'ബിജെപി എന്തിനാണ് അഴിമതിയെന്ന് അലമുറയിടുന്നത്? യഥാര്‍ത്ഥ അഴിമതി ഓപ്പറേഷൻ താമര': കെജ്രിവാൾ
ആംആദ്മി പാർട്ടി പ്രതീക്ഷവയ്ക്കുന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപിയുമായുള്ള പോര് ശക്തമാകുന്നത്.
ദില്ലി : ആംആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെ നാടകീയ സംഭവങ്ങൾക്കാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്. തങ്ങളുടെ എംഎല്‍എമാരെ അടർത്തിമാറ്റാൻ ബിജെപി ശ്രമിച്ചെന്ന ആരോപണമാണ് ഏറ്റവും ഒടുവിലായി ആംആദ്മി ഉയര്‍ത്തിയത്. ആംആദ്മി നേതാക്കൾ അഴിമതി നടത്തിയെന്ന് അലമുറയിടുന്ന ബിജെപിയാണ് ഓപ്പറേഷൻ താമരയെന്ന യഥാർത്ഥ അഴിമതി ചെയ്യുന്നതെന്നും കെജ്രിവാൾ വിമര്‍ശിച്ചു. ദില്ലി സർക്കാരിനെ വീഴ്ത്താൻ 40 എംഎൽഎമാരെയാണ് ബിജെപി ബന്ധപ്പെട്ടത്. ഇവർക്ക് വാഗ്ദാനം ചെയ്ത 800 കോടി എവിടെ നിന്നാണ് വന്നതെന്ന ചോദ്യമുയര്‍ത്തിയ കെജ്രിവാൾ, ഇന്ത്യയിലെ ജനങ്ങളുടെ പണമാണതെന്നും ഓര്‍മ്മിപ്പിച്ചു.
ഓപ്പറേഷന്‍ താമരയില്‍നിന്നും രാജ്യത്തെ രക്ഷിക്കാനെന്ന പേരിൽ എംഎല്‍എമാർക്കൊപ്പം രാജ്ഘട്ടില്‍ പ്രാർത്ഥന നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു കെജ്രിവാൾ. കളംമാറ്റി ചവിട്ടാൻ കോടികൾ എംഎൽഎമാര്‍ക്ക് വാഗ്ദാനം ചെയ്തുവെന്ന് ബിജെപിക്കെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രവാൾ തുറന്നടിച്ചതോടെയാണ് ദില്ലിയിലും 'ഓപ്പറേഷൻ താമര' ക്ക് കളമൊരുങ്ങുന്നുവെന്ന അഭ്യൂഹമുണ്ടായത്.
ദില്ലി സർക്കാറിനെ വീഴ്ത്താനായി ബിജെപി ശ്രമിക്കുകയാണെന്ന് ഇന്നലെയാണ് കെജ്രിവാൾ ആരോപിച്ചത്. ഇന്ന് രാവിലെ അരവിന്ദ് കെജ്രിവാളിന്‍റെ വീട്ടില്‍ എംഎൽഎമാരുടെ യോഗം വിളിച്ചു ചേർത്തു. ചില എംഎൽഎമാരെ ബന്ധപ്പെടാൻ പാർട്ടിക്കു കഴിയുന്നില്ലെന്ന റിപ്പോർട്ടുകൾ ആദ്യം പുറത്തു വന്നു. ഇതോടെ ദില്ലിയിൽ അട്ടമറി നീക്കമെന്ന അഭ്യൂഹം ശക്തമായി. എന്നാൽ എല്ലാവരെയും ഫോണിൽ കിട്ടിയെന്ന് പിന്നീട് പാർട്ടി വിശദീകരിച്ചു. 70 അംഗ ദില്ലി നിയമസഭയില്‍ 62 എംഎല്‍എമാരാണ് ആംആദ്മി പാർട്ടിക്കുള്ളത്. ഇതില്‍ 53 പേർ യോഗത്തിന് നേരിട്ടെത്തി ബാക്കിയുള്ളവർ വിർച്ച്വലായാണ് പങ്കെടുത്തത്. ഓരോ എംഎല്‍എയ്ക്കും 20 കോടി രൂപവീതം വാഗ്ദാനം ചെയ്ത് നാല്‍പത് എംഎല്‍എമാരെ അടർത്തിമാറ്റാനാണ് ബിജെപി ശ്രമിച്ചതെന്ന് നേതാക്കൾ ആരോപിച്ചു. നാല്‍പത് എംഎല്‍എമാർക്ക് ഇരുപത് കോടി രൂപ വീതം ആകെ 800 കോടി രൂപ വാഗ്ദാനം ചെയ്ത ബിജെപിക്ക് ഈ പണം എവിടുന്ന് കിട്ടിയെന്നും ആംആദ്മി നേതാക്കൾ ചോദിച്ചു.
ആംആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേന്ദ്ര ഏജന്‍സികൾ നടപടികൾ തുടരുന്നതിനിടെയാണ് ബിജെപിക്കെതിരെ കെജ്രിവാൾ നിലപാട് കടുപ്പിക്കുന്നത്. ദില്ലി മദ്യനയ കേസില്‍ പാർട്ടിക്കെതിരായ ആരോപണങ്ങൾക്കെതിരെ അഴിമതിയും ഓപ്പറേഷന്‍ താമരയും ഉയർത്തിക്കാട്ടിയാണ് പ്രതിരോധം. ആംആദ്മി പാർട്ടി പ്രതീക്ഷവയ്ക്കുന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപിയുമായുള്ള പോര് ശക്തമാകുന്നതെന്നത് ശ്രദ്ധേയമാണ്.