ഉദ്ദവിന് പിഴച്ചുകാണും, പക്ഷേ പവാർ! ഒരൊന്നൊന്നര പവർ; 3 നാളിൽ ബിജെപി നീക്കമടക്കം 'ഒറ്റ വെടിക്ക്' തീർത്ത ചാണക്യൻ
ചാണക്യനെന്ന് പവാറിനെ വിളിക്കുന്നുവെന്ന് ചോദിച്ചാൽ ചൂണ്ടിക്കാണിക്കാൻ ഏറെയുണ്ട്. ഉദാഹരണങ്ങളുടെ നീണ്ടനിരയിലെ ഏറ്റവും ഒടുവിലത്തേതാണ് അധ്യക്ഷ സ്ഥാനത്തെ രാജിയും മൂന്ന് ദിനത്തിന് പിന്നാലെയുള്ള മടങ്ങി വരവും. മൂന്ന് നാളിലെ പവാറിന്‍റെ നീക്കത്തിലൂടെ ഒറ്റ വെടിക്ക് തീർത്തത് പലരുടെയും അണിയറ നീക്കങ്ങളാണ്
വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യൻ ആരാണ്? ആദ്യം മനസിലേക്ക് വരുന്ന പേര് ശരദ് പവാറിന്‍റേതാണ്. എന്ത്കൊണ്ട് രാഷ്ട്രീയത്തിലെ ചാണക്യനെന്ന് പവാറിനെ വിളിക്കുന്നുവെന്ന് ചോദിച്ചാൽ ചൂണ്ടിക്കാണിക്കാൻ ഏറെയുണ്ട്. ഉദാഹരണങ്ങളുടെ നീണ്ടനിരയിലെ ഏറ്റവും ഒടുവിലത്തേതാണ് അധ്യക്ഷ സ്ഥാനത്തെ രാജിയും മൂന്ന് ദിനത്തിന് പിന്നാലെയുള്ള മടങ്ങി വരവും. മൂന്ന് നാളിലെ പവാറിന്‍റെ നീക്കത്തിലൂടെ ഒറ്റ വെടിക്ക് തീർത്തത് പലരുടെയും അണിയറ നീക്കങ്ങളാണ്. എൻ സി പിയെ പിളർത്താൻ കാത്തിരുന്നവരെ ഒന്നുമല്ലാതാക്കിയ പവാർ തന്ത്രവും അണിയറയിൽ നടന്നതെന്തൊക്കെയാണെന്നും അറിയാം.
ഉദ്ദവല്ല പവാർ, അത് മറന്നവർക്കുള്ള മറുപടി
ശിവസേനയെ പിളർത്തി ഏക്നാഥ് ഷിൻഡെ ബിജെപിക്കൊപ്പം പോയി. എന്നാൽ കാര്യങ്ങൾ ഷിൻഡെയ്ക്ക് ഭദ്രമല്ല. കൂറുമാറിയ എം എൽ എമാരെ അയോഗ്യരാക്കണമെന്ന് കാണിച്ച് ഉദ്ദവ് വിഭാഗം നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ നിന്ന് ഉടൻ ഒരു ഉത്തരവുണ്ടാകും. നിയമപരമായി നോക്കിയാൽ ഷിൻഡെ വിഭാഗത്തിന് തിരിച്ചടിയുണ്ടാകാനുള്ള എല്ലാ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ സർക്കാർ വീഴും. പോംവഴി എന്തെന്ന് ആലോചിക്കുന്ന ബി ജെ പി നേതാക്കൾക്ക് മുന്നിലേക്കെത്തിയ പേരാണ് അജിത് പവാർ. ഷിൻഡെയെ പോലെ അജിത്തിനെ ഒപ്പം കൂട്ടാമെന്നായിരുന്നു കണക്ക് കൂട്ടൽ. 45 എം എൽ എമാരുടെ പിന്തുണക്കത്ത് അജിത് വാങ്ങിവച്ചെന്ന് വാർത്ത വന്നു. പ്രതിപക്ഷ സഖ്യത്തിന്‍റെ പരിപാടികളിൽ നിന്ന് അജിത് വിട്ടു നിന്നു. ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് ദില്ലിക്ക് പോയി. അജിത് പാർട്ടിയെ പിളർത്തുമെന്ന് അഭ്യൂഹം ശക്തമായി. പരസ്യമായി എല്ലാം അജിത് നിഷേധിച്ച് കൊണ്ടിരുന്നു. പക്ഷെ താൻ മുഖ്യമന്ത്രി പദത്തിന് അർഹനെന്നും അതിനായി തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടതില്ലെന്നും അജിത് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. ആർക്കും ആഗ്രഹങ്ങളാകാമെന്ന് പറഞ്ഞ സുപ്രിയാ സുലേ അജിത്തിന്‍റെ വാക്കുകൾക്ക് അധികം ഗൗരവമില്ലെന്ന് മട്ടിൽ പ്രതികരിച്ചു. ശിവസേന പോലെ എൻ സി പിയും പിളരുമെന്ന് പലരും ധരിച്ചു. ശേഷമായിരുന്നു ശരദ് പവാറിന്‍റെ കളി തുടങ്ങുന്നത്.
