രാജീവ് ഗാന്ധിയുടെ ജീവനെടുത്ത സ്ഫോടനം: 19ാം വയസിൽ അറസ്റ്റ്, ടാഡ, വധശിക്ഷ, തൂക്കുകയർ, പരോൾ, ഒടുവിൽ മോചനം; നാൾവഴി
19ാം വയസിൽ അറസ്റ്റിലായ പേരറിവാളന് 31 വർഷത്തിന് ശേഷമാണ് മോചനം ലഭിക്കുന്നത്. ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചാണ് സുപ്രീംകോടതിയുടെ വിധി
രാജീവ് ഗാന്ധി വധക്കേസിലെ (Rajeev Gandhi Murder Case) പ്രതി പേരറിവാളനെ (Perarivalan) ജയില്‍ മോചിതനാക്കാന്‍ സുപ്രീംകോടതി ഉത്തരിവിട്ടതോടെ രാജ്യമാകെ വിഷയം വീണ്ടും ചർച്ചയാകുകയാണ്. 19ാം വയസിൽ അറസ്റ്റിലായ പേരറിവാളന് 31 വർഷത്തിന് ശേഷമാണ് മോചനം ലഭിക്കുന്നത്. ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചാണ് സുപ്രീംകോടതിയുടെ വിധി. 1991ലാണ് പേരറിവാളൻ അറസ്റ്റിലായത്. 1991 ജൂൺ 11 ന് ചെന്നൈയിലെ പെരിയാർ തിടലിൽ വച്ച് സിബിഐ ഓഫീസർമാർ പേരറിവാളനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 20 വയസ് തികഞ്ഞിട്ടില്ലായിരുന്നു. ചെയ്ത കുറ്റം, രാജ്യത്തെ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നതായിരുന്നു. രാജീവ് ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്‌ഫോടക വസ്തുവായി 9 വോൾട്ട് ബാറ്ററി നൽകിയെന്നതായിരുന്നു പേരറിവാളന് മേല്‍ കണ്ടെത്തിയ കുറ്റം. നിയമുപോരാട്ടത്തിനൊടുവിൽ പേരറിവാളൻ മോചനം നേടുമ്പോൾ ഇതിനിടയിൽ ഒട്ടേറെ സംഭവങ്ങളാണ് കേസുമായി ബന്ധപ്പെട്ട് രാജ്യം കണ്ടത്. ടാഡ വകുപ്പ് ചുമത്തപ്പെട്ട് അറസ്റ്റിലായ പേരറിവാളൻ തൂക്കുകയറിൽ നിന്നാണ് രക്ഷനേടി ഇപ്പോൾ മോചിതനാകുന്നത്. ആ നാൾവഴിയിലേക്ക് കണ്ണോടിക്കാം.
മോചനത്തിന്‍റെ നാൾവഴി
1991 മെയ് 21: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും മറ്റ് 16 പേരും തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വച്ച് രാത്രി 10.20 ന് ചാവേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.
1991 മെയ് 22: കേസ് അന്വേഷിക്കാൻ സിബി-സിഐഡി സംഘം രൂപീകരിച്ചു.
1991 മെയ് 24: സംസ്ഥാന സർക്കാരിന്‍റ അഭ്യർത്ഥന പ്രകാരം അന്വേഷണം സിബിഐ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
1991 ജൂൺ 11: പത്തൊൻപതുകാരനായ എ ജി പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്തു. മറ്റെല്ലാ പ്രതികളേയും പോലെ ടാഡ ചുമത്തി കേസെടുത്തു.
1992 മെയ് 20: ചെന്നൈയിലെ പ്രത്യേക ടാഡ വിചാരണ കോടതിയിൽ 41 പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഇതിൽ 12 പേർ മരിച്ചുപോയിരുന്നു, 3 പേർ ഒളിവിലും.
1998 ജനുവരി 28: നീണ്ട വിചാരണയ്ക്ക് ശേഷം പേരറിവാളനും നളിനിയും ഉൾപ്പെടെ 26 പ്രതികളെ ടാഡ കോടതി വധശിക്ഷയ്ക്ക് വിധിച്ചു.
1999 മേയ് 11: മുരുകൻ, ശാന്തൻ, പേരറിവാളൻ, നളിനി എന്നിവരുൾപ്പെടെ നാലു പേരുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. മൂന്ന് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. മറ്റ് 19 പ്രതികളെ മോചിപ്പിച്ചു, ടാഡ വകുപ്പ് ചുമത്തിയത് ഒഴിവാക്കി.
2000 ഏപ്രിൽ 109: നളിനിയുടെ വധശിക്ഷ ഇളവ് ചെയ്യണമെന്ന് കരുണാനിധി സർക്കാർ ഗവർണറോട് ശുപാർശ ചെയ്തു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും നളിനിയെ മോചിപ്പിക്കാൻ രാഷ്ട്രപതിക്ക് അപേക്ഷ അയച്ചു.
