"നിങ്ങള് പ്രാർത്ഥനകൾ തുടരണം"; പ്രണബ് മുഖർജിയുടെ മകന്
ദില്ലിയിലെ സൈനിക റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ തുടരുന്ന പ്രണാബിന്റെ രക്തചംക്രമണം അടക്കമുള്ളവയിൽ സ്ഥിരതയുണ്ടെന്നു ഡോക്ടർമാർ അറിയിച്ചിരുന്നു.
ദില്ലി: മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ ധമനികളിലെയും ഹൃദയത്തിലെയും രക്തയോട്ടം അടക്കമുള്ള കാര്യങ്ങളിൽ യന്ത്രസഹായത്താൽ ഇപ്പോൾ സ്ഥിരതയുണ്ടെന്നു മകൻ അഭിജിത് മുഖർജി.
നിങ്ങളുടെ എല്ലാ പ്രാർഥനകളോടും കൂടി, തന്റെ പിതാവ് ഇപ്പോൾ ഹീമോഡൈനാമിക്കലി സ്ഥിരതയുള്ളവനാണ്. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കാൻ നിങ്ങളുടെ പ്രാർത്ഥനകൾ തുടരണമെന്ന് അഭ്യർഥിക്കുന്നുവെന്നും അഭിജിത് മുഖർജി ട്വീറ്റ് ചെയ്തു.
ദില്ലിയിലെ സൈനിക റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ തുടരുന്ന പ്രണാബിന്റെ രക്തചംക്രമണം അടക്കമുള്ളവയിൽ സ്ഥിരതയുണ്ടെന്നു ഡോക്ടർമാർ അറിയിച്ചിരുന്നു.
മസ്തിഷ്കത്തിൽ രക്തം കട്ട പിടിച്ചതിനെ തുടർന്നു തിങ്കളാഴ്ച അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ പ്രണാബ് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോവിഡിനേക്കാളേറെ തലച്ചോറിലെ രക്തസ്രാവവും തുടർന്നുള്ള ശസ്ത്രക്രിയയുമാണ് ആരോഗ്യനില വഷളാക്കിയത്.അച്ഛന്റെ ആരോഗ്യനിലയിൽ ആശങ്കകപ്പെടുന്ന എല്ലാവരോടും ആത്മാർഥമായി നന്ദി പറയുന്നുവെന്ന് മകൾ ശർമിഷ്ഠയും ട്വീറ്റ് ചെയ്തു.
"അച്ഛന് ഭാരതരത്ന ലഭിച്ച കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ട് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിൽ ഒന്നായിരുന്നു. കൃത്യം ഒരു വർഷത്തിനു ശേഷം അദ്ദേഹം ഗുരുതരാവസ്ഥയിലായി. ദൈവം അദ്ദേഹത്തിനു ഏറ്റവും മികച്ചതു ചെയ്യട്ടെ. ഒപ്പം എന്നെ ശക്തിപ്പെടുത്തട്ടെ. ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും സമത്വത്തോടെ സ്വീകരിക്കാൻ പ്രാപ്തയാക്കുകയുംചെയ്യട്ടെയെന്നും ശർമിഷ്ഠ ട്വീറ്ററിൽ കുറിച്ചു.