ദുബൈയിൽ നിന്ന് മംഗലാപുരത്ത് എത്തിയ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

മെയ് 12 ന് നാട്ടിലെത്തിയവരാണ് ഇവർ. തിരിച്ചെത്തിയ ദക്ഷിണ കന്നഡ സ്വദേശികളെ ജില്ലാ ഭരണകൂടം മംഗലാപുരത്തെ വിവിധ ഹോട്ടലുകളിൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു

Repatriation 20 returned Mangaluru from Dubai confirmed Covid in Karnataka

മംഗലാപുരം: ദുബൈയിൽ നിന്നും പ്രത്യേക വിമാനത്തിൽ മംഗലാപുരത്ത് എത്തിയ 20 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള 15 പേർക്കും ഉഡുപ്പിയിൽ നിന്നുള്ള അഞ്ച് പേർക്കുമാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

മെയ് 12 ന് നാട്ടിലെത്തിയവരാണ് ഇവർ. തിരിച്ചെത്തിയ ദക്ഷിണ കന്നഡ സ്വദേശികളെ ജില്ലാ ഭരണകൂടം മംഗലാപുരത്തെ വിവിധ ഹോട്ടലുകളിൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഉഡുപ്പി സ്വദേശികൾക്ക് ഉഡുപ്പിയിലാണ് ക്വാറന്റീൻ ഒരുക്കിയത്. രോഗം സ്ഥിരീകരിച്ച ദക്ഷിണ കന്നഡ ജില്ലക്കാരെ മംഗലാപുരത്തും മറ്റുള്ളവരെ ഉഡുപ്പിയിലുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇതോടെ ദക്ഷിണ കന്നഡ ജില്ലയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 43 ഉം ഉഡുപ്പിയിലേത് എട്ടുമായി. 47 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉഡുപ്പി ജില്ലയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. ദുബൈയിൽ നിന്നെത്തിയ വിമാനത്തിൽ 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരിൽ 38 പേർ ഗർഭിണികളായിരുന്നു. 49 പേർ ഉഡുപ്പി ജില്ലയിലേക്കും 125 പേർ ദക്ഷിണ കന്നഡ ജില്ലയിലേക്കുമാണ് തിരിച്ചെത്തിയത്.

ഇതോടെ കർണ്ണാടകത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 1032 ആയി. വെള്ളിയാഴ്ച ദക്ഷിണ കന്നഡ ജില്ലയിൽ 16, ബെംഗളൂരുവിൽ 13, ഉഡുപ്പിയിൽ അഞ്ച്, ബിദാറിൽ മൂന്ന്, ഹാസനിൽ മൂന്ന്,  ചിത്രദുർഗയിൽ രണ്ട്, ശിവമോഗ, കോലാർ ബഗൽകോട്ട ജില്ലകളിൽ ഒന്ന് വീതവും ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധയേറ്റവരിൽ 476 പേർക്ക് രോഗം ഭേദമായി.  35 പേർക്ക് സംസ്ഥാനത്ത് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios