തോയിസിൽ നിന്ന് തവാങ്ങിലേക്ക് 7,000 കിലോമീറ്റർ; വലിയ ലക്ഷ്യങ്ങളുമായി വമ്പൻ കാര്‍ റാലിക്കൊരുങ്ങി വ്യോമ സേന

 പരമവീര ചക്ര നേടിയ നിർമ്മൽ ജിത് സിംഗ് സെഖോൺ, ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മ, കാർഗിൽ ഹീറോ സ്ക്വാഡ്രൺ ലീഡർ അജയ് അഹൂജ വിആർസി എന്നിവരുടെ വീരചരിത്രം രേഖപ്പെടുത്തിയാകും കാര്‍ റാലി മുന്നോട്ട് പോവുക. 

rajnath singh to launch-iaf-s-wings-of-glory-7-000km-car-rally-from-thoise-to-tawang-to-inspire-youth

ദില്ലി: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാര്‍ റാലിക്ക് തയാറെടുത്ത് വ്യോമസേന. വിംഗ് ഓഫ് ഗ്ലോറി കാര്‍ റാലി തുടക്കം കുറിക്കുക കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ്. ഉത്തരാഖണ്ഡ് വാർ മെമ്മോറിയലിൽ നിന്നുള്ള സൈനികർ തോയിസ് (സിയാച്ചിൻ) നിന്ന് തവാങിലേക്ക് 7000 കിലോമീറ്ററാണ് യാത്ര ചെയ്യുക. യുവാക്കളെ സേനയിലേക്ക് ആകർഷിക്കുന്നതിനും സേനയുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിനുമായാണ് റാലി സംഘടിപ്പിക്കുന്നത്. പരമവീര ചക്ര നേടിയ നിർമ്മൽ ജിത് സിംഗ് സെഖോൺ, ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മ, കാർഗിൽ ഹീറോ സ്ക്വാഡ്രൺ ലീഡർ അജയ് അഹൂജ വിആർസി എന്നിവരുടെ വീരചരിത്രം രേഖപ്പെടുത്തിയാകും കാര്‍ റാലി മുന്നോട്ട് പോവുക. 

വായു വീർ വിജേത ഐഎഎഫ്-യുഡബ്ല്യുഎം കാർ റാലി ദേശീയ യുദ്ധസ്മാരകത്തിൽ നിന്ന് ഒക്‌ടോബർ ഒന്നിനാണ് യാത്ര തുടങ്ങുക. എയർഫോഴ്‌സ് ദിനമായ ഒക്ടോബർ എട്ടിന് തോയിസിൽ (സിയാച്ചിനിലേക്കുള്ള ട്രാൻസിറ്റ് ഹാൾട്ട്) ഔപചാരികമായ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സമുദ്രനിരപ്പിൽ നിന്ന് 3068 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള വ്യോമസേനാ സ്റ്റേഷനുകളിൽ ഒന്നാണ് ഇത്. 

ഒക്‌ടോബർ 9-ന് ലേയിലെ പോളോ ഗ്രൗണ്ടിൽ എയർ വാരിയേഴ്‌സിന്‍റെ കാർ റാലിയെ ലഡാക്കിലെ ലഫ്റ്റനന്‍റ് ഗവർണർ ബ്രിഗ് ബി ഡി മിശ്ര സ്വീകരിക്കും. ഹിന്ദിയിൽ വായു വീർ വിജേതാ റാലി എന്നാണ് റാലിയുടെ പേര്. പതിനാറ് ഇടങ്ങളിലാണ് റാലിക്ക് സ്റ്റോപ്പുള്ളത്. കടന്ന് പോകുന്ന വഴികളില്‍ നിരവധി കോളേജുകളിലെയും സർവ്വകലാശാലകളിലെയും വിദ്യാർത്ഥികളുമായും സാധാരണ യുവാക്കളുമായും സംവാദങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ പ്രധാന നഗരങ്ങളിലെ പ്രമുഖ വ്യക്തികൾ സ്വീകരണവും ഒരുക്കും. ഒടുവിൽ ആറാമത്തെ ദലൈലാമയുടെ ജന്മസ്ഥലമായ തവാങ്ങിൽ എത്തി പതാക താഴ്ത്തും. 

റാലിയിൽ ഡ്രൈവർമാരായും സഹ ഡ്രൈവർമാരായും 52 വ്യോമസേനാംഗങ്ങളുണ്ട്. എയർഫോഴ്‌സിൽ നിന്നുള്ള നിരവധി വനിതാ ഓഫീസർമാരും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. നിതിൻ ഗഡ്കരിയുടെ ഹൈവേ മന്ത്രാലയം റാലിയുടെ ഒരു പ്രധാന പങ്കാളിയാണ്. കേന്ദ്ര യുവജന കായിക മന്ത്രി മൻസുഖ്  മൻസുഖ് മണ്ഡാവിയയും പിന്തുണ നല്‍കി ഒത്തുചേരും. റാലി നവംബർ 13ന് ദിലിക്ക് മടങ്ങും. യുവാക്കളെ സേനയിലേക്ക് ആകർഷിക്കുന്നതിനും സേനയുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിനും നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ എയര്‍ഫോഴ്സ് കാര്‍ റാലി സംഘടിപ്പിക്കുന്നതിന് നിലവിലെ എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരിക്കും നിയുക്ത എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിംഗിനും മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, മുൻ എംപി തരുണ്‍ വിജയ്, മുൻ നേവല്‍ ചീഫ് അഡ്മിറല്‍ ഡ‍ി കെ ജോഷി തുടങ്ങിയവര്‍ നന്ദി അറിയിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios