻ ആവശ്യപ്പെട്ടു. കേസിൽ പ്രതിയായ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പ ഇപ്പോൾ ജാമ്യത്തിലാണ്. കേസിലെ കുറ്റപത്രത്തിൽ 81-കാരനായ യെദിയൂരപ്പയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഇരയായ പെൺകുട്ടിയുടെ കയ്യിൽ നിന്ന് കണ്ടെടുത്ത വീഡിയോ ദൃശ്യമാണ് പ്രധാന തെളിവായി കുറ്റപത്രത്തിൽ പറയുന്നത്.
ഈ വീഡിയോയിൽ തന്റെ മകളെ നിങ്ങൾ എന്താണ് ചെയ്തതെന്ന് കുട്ടിയുടെ അമ്മ ചോദിക്കുന്നുണ്ട്. തനിക്കും പേരക്കുട്ടികൾ ഉണ്ട്, അവൾ മിടുക്കിയാണ്, ഞാൻ നോക്കി, പരിശോധിച്ചു' എന്ന് യെദിയൂരപ്പ മറുപടിയും പറയുന്നുണ്ട്. ഈ ദൃശ്യം കുട്ടിയുടെ അമ്മ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇത് ഡിലീറ്റ് ചെയ്യാൻ അനുയായികളെ വിട്ട് രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയായിരുന്നു യെദിയൂരപ്പ. തുടർന്ന് വീണ്ടും വീട്ടിലേക്ക് വിളിച്ച് വരുത്തി കുട്ടിയുടെ അമ്മയുടെ ഫോണിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിച്ചു. എന്നാൽ കുട്ടിയുടെ ഫോണിലാണ് ഈ ദൃശ്യം പകർത്തിയത് എന്നും അത് ഫോണിൽ നിന്ന് കണ്ടെടുത്തെന്നും കുറ്റപത്രത്തിൽ പറയുന്നു.
'പെൺകുട്ടിയും അമ്മയും കാണാൻ വന്നപ്പോൾ കുട്ടിയുടെ വലത്തേ കയ്യിൽ യെദിയൂരപ്പ പിടിച്ചു. ഒറ്റയ്ക്ക് മുറിക്ക് ഉള്ളിലേക്ക് വരാൻ പറഞ്ഞു, വാതിൽ അടച്ചു കുറ്റിയിട്ടു. ബലാത്സംഗം ചെയ്ത ആളുടെ മുഖം ഓർമ്മ ഉണ്ടോ എന്ന് കുട്ടിയോട് യെദിയൂരപ്പ ചോദിച്ചു. 'ഉണ്ട്' എന്ന് മറുപടി പറഞ്ഞതിന് പിന്നാലെ ലൈംഗികാതിക്രമം നടത്തി'- എന്ന് തുടങ്ങി കുറ്റപത്രത്തിൽ ഗുരുതരമായ കാര്യങ്ങളാണുള്ളത്. പിന്നീട് പുറത്ത് വന്ന് കേസിൽ തനിക്കൊന്നും ചെയ്യാനില്ലെന്ന് അമ്മയോടും മകളോടും പറഞ്ഞതായും, പോക്കറ്റിൽ നിന്ന് പണമെടുത്ത് ഇരുവർക്കും നൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു. മറ്റൊരു ലൈംഗിക പീഡന പരാതിയിൽ നടപടിക്ക് സഹായിക്കണം എന്ന് അഭ്യർത്ഥിച്ചാണ് ഇവർ യെദിയൂരപ്പയെ കാണാൻ എത്തിയത്. തുടർന്നായിരുന്നു കുട്ടിക്കെതിരെ പീഡനശ്രമം ഉണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം