മണപ്പുറം ഗോൾഡ് ലോൺ ബ്രാഞ്ചിൽ പട്ടാപ്പകൽ കവർച്ച, 30 കിലോ സ്വർണവും നാല് ലക്ഷം രൂപയും കവർന്നു, സംഭവം ഒഡിഷയില്‍
ആയുധങ്ങളും തോക്കുകളുമായി ഒരു സംഘം കവർച്ചക്കാർ ഓഫീസിലേക്ക് അതിക്രമിച്ചു കയറുകയും ജീവനക്കാരെയും ബ്രാഞ്ച് മേധാവിയെയും ബന്ധിയാക്കി തോക്കിൻമുനയിൽ നിർത്തി സ്വർണം സൂക്ഷിച്ച നിലവറയുടെ താക്കോലും പാസ്‌വേഡും സ്വന്തമാക്കി സ്വർണവും പണവും കൊള്ളയടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
സംബൽപൂർ: ഒഡിഷയിലെ സംബൽപൂർ നഗരത്തിലെ മണപ്പുറം ഗോൾഡ് ലോൺ ഓഫീസിൽ വെള്ളിയാഴ്ച പട്ടാപ്പകൽ ആയുധധാരികളായ കവർച്ചക്കാർ സ്വർണവും പണവുമായി കടന്നുകളഞ്ഞതായി റിപ്പോർട്ട്. 30 കിലോ സ്വർണവും നാല് ലക്ഷം രൂപയും കൊള്ളയടിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച രാവിലെ ബ്രാഞ്ച് തുറന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് സംഭവം. ആയുധങ്ങളും തോക്കുകളുമായി ഒരു സംഘം കവർച്ചക്കാർ ഓഫീസിലേക്ക് അതിക്രമിച്ചു കയറുകയും ജീവനക്കാരെയും ബ്രാഞ്ച് മേധാവിയെയും ബന്ധിയാക്കി തോക്കിൻമുനയിൽ നിർത്തി സ്വർണം സൂക്ഷിച്ച നിലവറയുടെ താക്കോലും പാസ്‌വേഡും സ്വന്തമാക്കി സ്വർണവും പണവും കൊള്ളയടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. മോഷണ സമയത്ത് ചില കവർച്ചക്കാർ പുറത്ത് കാവൽ നിന്നതായി റിപ്പോർട്ടുണ്ട്.
സംഭവം നടന്നയുടൻ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇൻസ്‌പെക്ടർ ജനറൽ (ഐജി) ഹിമാൻഷു ലാൽ, പോലീസ് സൂപ്രണ്ട് (എസ്പി) മുകേഷ് ഭാമൂ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണ്. കവർച്ചയിൽ ഏകദേശം 7 മുതൽ 10 വരെ അക്രമികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) തോഫൻ ബാഗ് പറഞ്ഞു. അക്രമികൾ ഹെൽമെറ്റോ മുഖംമൂടിയോ ധരിച്ചിരുന്നു. ബൈക്കിലാണ് എല്ലാവരും രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.
ആയുധധാരികളായ അക്രമികൾ ജീവനക്കാരെ ഭീഷണിപ്പെടുത്തി നടത്തിയ കവർച്ചയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മണപ്പുറം ഫിനാൻസ് അറിയിച്ചു. ഏകദേശം 20 കോടി രൂപയുടെ കവർച്ചാശ്രമമാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസിലായിട്ടുള്ളത്. കവർച്ച നടന്ന സമയത്ത് ബ്രാഞ്ചിലുണ്ടായിരുന്ന ജീവനക്കാർക്കും ഉപഭോക്താക്കൾക്കും പരിക്കേറ്റിട്ടിട്ടില്ല. ജീവനക്കാർക്ക് മ്പനി കൗൺസലിംഗ് നൽകുകയും പിന്തുണ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട് . ശാഖയിലെ ഉപഭോക്താക്കളുടെ വസ്തുക്കൾ നഷ്ടമാവില്ലെന്നും, ബാധിക്കപ്പെട്ട ഉപഭോക്താക്കളുടെ നഷ്ടപരിഹാരം കമ്പനി ഏറ്റെടുക്കുമെന്നും മണപ്പുറം ഫിനാൻസ് അറിയിച്ചു.