അമിത് ഷാ കൊവിഡ് ചികിത്സയ്ക്ക് എയിംസില്‍ പോകാതെ സ്വകാര്യാശുപത്രിയില്‍ പോയതെന്ത്; ചോദ്യവുമായി ശശി തരൂര്‍
കഴിഞ്ഞ ദിവസമാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മേദാന്ത മെഡിസിറ്റി ആശുപത്രിയിലാണ് ഷായെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊവിഡ് ചികിത്സയ്ക്ക് ദില്ലി എയിംസ് ആശുപത്രിയിൽ പോകാത്തതെന്തെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ട്വിറ്ററിലൂടെ ആയിരുന്നു തരൂരിന്റെ ചോദ്യം. കഴിഞ്ഞ ദിവസമാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മേദാന്ത മെഡിസിറ്റി ആശുപത്രിയിലാണ് ഷായെ പ്രവേശിപ്പിച്ചിരിക്കുന്നത്.
"കൊവിഡ് സ്ഥിരീകരിച്ച ശേഷം എന്തുകൊണ്ടാണ് നമ്മുടെ ആഭ്യന്തരമന്ത്രി ഏറ്റവും അടുത്തുള്ള എയിംസില്‍ പോകാതെ സ്വകാര്യ ആശുപത്രിയില്‍ പോയത്. രാജ്യത്തെ ശക്തരായ ഭരണവര്‍ഗ്ഗം പൊതുസ്ഥാപനങ്ങളെ ആശ്രയിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകുകയുള്ളു"-ശശി തരൂര്‍ ട്വീറ്റ് ചെയ്തു. 1956ൽ ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് എയിംസ് സ്ഥാപിച്ചത്.
തനിക്ക് കൊവിഡ് ബാധിച്ചതായി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അമിത് ഷാ തന്നെയാണ് അറിയിച്ചത്. താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിൽ എത്തിയവർ ഉടൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും ഷാ ആവശ്യപ്പെട്ടു. അതേസമയം, കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.