ഏഴ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞു; മരത്തിൽ തങ്ങിനിന്ന് അത്ഭുത രക്ഷപ്പെടൽ

ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ രക്ഷപ്പെടുത്താൻ കഴിയുമെന്ന് ഡോക്ടർമാർക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തു.

seven day old baby who was thrown from bridge by parents stuck on a tree 50 wounds miraculously back to life after two months treatment

ലഖ്നൌ: മാതാപിതാക്കൾ പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞ ചോരക്കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്. ഏഴു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനോടായിരുന്നു കൊടുംക്രൂരത. മരത്തിൽ തങ്ങിനിന്ന കുഞ്ഞ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കുഞ്ഞിന്‍റെ ശരീരത്തിൽ അൻപതോളം മുറിവുകളുണ്ടായിരുന്നു. രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. 

ഉത്തർപ്രദേശിലെ ഹാമിർപൂരിൽ ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ മരത്തിൽ കുടുങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്  ആഗസ്ത് 26നാണ്. കുഞ്ഞിന്‍റെ മുതുകിൽ മൃഗങ്ങളുടെ കടിയേറ്റത് ഉൾപ്പെടെ അൻപതോളം മുറിവുകളുണ്ടായിരുന്നു. കാൺപൂരിലെ ലാലാ ലജ്പത് റോയ് ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ രക്ഷപ്പെടുത്താൻ കഴിയുമെന്ന് ഡോക്ടർമാർക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. ഹാമിർപൂരിലെ ജില്ലാ ആശുപത്രിയാണ് കുട്ടിയെ ലാലാ ലജ്പത് റോയ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്. ജന്മാഷ്ടമി ദിനത്തിൽ കണ്ടെത്തിയ കുഞ്ഞിന് കൃഷ്ണ എന്ന് പേരിട്ടു. 

കുട്ടിയെ ഹമീർപൂരിനടുത്തുള്ള റാത്തിലെ പാലത്തിൽ നിന്ന് മാതാപിതാക്കൾ വലിച്ചെറിഞ്ഞതാണെന്ന് ഡോക്ടർ പറഞ്ഞു. ഭാഗ്യത്തിന് അവൻ ഒരു വലിയ മരത്തിൽ കുടുങ്ങിയതു കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടതെന്ന് ഡോ സഞ്ജയ് കല പറഞ്ഞു. അവൻ വേദന കൊണ്ട് കരയുമ്പോൾ നഴ്‌സുമാർ ദൂരെ നിന്ന് താരാട്ടുപാട്ട് പാടുമായിരുന്നു. ദേഹമാസകലം മുറിവായിരുന്നതിനാൽ എടുക്കാൻ കഴിയുമായിരുന്നില്ല. കുഞ്ഞ് വേദന കൊണ്ട് കരയുമ്പോൾ തങ്ങളുടെ കണ്ണും നിറയുമായിരുന്നെന്ന് ഡോക്ടർമാരും നഴ്സുമാരും പറഞ്ഞു. രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം ഒക്ടോബർ 24 ന് കുഞ്ഞിനെ പൊലീസിനും ശിശുക്ഷേമ സമിതി അംഗങ്ങൾക്കും കൈമാറി. അപ്പോഴേക്കും കുഞ്ഞുമായി എല്ലാവരും അത്രയേറെ അടുത്തതിനാൽ കണ്ണ് നിറഞ്ഞാണ് യാത്രയാക്കിയത്. 

മാതാപിതാക്കൾക്ക് എങ്ങനെ അവനെ പാലത്തിൽ നിന്ന് എറിയാൻ തോന്നിയെന്ന് ഡോക്ടർ ചോദിക്കുന്നു. അവർക്ക് അവനെ ആവശ്യമില്ലായിരുന്നെങ്കിൽ ആശുപത്രിയുടെയോ ക്ഷേത്രത്തിന്‍റെയോ പള്ളിയുടെയോ മുമ്പിൽ ഉപേക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടർ പ്രതികരിച്ചു. കുഞ്ഞിന് നല്ലൊരു ഭാവിയുണ്ടാവട്ടെയെന്ന് ആശുപത്രിയിലെ നിയോ - നാറ്റൽ ഐസിയുവിൽ പരിചരിച്ച നഴ്‌സ് ലക്ഷ്മി പറഞ്ഞു. കുഞ്ഞിനെ വലിച്ചെറിഞ്ഞ മാതാപിതാക്കൾ ആരാണെന്നും എന്താണ് കാരണമെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

ബസ് സ്റ്റാൻഡ് ടോയ്‍ലറ്റിൽ കമഴ്ത്തിവെച്ച ബക്കറ്റ്, ശുചീകരണ തൊഴിലാളികളെത്തിയത് രക്ഷയായി, കണ്ടത് ചോരക്കുഞ്ഞിനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios