Asianet News MalayalamAsianet News Malayalam

റോഡിലെ കുഴികൾക്ക് കാരണം എലികളാണെന്ന് പറഞ്ഞു പണി പോയി; പിരിച്ചുവിട്ടത് എക്‌സ്‌പ്രസ്‍വേ പദ്ധതിയിലെ ഉദ്യോഗസ്ഥനെ

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എൻഎച്ച്എഐ) അയച്ച കത്തിൽ സ്ഥാപനം ജീവനക്കാരനെതിരെ എടുത്ത നടപടികൾ വിശദീകരിച്ചു.

rats responsible for holes in road staff who said this part of Delhi Mumbai Expressway Project terminated by construction firm
Author
First Published Sep 19, 2024, 2:42 PM IST | Last Updated Sep 19, 2024, 2:48 PM IST

ദില്ലി: റോഡിലെ കുഴികൾക്ക് കാരണം എലികളാണെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. ഡൽഹി - മുംബൈ എക്‌സ്‌പ്രസ് വേ പദ്ധതിയുടെ ഭാഗമായിരുന്ന ഉദ്യോഗസ്ഥനാണ് കുഴികളുടെ ഉത്തരവാദിത്തം എലികളിൽ ചാർത്തിയത്. രാജസ്ഥാനിലെ ദൗസ ജില്ലയിലെ റോഡിൽ ചില ഭാഗങ്ങളിൽ രൂപപ്പെട്ട കുഴികളുടെ ഉത്തരവാദിത്തമാണ് ഉദ്യോഗസ്ഥൻ എലികളിൽ ആരോപിച്ചത്. 

കെസിസി ബിൽഡ്കോണ്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരനെയാണ് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എൻഎച്ച്എഐ) അയച്ച കത്തിൽ സ്ഥാപനം ജീവനക്കാരനെതിരെ എടുത്ത നടപടികൾ വിശദീകരിച്ചു. പ്രോജക്‌ടിനെക്കുറിച്ച് സാങ്കേതിക ധാരണയില്ലാത്ത ഒരു ജൂനിയർ ജീവനക്കാരനാണ് ഈ അഭിപ്രായ പ്രകടനം നടത്തിയതെന്നും അദ്ദേഹത്തെ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടെന്നുമാണ് സ്ഥാപനം വിശദീകരിച്ചത്. ജീവനക്കാരൻ മെയിന്‍റനൻസ് മാനേജർ അല്ലെന്നും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങൾ സാങ്കേതിക ധാരണല്ലാത്തതു കൊണ്ടാണെന്നും കമ്പനി വ്യക്തമാക്കി.

വെള്ളം ലീക്കായതിനെ തുടർന്നാണ് റോഡ് തകർന്നതെന്ന് ദൗസയിലെ എക്‌സ്പ്രസ് വേ പ്രോജക്ട് ഡയറക്ടർ ബൽവീർ യാദവ് പറഞ്ഞു. കരാറുകാരന് വിവരം ലഭിച്ചയുടൻ കുഴിയടച്ച് പ്രശ്നം പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു. 

1,386 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി - മുംബൈ എക്‌സ്‌പ്രസ്‌വേ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ എക്‌സ്‌പ്രസ് വേയാണ്. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രാ സമയം 24 മണിക്കൂറിൽ നിന്ന് 12 - 13 മണിക്കൂറായി ചുരുക്കാൻ ലക്ഷ്യമിട്ടാണ് ഈ എക്സ്പ്രസ് വേ നിർമിച്ചത്. ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ അതിവേഗ പാത കടന്നുപോകുന്നു. പദ്ധതിയുടെ 80 ശതമാനം പൂർത്തിയായെന്നും മുഴുവൻ പൂർത്തിയാകാൻ ഒരു വർഷം കൂടി വേണ്ടിവരുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ജൂലൈയിൽ രാജ്യസഭയെ അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios