സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ മുഖചിത്രം ഒടുവില്‍ ദേശീയപതാകയാക്കി ആര്‍എസ്എസും
കഴിഞ്ഞ മന്‍ കി ബാത്തിലാണ് സമൂഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം എല്ലാവരും ആഗസ്റ്റ് 15വരെ ദേശീയ പതാകയാക്കണമെന്ന ആഹ്വാനം പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയത്.
നാഗ്പൂര്‍: സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ഒടുവില്‍ ദേശീയപതാകയാക്കി ആര്‍എസ്എസ്. ഇക്കഴിഞ്ഞ ആഗസ്റ്റ് രണ്ടു മുതല്‍ മുഖചിത്രം മാറ്റണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തോട് ആര്‍എസ്എസ് ഇതുവരെ പ്രതികരിച്ചിരുന്നില്ല. ആര്‍എസ്എസ് നിലപാട് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പരിഹാസമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ മന്‍ കി ബാത്തിലാണ് സമൂഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം എല്ലാവരും ആഗസ്റ്റ് 15വരെ ദേശീയ പതാകയാക്കണമെന്ന ആഹ്വാനം പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയത്. പ്രധാനമന്ത്രിയും, കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും മുഖചിത്രം മാറ്റി. സമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രതികരണമാണ് ഇതിനുണ്ടായത്. ജവഹര്‍ലാല്‍ നെഹ്റു പതാകയുമായി നില്‍ക്കുന്ന ചിത്രമിട്ട് കോണ്‍ഗ്രസും പ്രചാരണത്തിന്‍റെ ഭാഗമായി.
പക്ഷേ അപ്പോഴും ആര്‍എസ്എസ് അനങ്ങിയില്ല. അന്‍പത്തി രണ്ട് വര്‍ഷം ദേശീയ പതാകയോട് മുഖം തിരിച്ചു നിന്ന ആര്‍എസ്എസ് മോദിയുടെ ആഹ്വാനം ഏറ്റെടുക്കുമോയെന്ന പരിഹാസവുമായി രാഹുല്‍ഗാന്ധിയടക്കമുള്ള നേതാക്കള്‍ വിമര്‍ശനം കടുപ്പിച്ചു.
ഒടുവില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ആര്‍എസ്എസ് നേതാക്കള്‍ സാമൂഹ്യ മാധ്യമങ്ങളിലെ മുഖം ചിത്രം മാറ്റി തുടങ്ങി. സംഘടനയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം അക്കൗണ്ടുകളുടെ മുഖചിത്രവും പിന്നാലെ ദേശീയ പതാകയാക്കി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഒരു വീഡിയോയും ആര്‍എസ്എസ് ഔദ്യോഗിക പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹര്‍ ഘര്‍ തിരംഗ പ്രചാരണ പരിപാടിയോട് ഐക്യദാര്‍ഢ്യം നേരത്തെ അറിയിച്ചിരുന്നുവെന്നും മറ്റ് നടപടികള്‍ക്ക് അതിന്‍റേതായ സമയം ഉണ്ടെന്നുമാണ് ആര്‍എസ്എസിന്‍റെ ഈ വിഷയത്തിലെ പ്രതികരണം. ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ചട്ടക്കൂടുണ്ടെന്ന് ആര്‍എസ്എസ് വിശദീകരിക്കുന്നു. സമ്മര്‍ദ്ദം താങ്ങാനാവാതെ ഒടുവില്‍ ആര്‍എസ്എസിന് ഇളിഭ്യരാവേണ്ടി വന്നെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.
ഹർ ഘർ തിരംഗ: സംസ്ഥാനത്ത് വിവാദം, വിമർശനവുമായി കെ.സുരേന്ദ്രനും പി.കെ.കൃഷ്ണദാസും
എങ്ങും 'ഹർ ഘർ തിരംഗ'; വീടുകളിൽ ദേശീയ പതാക ഉയർത്തി താരങ്ങൾ