പരിസ്ഥിതി ലോല മേഖലയിലെ സർക്കാർ ഭൂമിയിൽ അനധികൃതമായി ക്ഷേത്രം നിർമ്മിച്ച് സ്വയം പ്രഖ്യാപിത ആൾദൈവം
ദേവി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ടതനുസരിച്ച് ക്ഷേത്രം നിർമ്മിക്കണമെന്നാണ് ബാബാ യോഗി ചൈതന്യ ആകാശ് സമീപ ഗ്രാമവാസികളെ വിശ്വസിപ്പിച്ചത്
ബാഗേശ്വർ: പരിസ്ഥിതി ലോല മേഖലയിൽ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് സർക്കാർ ഭൂമിയിൽ ക്ഷേത്രം നിർമ്മിച്ച് സ്വയം പ്രഖ്യാപിത ആൾദൈവം. ഉത്തരഖണ്ഡിലെ ബാഗേശ്വറിലാണ് സംഭവം. ബാബാ യോഗി ചൈതന്യ ആകാശ് എന്ന സ്വയം പ്രഖ്യാപിത ആൾദൈവമാണ് സുന്ദർദുംഗ ഹിമാനിക്ക് സമീപം ക്ഷേത്രം നിർമ്മിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹിമാലയത്തിലെ ആറ് പ്രധാന ഹിമാനികളിലൊന്നിലാണ് അനധികൃത നിർമ്മാണം. സമുദ്ര നിരപ്പിൽ നിന്ന് 4320 മീറ്റർ ഉയരത്തിലാണ് സുന്ദർദുംഗ സ്ഥിതി ചെയ്യുന്നത്. സർക്കാർ സ്ഥലത്ത് അതിക്രമിച്ച് കയറിയുളള നിർമ്മാണം 5000 മീറ്ററോളം ഹിമാനിയിലും അതിക്രമിച്ച് കയറിയിട്ടുണ്ട്.
പരിസ്ഥിതി ദുർബല മേഖലയിൽ ഇത്തരമൊരു കെട്ടിടം നിർമ്മിച്ചത് പ്രാദേശിക ഭരണകൂടത്തിന്റെ അറിവിൽ എത്തിയില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. സംഭവത്തിൽ നിലവിൽ പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഖാപ്കോട് സബ്ഡിവിഷണൽ മജിസ്ട്രേറ്റ് അനുരാഗ് ആര്യ ആണ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വനം വകുപ്പും പൊലീസും ചേർന്നുള്ള സംയുക്ത സംഘമാണ് അനധികൃത നിർമ്മാണം അന്വേഷിക്കുക. റവന്യൂ അധികൃതർ ഉടൻ തന്നെ സംഭവ സ്ഥലം സന്ദർശിച്ച് അനധികൃത നിർമ്മാണം പൊളിച്ച് നീക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
ദേവി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ടതനുസരിച്ച് ക്ഷേത്രം നിർമ്മിക്കണമെന്നാണ് ബാബാ യോഗി ചൈതന്യ ആകാശ് സമീപ ഗ്രാമവാസികളെ വിശ്വസിപ്പിച്ചത്. ദേവി കുണ്ഡിൽ ക്ഷേത്രം വേണമെന്നായിരുന്നു ദേവി സ്വപ്നത്തിൽ ബാബാ യോഗി ചൈതന്യ ആകാശിനോട് ആവശ്യപ്പെട്ടതെന്നാണ് ഇയാൾ ഗ്രാമവാസികളെ ധരിപ്പിച്ചതെന്നാണ് പ്രദേശവാസികൾ മാധ്യമങ്ങളോട് വിശദമാക്കുന്നത്. ഇവിടെ പിന്നീട് തീർത്ഥാടക കേന്ദ്രമാകുമെന്നും ഇയാൾ നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നു. എന്നാൽ 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന തീർത്ഥാടന യാത്രയായ നന്ദ രാജ് യാത്രയുടെ ഭാഗമായി വിശ്വാസികൾ എത്തുന്ന ഇവിടം ബാബാ യോഗി ചൈതന്യ ആകാശ് പൂളാക്കി മാറ്റിയെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം