തിരുപ്പതി ദുരന്തം; അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീയെ പുറത്തിറക്കാൻ ശ്രമിച്ചപ്പോൾ ആളുകൾ ഇടിച്ചുകയറിയെന്ന് പൊലീസ്

വ്യാഴാഴ്ച പുല‍ർച്ചെ മാത്രമേ ഗേറ്റ് തുറക്കു എന്നതിനാൽ ആളുകളെ നിയന്ത്രിക്കാനുള്ള വലിയ പൊലീസ് സന്നാഹമൊന്നും ഇന്നലെ രാത്രി സ്ഥലത്തുണ്ടായിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു.

reason of Tirupati Stampede police tried to assist a woman feeling uneasiness and opened the gate partially

തിരുപ്പതി: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ആറ് പേരുടെ മരണത്തിനിടയായ അപകടം സംഭവിച്ചതെങ്ങനെ എന്ന കാര്യത്തിൽ വിശദീകരണവുമായിവിശദീകരണവുമായി തിരുപ്പതി ദേവസ്ഥാനവും പൊലീസും. വ്യാഴാഴ്ച പുലർച്ചെയാണ് വൈകുണ്ഠ ഏകാദശിക്ക് വേണ്ടിയുള്ള കൗണ്ടറുകളിൽ കൂപ്പൺ വിതരണം തുടങ്ങേണ്ടിയിരുന്നത്. എന്നാൽ ഇന്നലെ രാവിലെ മുതൽ തന്നെ ഇവിടെ ആളുകൾ ക്യൂവിൽ നിൽക്കാനായി എത്തിയിരുന്നു. എന്നാൽ ക്യൂവിലേക്ക് ആരേയും അധികൃതർ കടത്തി വിട്ടിരുന്നില്ല.

ഇതിനിടെ ക്യൂവിന് മുന്നിലെ ആൾക്കൂട്ടത്തിനിടയിൽ നിൽക്കുകയായിരുന്ന ഒരു സ്ത്രീയ്ക്ക് ശ്വാസം മുട്ട് അനുഭവപ്പെട്ടു. ഇവരെ പുറത്തേക്ക് കൊണ്ട് പോകാൻ ക്യൂവിന്‍റെ ഒരു ഭാഗം പൊലീസ് കുറച്ച് തുറന്നു. ഈ സമയത്ത് ഇവിടേക്ക് ആളുകൾ ഇടിച്ച് കയറുകയായിരുന്നു. ക്യൂ വ്യാഴാഴ്ച മാത്രമേ തുറക്കൂ എന്നതിനാൽ വലിയൊരു ക്യൂ നിയന്ത്രിക്കാൻ ഉള്ള സംവിധാനമോ ആൾബലമോ അപ്പോൾ പൊലീസിന് ഉണ്ടായില്ലെന്നും അധികൃതർ അറിയിച്ചു. ഇതാണ് വലിയ ദുരന്തത്തിന് വഴി വച്ചതെന്ന് ജില്ലാ പൊലീസ് മേധാവിയും തിരുമല തിരുപ്പതി ദേവസ്വം ചെയർമാനും അറിയിച്ചു. ആളുകള്‍ ഇടിച്ചുകയറിയതോടെ തിക്കും തിരക്കുമുണ്ടായി. ഇതോടെ പൊലീസ് ഒരുക്കിയ സകലനിയന്ത്രണങ്ങളും പാളി. തുടര്‍ന്നാണ് വലിയ ദുരന്തം ഉണ്ടായത്. താഴെ വീണ ആളുകള്‍ക്ക്  മുകളിലുടെ മറ്റു ആളുകള്‍ പരിഭ്രാന്തരായി ഓടിയതോടെ അപകടത്തിന്‍റെ വ്യാപ്തി കൂടി. 

മരിച്ച ആറ് പേരിൽ അഞ്ച് പേര്‍ സ്ത്രീകളാണ്. തമിഴ്നാട് സേലം സ്വദേശിനി മല്ലിക (49), കർണാടക ബെല്ലാരി സ്വദേശിനി നിർമല (50), ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശികളായ ലാവണ്യ (40), രജനി (47), ശാന്തി (34), ആന്ധ്രാപ്രദേശിലെ നരസിപ്പട്ടണം സ്വദേശി നായിഡു ബാബു (51) എന്നിവരാണ് മരിച്ചത്. 20 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ റൂയ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജനുവരി പത്തിനാണ് വൈകുണ്ഠ ഏകാദശി ദര്‍ശനം. വൈകുണ്ഠ ദ്വാര ദര്‍ശനത്തിനായാണ് കൂപ്പണ്‍ വിതരണം ചെയ്യുന്നത്. 1,20,000 കൂപ്പണുകൾ വിതരണം ചെയ്യാൻ 94 കൗണ്ടറുകൾ തയ്യാറാക്കിയിരുന്നു. അപകടത്തെ തുടര്‍ന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇടപെടുകയും തിരുപ്പതി തിരുമല ദേവസ്ഥാനം അധികൃതരുമായി സംസാരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥലത്തേക്ക് കൂടുതൽ പൊലീസുകാരെ എത്തിച്ചു. രാത്രി തന്നെ ചന്ദ്രബാബു നായിഡു അടിയന്തര യോഗവും ചേര്‍ന്നു.  അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios