മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര.
മുംബൈ: മഹാരാഷ്ട്രയില്‍ എല്ലാ ആരാധനാലയങ്ങളും ഭക്തര്‍ക്കായി തിങ്കളാഴ്ച മുതല്‍ തുറന്നുകൊടുക്കുമെന്ന് സര്‍ക്കാര്‍. ആരാധനാലയങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കും. സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും തിങ്കളാഴ്ച മുതല്‍ തുറക്കും. മാസ്‌കും മറ്റ് കൊവിഡ് മാനദണ്ഡങ്ങളും നിര്‍ബന്ധമാക്കും-സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. സാമൂഹിക അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്. സാമൂഹിക അകലവും പ്രധാനപ്പെട്ടതാണെന്ന് മന്ത്രി ജയന്ത് പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഡിവിഷണല്‍ കമ്മീഷണര്‍മാരുമായും കലക്ടര്‍മാരുമായും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വീഡിയോ കോണ്‍ഫറന്‍സ് വഴി കൂടിക്കാഴ്ച നടത്തിയിരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം തുറന്നാല്‍ മതിയെന്നാണ് യോഗത്തില്‍ തീരുമാനമായത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചിലാണ് സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ അടക്കുന്നത്. കൊവിഡിന്റെ രണ്ടാം വരവിന് സാധ്യതയുണ്ടെന്നും ആരാധനാലയങ്ങള്‍ തുറക്കുന്നത് വൈകുമെന്നും സൂചനയുണ്ടായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര.