വീണ്ടും വാർത്തകളില്‍ നിറഞ്ഞ പബ്ജി പ്രണയനായിക! പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്ക്കും രാഖി അയച്ചു, വീഡിയോ
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള സീമ, ഇന്ത്യയിൽ എത്തിയ ശേഷം 'തീജ്', 'നാഗ് പഞ്ച്മി' എന്നിവയുൾപ്പെടെയുള്ള ഹിന്ദു ഉത്സവങ്ങളില്‍ പങ്കാളിയായിരുന്നു.
ദില്ലി: രാജ്യത്തെ ഞെട്ടിച്ച പബ്ജി പ്രണയ നായിക സീമ ഹൈദറുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ഉന്നത നേതാക്കള്‍ക്ക് സീമ ഹൈദര്‍ രാഖി അയച്ചതാണ് വാര്‍ത്തകളില്‍ നിറയുന്നത്. രക്ഷാബന്ധൻ ഉത്സവത്തിന് മുന്നോടിയായി താൻ രാഖികൾ അയച്ചതായി സ്ഥിരീകരിച്ച് സീമ ഹൈദർ പോസ്റ്റൽ സ്ലിപ്പ് ഉള്‍പ്പെടെ കാണിച്ച് കൊണ്ട് വീഡിയോ പുറത്ത് വിടുകയായിരുന്നു.
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള സീമ, ഇന്ത്യയിൽ എത്തിയ ശേഷം 'തീജ്', 'നാഗ് പഞ്ച്മി' എന്നിവയുൾപ്പെടെയുള്ള ഹിന്ദു ഉത്സവങ്ങളില്‍ പങ്കാളിയായിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ 'ഹർ ഘർ തിരംഗ' ക്യാമ്പയിനില്‍ അണിചേരുകയും നോയിഡയിലെ വസതിയിൽ അഭിഭാഷകനായ എപി സിങ്ങിനൊപ്പം ത്രിവർണ്ണ പതാക ഉയർത്തുകയും ചെയ്തിരുന്നു. പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ കാമുകനെ കാണാൻ മക്കളുമായി ഇന്ത്യയിൽ എത്തിയ സീമ ഹൈദറിന്‍റെ വാര്‍ത്തകള്‍ രാജ്യമാകെ ചര്‍ച്ചയായിരുന്നു.
സച്ചിൻ മീണ എന്ന യുവാവിനൊപ്പം കഴിയാനാണ് സീമ അനധികൃതമായി ഇന്ത്യയിലേക്ക് എത്തിയത്. ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന സച്ചിൻ മീണയുമായി (22) താൻ പ്രണയത്തിലാണെന്നും അവനോടൊപ്പം താമസിക്കാനാണ് നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയതെന്നുമാണ് സീമ പറഞ്ഞത്. നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള പശുപതിനാഥ് ക്ഷേത്രത്തിൽ വച്ച് താൻ ഹിന്ദുമതം സ്വീകരിച്ചതായും ഹിന്ദു ആചാരപ്രകാരം സച്ചിനെ വിവാഹം കഴിച്ചതായും സീമ അവകാശപ്പെട്ടിരുന്നു.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നാണ് കാമുകനെ തേടി സീമാ ഹൈദർ ഇന്ത്യയിലെത്തിയത്. 2019ൽ ഓൺലൈൻ ഗെയിം പബ്ജിയിലൂടെയാണ് ഇരുവരും അടുക്കുന്നതും പ്രണയത്തിലാകുന്നതും. മെയ് 13 ന് നേപ്പാള്‍ വഴി ബസിൽ നാല് കുട്ടികളോടൊപ്പം അനധികൃതമായി ഇന്ത്യയിലേക്ക് കടന്നു. പിന്നീട് സച്ചിനൊപ്പം ഗ്രേറ്റർ നോയിഡയിലെ റബുപുര പ്രദേശത്ത് താമസിക്കുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. ജൂലൈ നാലിന് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് സീമ ഹൈദറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകിയതിന് സച്ചിന്‍ മീണയെയും കസ്റ്റഡിയിലെടുത്തു. ജൂലൈ 7 ന് പ്രാദേശിക കോടതി ഇരുവർക്കും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം