ആർജി കർ ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തൽ; മുൻ പ്രിന്‍സിപ്പലിനെ സിബിഐ ചോദ്യംചെയ്തു
ഒപി അടക്കം ബഹിഷ്കരിച്ചുള്ള ഡോക്ടര്‍മാരുടെ സമരം കേരളത്തിൽ ഉൾപ്പെടെ തുടരുകയാണ്. ആശുപത്രിയിലെത്തിയ നിരവധി രോഗികൾ വലഞ്ഞു.
കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി ദേശീയ വനിതാ കമ്മീഷന്‍റെ പ്രാഥമിക റിപ്പോർട്ട്. വനിതാ ഡോക്ടറുടെ കൊലപാതകം നടന്ന ഉടൻ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്നും ഇത് തെളിവ് നശിപ്പിക്കാൻ വഴിയൊരുക്കിയെന്നുമാണ് റിപ്പോർട്ട്. ഡോക്ടർമാർക്കും ജീവനക്കാർക്കും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ആശുപത്രിയിൽ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വനിതാ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ രണ്ടംഗ സമിതി ആണ് പരിശോധന നടത്തി റിപ്പോർട്ട് നൽകിയത്. സുരക്ഷ ഉറപ്പാക്കാനും കുറ്റകൃത്യങ്ങൾ അവർത്തിക്കാതിരിക്കാനും ശക്തമായ നടപടികൾ എടുക്കാൻ കമ്മീഷൻ നിർദേശിച്ചു.
അതിനിടെ ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ ഇന്ന് പുലർച്ചെ വരെ സിബിഐ ചോദ്യംചെയ്തു. ഇന്നലെയാണ് സന്ദീപ് ഘോഷിനെ സിബിഐ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിക്കും എന്നാണ് സൂചന.
വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ പ്രതിഷേധിച്ച് ഐഎംഎയുടെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. ഒപി അടക്കം ബഹിഷ്കരിച്ചുള്ള ഡോക്ടര്‍മാരുടെ സമരം കേരളത്തിൽ ഉൾപ്പെടെ തുടരുകയാണ്. ആശുപത്രിയിലെത്തിയ നിരവധി രോഗികൾ വലഞ്ഞു. വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂർണ സമരത്തിൽ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ ഡോക്ടർമാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും. തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്ടര്‍മാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡെന്റൽ കോളേജ് ആശുപത്രികളിലും ഇന്ന് ഒ.പി സേവനം ഉണ്ടാകില്ല.
ഇന്ന് ഡോക്ടർമാരുടെ വിവിധ സംഘടനകൾ യോഗം ചേരും. ദില്ലി മെഡിക്കൽ അസോസിയേഷന്‍റെ പ്രതിഷേധം വൈകിട്ട് ജന്തർമന്ദറിൽ നടക്കും. എയിംസ് ആശുപത്രി ഡോക്ടർമാർ ജവഹർലാൽ നെഹ്‌റു ഓഡിറ്റോറിയത്തിന് സമീപം പ്രതിഷേധ പ്രകടനം നടത്തും. ആർഎംഎൽ ആശുപത്രിയിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടു മണി വരെയും പ്രതിഷേധം നടക്കും. സഫ്ദർജങ് ആശുപത്രിയിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രകടനം നടത്തും. ദില്ലിയിൽ സമരം ശക്തമാക്കുമെന്ന് റസിഡന്‍റ് ഡോക്ടർമാരുടെ സംഘടന അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ സിവിൽ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഒന്നിലധികം പ്രതികളുണ്ടെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബവും ഡോക്ടർമാരും പരാതി ഉന്നയിച്ചതോടെ അന്വേഷണം സിബിഐക്ക് വിട്ടു.
ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാരെ എല്ലാം ഉടൻ പിടികൂടും എന്ന് സിബിഐ ഉറപ്പ് നൽകിയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛൻ പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിരസിക്കുകയാണെന്നും രാജ്യം മുഴുവൻ പ്രതിഷേധത്തിൽ ഒപ്പം നിൽക്കുന്നവർക്ക് നന്ദിയെന്നും പിതാവ് പറഞ്ഞു.