ജനങ്ങളാണ് എന്‍റെ കൂട്ടുകാർ
ലോക് മാജേ സാംഗതി എന്ന ശരദ് പവാറിന്‍റെ ആത്മകഥാ പ്രകാശന ചടങ്ങിനായുള്ള ഒരുക്കങ്ങൾ വൈബി ചവാൻ സെന്‍ററിൽ തുടങ്ങുന്നു. ജനങ്ങളാണ് എന്‍റെ കൂട്ടുകാർ എന്നതാണ് ആത്മകഥയുടെ പേര് മലയാളത്തിലേക്ക് മാറ്റിയാൽ. പുസ്തകം ശരദ് പവാറിന്‍റേതായതിനാൽ എൻ സി പി നേതാക്കൾ ഒന്നടങ്കം എത്തി. പവാറിന്‍റെ മറുപടി പ്രസംഗത്തിൽ പരിപാടിക്കെത്തിയവരെല്ലാം ഞെട്ടി.! താൻ അധ്യക്ഷ സ്ഥാനം രാജി വയ്ക്കുകകയാണ്. പാർട്ടിയെ ഇനി പുതിയൊരാൾ നയിക്കട്ടെ.! പൊടുന്നനെ ഇങ്ങനെയൊരു പ്രഖ്യാപനം ആരും പ്രതീക്ഷിച്ചില്ല. പിന്നാലെ പവാറിന് ചുറ്റം നേതാക്കൾ വലയം ചെയ്തു. ജയന്ത് പാട്ടീൽ അടക്കം ചിലർ പൊട്ടിക്കരഞ്ഞു. പ്രവർത്തകർ പവാറിനായി മുദ്രാവാക്യം വിളിച്ചു. തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പവാർ ഉറച്ചു നിന്നു. മഹാരാഷ്ട്രയിൽ പവാറിനെക്കുറിച്ച് ഇങ്ങനെ പറയാറുണ്ട്. പറയുന്നതല്ല പവാർ ചെയ്യുക, ചെയ്യുന്നതല്ല പവാർ പറയുക. അതുകൊണ്ട് രാജി പ്രഖ്യാപനത്തിന് പിന്നിൽ ലക്ഷ്യം മറ്റൊന്നാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു.
പ്രഖ്യാപനം അജിത്ത് ആഗ്രഹിച്ചതോ?
പരിപാടിക്കെത്തിയവരെല്ലാം ശരദ് പവാറിന്‍റെ പ്രഖ്യാപനം കേട്ട് ഞെട്ടിയെന്ന് പറഞ്ഞാൽ പൂർണമായും ശരിയല്ല. അജിത് പവാറിന് ഒരു ഞെട്ടലും ഉണ്ടായിരുന്നില്ല. പവാറിന്‍റെ തീരുമാനത്തോട് യോജിച്ച ഒരേയൊരാൾ അജിത്തായിരുന്നു. ശരദ് പവാറിന്‍റെ തീരുമാനത്തിനെതിരെ വൈകാരികമായി പ്രതികരിച്ചവരെ അജിത്ത് ശാസിച്ചു. മൈക്ക് പിടിച്ച് വാങ്ങി. സുപ്രിയാ സുലെയെ പവാറുമായി സംസാരിക്കുന്നതിൽ നിന്ന് വിലക്കി. എന്തിന് ശരദ് പവാറിന്‍റെ തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന് പറഞ്ഞു. പ്രായവും ആരോഗ്യവും പരിഗണിച്ചെടുത്ത തീരുമാനത്തെ മാനിക്കണമെന്നായിരുന്നു വാദം.
പവാറിന് പിന്നിൽ അണിനിരന്ന് എൻ സി പി
നേതാക്കളും പ്രവർത്തകരും ശരദ് പവാറിന് പിന്നിൽ അണിനിരക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. നേതാക്കൾ പാർട്ടി സ്ഥാനങ്ങൾ കൂട്ടത്തോടെ രാജി വയ്ക്കാൻ തുടങ്ങി. പ്രവർത്തകർ തെരുവിലിറങ്ങി. സാഹേബ് അല്ലാതെ മറ്റൊരാളില്ല എന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. സോളാപ്പൂരിൽ നിന്ന് ഒരാൾ രക്തം കൊണ്ട് പവാറിന് കത്തെഴുതി. എൻ സി പിയുടെ നേതൃയോഗം രാജി സ്വീകരിക്കില്ലെന്നും പവാർ തന്നെ അധ്യക്ഷസ്ഥാനത്ത് തുടരണമെന്നും പ്രമേയം പാസാക്കി. ചുരുക്കത്തിൽ പാർട്ടി ഒന്നടങ്കം പവാറിന്‍റെ കാൽക്കീഴിലേക്ക് ഒതുങ്ങി. എതിർസ്വരമുയർത്താനും പവാറിനെ വെല്ലുവിളിക്കാനും ആർക്കും കഴിയില്ലെന്ന ബോധ്യം ശരദ് പവാർ തന്നെ നൽകി. ശിവസേനയിൽ ഒരു ഷിൻഡെ ഉണ്ടായതുപോലെ എൻ സി പിയിൽ ഒരാൾക്ക് ഉയർന്നുവരാനുള്ള വഴി അങ്ങനെ അടയുകയാണ്. കാര്യങ്ങളിത്രയും ആയതോടെ മൂന്ന് ദിനത്തിനിപ്പുറം പവാർ രാജി പിൻവലിച്ചു.
അജിത്തിന് നൽകിയ മുന്നറിയിപ്പ്
രാജി പിൻവലിക്കാനായി പവാർ വിളിച്ച യോഗത്തിൽ നിന്ന് അജിത്ത് പവാർ വിട്ടു നിന്നു. താൻ സംശയ നിഴലിലാണെന്ന് അറിയാമായിരുന്നിട്ടും വാർത്താസമ്മേളനത്തിൽ പങ്കെടുക്കാതെ മാറി നിൽക്കാൻ അജിത്ത് പവാറിന് എങ്ങനെയാണ് കഴിയുക. ഇതേ ചോദ്യം മാധ്യമപ്രവർത്തകർ പവാറിനോട് ചോദിച്ചു. ആരെയും വരാൻ താൻ നിർബന്ധിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ബി ജെ പിയുമായി കൂട്ടുകൂടാൻ ഒരു വിഭാഗം ഒരുങ്ങിയിരുന്നല്ലോ എന്ന അടുത്ത ചോദ്യമെത്തി. ഉത്തരത്തിൽ അജിത്തിനുള്ള മറുപടിയുണ്ടായിരുന്നു. "ആർക്കും എവിടെ വേണമെങ്കിലും പോകാം. അത് അവരുടെ വ്യക്തിപരമായ തീരുമാനം ആയിരിക്കും, പാർട്ടിയുടേതല്ല''. അതായത് പാർട്ടി എന്നാൽ ശരദ് പവാറാണ്.!
ഒരു വെടിക്ക് എത്ര പക്ഷികൾ?
പാർട്ടിയെ പിളർത്താനൊരുങ്ങിയ അജിത് പവാറിനെ പൂർണമായി ഒറ്റപ്പെടുത്താൻ ഈ നീക്കത്തിലൂടെ ശരദ് പവാറിന് കഴിഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ ഏറ്റവും കരുത്തനായ നേതാവെന്ന ഇമേജ് പവാറിന് കൈവന്നു. ഷിൻഡെ പക്ഷത്തിന് എതിരായി സുപ്രീം കോടതി വിധി പറഞ്ഞാൽ സർക്കാരിന് എങ്ങനെ നിലനിർത്തുമെന്ന പ്രതിസന്ധിയിലായി ബി ജെ പി. അജിത്തിനെ ഒപ്പം നിർത്തി മെനഞ്ഞ പദ്ധതികൾ വെള്ളത്തിലായി. 2019ൽ അജിത് പവാർ ദേവേന്ദ്രഫഡ്നാവിസിനൊപ്പം സത്യപ്രതിജ്ഞ ചെയ്തതും ശരദ് പവാറിന്‍റെ തന്ത്രമായിരുന്നെന്ന് കേൾക്കുന്നുണ്ട്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വരുന്നത് ആ നീക്കത്തിലൂടെ തടഞ്ഞു. ബി ജെ പി മറ്റ് വഴികൾ തേടുന്നത് തടഞ്ഞ് മഹാവികാസ് അഖാഡി സഖ്യത്തെ യാഥാർഥ്യമാക്കി.
ഛത്രപതിയെ തോൽപിച്ച പവാർ
പവാർ എത്രത്തോളം പവർഫുളാണെന്ന് തെളിയിച്ച സമീപകാലത്തെ ഒരു ഓർമ കൂടി പുതുക്കാം. 2019 ലാണത്. മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം സത്താരയിൽ ലോക്സഭയിലേക്ക് ഒരു ഉപതെരഞ്ഞെടുപ്പും നടന്നു. എൻ സി പി നേതാവായിരുന്ന ഉദയൻരാജെ ബോസ്ലെ രാജിവച്ച് ബി ജെ പിയിൽ ചേർന്നതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബോസ്ലെ ചില്ലറക്കാരനല്ല. ഛത്രപതി ശിവാജി മഹാരാജിന്‍റെ പിൻമുറക്കാരനാണ്. 17 ാമത്തെ ഛത്രപതി. ഛത്രപതി ശിവാജി മഹാരാജിനെ ആരാധിക്കുന്ന ജനതയാണ് മഹാരാഷ്ട്രക്കാർ. ബി ജെ പി സ്ഥാനാർഥിയായി ബോസ്ലെ വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. പരസ്യ പ്രചാരണം തീരാൻ മണിക്കൂറുകൾ ശേഷിക്കെ പവാർ സത്താരയിലെത്തി. പ്രസംഗിക്കാൻ തുടങ്ങിയപ്പോഴേക്കും പെരുമഴ തുടങ്ങി. കാണികളും വേദിയിലുള്ളവരും അസ്വസ്തരായി. സുരക്ഷാ ജീവനക്കാരൻ കുടയുമായി എത്തി. എന്നാൽ ഇത് തടഞ്ഞ ശരദ് പവാർ പെരുമഴ നനഞ്ഞ് പ്രസംഗം തുടർന്നു. ബോസ്ലെയ്ക്കെതിരെ ആഞ്ഞടിച്ചു. കുട ചൂടിയ പ്രവർത്തകർ അതടച്ച് വച്ച് പെരുമഴയിൽ പവാറിന് ജയ് വിളിച്ചു. തെരഞ്ഞെടുപ്പ് നടന്നു. ഫലം വന്നു. ബോസ്ലെ തോറ്റു..!