നുണ പരിശോധനയ്ക്ക് തയ്യാറെന്ന് പരാതി നല്‍കിയ യുവതി, ഗവര്‍ണ്ണര്‍ ആനന്ദബോസിന് സിപിഎം പിന്തുണ
സര്‍ക്കാര്‍ നടപടി ആസൂത്രിതമാണെന്നാരോപിച്ച് സിപിഎം ആനന്ദബോസിനെ പിന്തുണച്ചു. പരാതിക്കാരിയുടെ അമ്മ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നുവെന്ന് കിഴക്കന്‍ മേദിനി പൂര്‍ ജില്ലാ സെക്രട്ടറി നിരഞ്ജന്‍ സിഹി വെളിപ്പെടുത്തി.
ദില്ലി : നുണ പരിശോധനയ്ക്ക് തയ്യാറെന്ന് ഗവര്‍ണ്ണര്‍ ആനന്ദബോസിനെതിരെ പരാതി നല്‍കിയ യുവതി. വീണ്ടും നോട്ടീസ് നല്‍കിയെങ്കിലും രാജ് ഭവന്‍ ജീവനക്കാരാരും അന്വേഷണ സംഘത്തിന് മുന്നിലെത്തിയിട്ടില്ല. ഇതിനിടെ സിപിഎം ആനന്ദബോസിനെ പിന്തുണച്ചു.
''പീഡിപ്പിച്ച ശേഷം ഭരണ ഘടന പരിരക്ഷയുണ്ടെന്ന് പറയുന്നു, നിരപരാധിയെങ്കില്‍ ബംഗാളില്‍ നില്‍ക്കാതെ എന്തുകൊണ്ട് കേരളത്തിലേക്ക് കടന്നു'' തുടങ്ങിയ ആരോപണങ്ങളാണ് ഗവര്‍ണ്ണര്‍ ആനന്ദബോസിനെതിരെ പരാതിക്കാരി ഉയര്‍ത്തുന്നത്. സംഭവിച്ചതെന്തെന്ന് ബോസിന്‍റെ സമക്ഷം പറയാന്‍ തയ്യാറാണ്. തന്നെ നുണപരിശോധനക്ക് വിധേയയാക്കിക്കൊള്ളാനും പരാതിക്കാരി പറഞ്ഞു. രണ്ട് തവണ പീഡനം നടന്നെന്നും പരാതി നല്‍കിയതോടെ ജോലി നഷ്ടപ്പെട്ടെന്നും യുവതി പറയുന്നു. യുവതി പ്രതികരണം പുറത്ത് വന്നതോടെ തൃണമൂല്‍ കോണ്‍ഗ്രസും ആനന്ദബോസിനെതിരെ പ്രതിഷേധം ശക്തമാക്കി. ആനന്ദബോസ് ബംഗാളിനെ അപമാനിച്ചെന്നും, കേരളത്തില്‍ നില്‍ക്കാതെ തിരിച്ചെത്തി ഗവര്‍ണ്ണര്‍ മറുപടി പറയണമെന്നും തൃണമൂല്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
അതേ സമയം, സര്‍ക്കാര്‍ നടപടി ആസൂത്രിതമാണെന്നാരോപിച്ച് സിപിഎം ആനന്ദബോസിനെ പിന്തുണച്ചു. പരാതിക്കാരിയുടെ അമ്മ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നുവെന്ന് കിഴക്കന്‍ മേദിനി പൂര്‍ ജില്ലാ സെക്രട്ടറി നിരഞ്ജന്‍ സിഹി വെളിപ്പെടുത്തി.
അന്വേഷണ സംഘത്തിന്‍റെ തുടര്‍ നോട്ടീസുകളോട് രാജ് ഭവന്‍ ജീവനക്കാര്‍ പ്രതികരിച്ചിട്ടില്ല. സഹകരിക്കേണ്ടെന്ന ഗവര്‍ണ്ണറുടെ കത്ത് ഉത്തരവിന് സമാനമായാണ് പരിഗണിക്കുന്നതെന്ന് രാജ് ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേ സമയം കേരളത്തിലുള്ള ആനന്ദബോസ് എപ്പോള്‍ തിരികെയെത്തുമെന്ന് വ്യക്തമല്ല. നാളെ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബിജെപി നിര്‍ദ്ദേശ പ്രകാരം ഗവര്‍ണ്ണര്‍ മാറി നില്‍ക്കുകയാണെന്നാണ് സൂചന.