കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ബിജെപി എംപി സാക്ഷി മഹാരാജ് നിർബന്ധിത ക്വാറന്‍റീനില്‍
മുൻകൂറായി അറിയിച്ച് മാതാവിനെ കാണാനായി എത്തിയതാണെന്നും 14 ദിവസത്തെ ക്വാറന്റീനെ പറ്റി പറഞ്ഞിരുന്നെങ്കിൽ താൻ ജാർഖണ്ഡ് സന്ദർശിക്കാൻ എത്തില്ലായിരുന്നുവെന്നും മഹാരാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റാഞ്ചി: കൊവിഡ് -19 മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബിജെപി എംപി സാക്ഷി മഹാരാജിനെ 14 ദിവസത്തേക്ക് ജാർഖണ്ഡിൽ നിർബന്ധിത ക്വാറന്‍റീനിലാക്കി. യുപിയിലെ ഉന്നാവിൽ നിന്ന് ജാർഖണ്ഡിലെ ഗിരിധീഹിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു സാക്ഷി മഹാരാജ്. അദ്ദേഹം സന്ദർശിച്ച ശാന്തി ഭവൻ ആശ്രമത്തിലാണ് 14 ദിവസം ക്വാറന്‍റീനില്‍ കഴിയേണ്ടത്.
"മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ നിർബന്ധമായും 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്നാണ് നിയമം. പരിപാടി കഴിഞ്ഞ് ധൻബാദ് വഴി ദില്ലിയിലേക്ക് ട്രെയിനിൽ മടങ്ങാനിരുന്നതായിരുന്നു മഹാരാജ്. വഴിമധ്യേ പിർടാൻ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ജില്ലാ ഭരണാധികാരികൾ തടഞ്ഞ ശേഷം ക്വാറന്റീനിലേക്ക് അയക്കുകയായിരുന്നു", ഡെപ്യൂട്ടി കമ്മീഷണർ രാഹുൽ കുമാർ സിൻഹ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സന്ദർശനത്തെ പറ്റി സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടില്ലെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി എംപി തന്നെ രംഗത്തെത്തി. മുൻകൂറായി അറിയിച്ച് മാതാവിനെ കാണാനായി എത്തിയതാണെന്നും 14 ദിവസത്തെ ക്വാറന്റീനെ പറ്റി പറഞ്ഞിരുന്നെങ്കിൽ താൻ ജാർഖണ്ഡ് സന്ദർശിക്കാൻ എത്തില്ലായിരുന്നുവെന്നും മഹാരാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഭവം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് മഹാരാജ് ആരോപിച്ചു. റാഞ്ചിയിലെത്തി പിതാവ് ലാലുപ്രസാദ് യാദവിനെ കണ്ട് മടങ്ങിയ ആർ.ജെ.ഡി നേതാവ് തേജ് പ്രതാപ് യാദവിനെ തടഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മഹാരാജിന്റെ ആരോപണം.