'രോഹിത് വെമുല ദലിതായിരുന്നില്ല; പിടിക്കപ്പെടുമെന്ന ഭയത്താല്‍ ആത്മഹത്യ', പൊലീസ് റിപ്പോര്‍ട്ട്
പട്ടിക വിഭാഗക്കാരനാണെന്ന് അവകാശപ്പെടുന്ന സർട്ടിഫിക്കറ്റ് രോഹിതിന്റെ കുടുംബം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് പറയുന്ന റിപ്പോർട്ടിൽ ഇതിന് ആധാരമായ തെളിവുകളൊന്നുമില്ല.
ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർത്ഥി രോഹിത് വെമുല ദലിതനായിരുന്നില്ലെന്ന വാദം ആവർത്തിച്ച് പൊലീസ് റിപ്പോർട്ട്. തന്റെ യഥാർത്ഥ ജാതി സംബന്ധിച്ച വിവരം പുറത്തുവരുമെന്ന ഭയത്താലാണ് രോഹിത് ആത്മഹത്യ ചെയ്തതെന്നും കേസ് അവസാനിപ്പിച്ചുകൊണ്ട് പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച ഈ റിപ്പോർട്ട് തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസിൽ ആരോപണ വിധേയരായിരുന്ന അന്നത്തെ സെക്കന്തരാബാദ് എം.പി ബണ്ഡാരു ദട്ടാതേയ, എംഎൽസി ആയിരുന്ന എൻ രാമചന്ദ്ര റാവു, സർവകലാശാല വൈസ് ചാൻസലർ അപ്പാ റാവു, എബിവിപി നേതാക്കൾ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർക്കൊന്നും പങ്കില്ലെന്ന റിപ്പോർട്ടാണ് പൊലീസിന്റേത്.
പട്ടിക വിഭാഗക്കാരനാണെന്ന് അവകാശപ്പെടുന്ന സർട്ടിഫിക്കറ്റ് രോഹിതിന്റെ കുടുംബം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് പറയുന്ന റിപ്പോർട്ടിൽ ഇതിന് ആധാരമായ തെളിവുകളൊന്നുമില്ല. അതേസമയം രോഹിത് വെമുലയ്ക്ക് വേണ്ടി ശബ്ദമുയർത്തിയിരുന്ന കോൺഗ്രസ് തെലങ്കാനയിൽ അധികാരത്തിലേറി നാല് മാസങ്ങൾ പിന്നിടുമ്പോഴാണ് പഴയ വാദങ്ങൾ തന്നെ നിരത്തുന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മേയ് 13ന് തെലങ്കാനയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇതേച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങളും ശക്തമാവും.
രോഹിതിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ആത്മഹത്യാ പ്രേരണയ്ക്കും പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങൾ പ്രതിരോധിക്കുന്ന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കേസ് അവസാനിപ്പിക്കുന്ന പൊലീസ് റിപ്പോർട്ടിൽ, രോഹിതിന്റെ ആത്മഹത്യയ്ക് ആരും ഉത്തരവാദിയല്ലെന്ന നിലപാടാണുള്ളത്. "താൻ പട്ടികജാതിക്കാരനല്ലെന്ന് രോഹിതിന് അറിയാമായിരുന്നു. അമ്മയാണ് അദ്ദേഹത്തിന് എസ്.സി സർട്ടിഫിക്കറ്റ് നൽകിയത്. ഇത് പിടിക്കപ്പെടുമെന്നും തന്റെ ബിരുദങ്ങൾ നഷ്ടമാവുമെന്നും നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും രോഹിത് എപ്പോഴും ഭയന്നിരുന്നുവെന്നുമാണ്" റിപ്പോർട്ടിലുള്ളത്.
രോഹിതിന് സ്വന്തമായിത്തന്നെ ചില പ്രശ്നങ്ങളുണ്ടായിരുന്നെന്ന് വാദിക്കുന്ന പൊലീസ് റിപ്പോർട്ട് സർവകലാശാലായെയും വി.സി ഉൾപ്പെടെയുള്ളവരെയും രാഷ്ട്രീയ നേതാക്കളെയുമെല്ലാം പൂർണമായും കുറ്റവിമുക്തമാക്കുകയാണ്. "പഠനത്തേക്കാളും വിദ്യാർത്ഥി രാഷ്ടട്രീയത്തിലായിരുന്നു രോഹിതിന് താത്പര്യം. എന്നാൽ അദ്ദേഹത്തിന്റെ മരണവുമായി സർവകലാശാലയിലെ അപ്പോഴത്തെ സംഭവ വികാസങ്ങൾക്ക് പങ്കില്ല. ജാതി തെളിയിക്കാൻ ബന്ധുക്കൾക്കൊപ്പം ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാണോ എന്ന് രാധിക വെമുലയോട് ചോദിച്ചപ്പോൾ അവർ മൗനം പാലിച്ചുവെന്നും രോഹിതിനെതിരെ സർവകലാശാല എടുത്ത തീരുമാനം ചട്ടപ്രകാരമായിരുന്നു" എന്നും റിപ്പോർട്ടിലുണ്ട്.
രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് പിന്നാലെ രോഹിതിന് നീതി നേടിയുള്ള വലിയ ക്യാമ്പയിൻ കോൺഗ്രസ് നടത്തിയിരുന്നു. പട്ടികജാതി, പട്ടിക വർഗക്കാരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും വിദ്യാഭ്യാസ അവകാശവും അന്തസ്സും സംരക്ഷിക്കുന്ന നിയമം നടപ്പാക്കുമെന്നും, ആ നിയമത്തിന് രോഹിത് വെമുലയുടെ പേരിടുമെന്നും അന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ നടന്ന ഭാരത് ജോഡോ യാത്രയിൽ രോഹിതിന്റെ അമ്മ രാധിക വെമുലയെ രാഹുൽ ഗാന്ധി കോൺഗ്രസിൽ ചേരാൻ ക്ഷണിക്കുകയും ചെയ്തു.