2000 ഏപ്രിൽ 21: തമിഴ്നാട് മന്ത്രിസഭയുടെ ശുപാർശ കണക്കിലെടുത്ത് നളിനിയുടെ വധശിക്ഷ ഗവർണർ ജീവപര്യന്തമാക്കി കുറച്ചു.
2001: ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നീ മൂന്ന് പ്രതികൾ രാഷ്ട്രപതിക്ക് ദയാഹർജി നൽകി.
2006: പേരറിവാളന്റെ ആത്മകഥ ‘ആൻ അപ്പീൽ ഫ്രം ദ ഡെത്ത് റോ’ പുറത്തിറങ്ങി. കേസിൽ താൻ ഉൾപ്പെട്ടതെങ്ങനെ എന്നത് സംബന്ധിച്ച വെളിപ്പെടുത്തലുകൾ വലിയ പൊതുചർച്ചയ്ക്ക് വഴിവച്ചു.
2011 ഓഗസ്റ്റ് 11: പതിനൊന്ന് വർഷത്തിന് ശേഷം അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ മൂന്ന് പ്രതികളുടേയും ദയാഹർജി തള്ളി.
2011 ഓഗസ്റ്റ് 30 : സെപ്തംബർ 9ന് നടത്താനിരുന്ന തൂക്കിക്കൊല മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. അതേ ദിവസം ജയലളിത സർക്കാർ പ്രതികളുടെ തൂക്കിക്കൊലയ്ക്കെതിരെ പ്രമേയം പാസാക്കി.
2013 ഫെബ്രുവരി 24: കുറ്റകൃത്യം നടന്ന് 23 വർഷത്തിന് ശേഷം പ്രതികളെ തൂക്കിലേറ്റുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് കെ ടി തോമസ്. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ പാടില്ലെന്ന പ്രസ്താവന ചർച്ചയാകുന്നു.
2013 നവംബർ: പേരറിവാളന്‍റെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ മുൻ സിബിഐ ഉദ്യോഗസ്ഥൻ ത്യാഗരാജൻ മൊഴി താൻ പൂർണമായി രേഖപ്പെടുത്തിയിരുന്നില്ല എന്ന് വെളിപ്പെടുത്തുന്നു.
2014 ജനുവരി 21: രാജീവ്ഗാന്ധി കേസിലെ മൂന്ന് പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി ഇളവ് ചെയ്തു.
2014 ഫെബ്രുവരി 19: ഏഴ് പ്രതികളേയും വിട്ടയക്കാൻ ജയലളിത സർക്കാർ തീരുമാനിച്ചു.
2014 ഫെബ്രുവരി 20: തമിഴ്നാട് സർക്കാരിന്‍റെ തീരുമാനത്തിനെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി മോചനം സ്റ്റേ ചെയ്തു.
2015: ഭരണഘടനയുടെ ആർട്ടിക്കിൾ 161 പ്രകാരം തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പേരറിവാളൻ തമിഴ്നാട് ഗവർണർക്ക് ദയാഹർജി നൽകി. ഗവർണറിൽ നിന്ന് മറുപടി കിട്ടാത്തതിനാൽ ഇതേ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചു.
2017 ഓഗസ്റ്റ് 2017: 1991ൽ അറസ്റ്റിലായതിന് ശേഷം ആദ്യമായി തമിഴ്‌നാട് സർക്കാർ പേരറിവാളന് പരോൾ അനുവദിച്ചു.
2018 സെപ്റ്റംബർ 6: ദയാഹർജിയിൽ തീരുമാനമെടുക്കാൻ സംസ്ഥാന ഗവർണർക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി.
2018 സെപ്റ്റംബർ 9: എടപ്പാടി പളനിസാമി മന്ത്രിസഭ പേരറിവാളനടക്ക് ഏഴ് പ്രതികളെയും മോചിപ്പിക്കാൻ ഗവർണർക്ക് ശുപാർശ ചെയ്തു.
2021 ജനുവരി: ഗവർണർ മന്ത്രിസഭാ തീരുമാനം വച്ചുതാമസിപ്പിക്കുന്നതിനെതിരെ സുപ്രീം കോടതി. കോടതിക്ക് തീരുമാനം എടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഗവർണർ ശുപാർശ രാഷ്ട്രപതിക്ക് അയക്കുന്നു.
2021 മെയ്: പേരറിവാളന് ഡിഎംകെ സർക്കാർ വീണ്ടും പരോൾ നൽകി. തുടർന്ന് പരോൾ നീട്ടി നൽകുന്നു.
2022 മാർച്ച് 9: പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.
2022 മെയ് 11: കേസിൽ സുപ്രീം കോടതി വാദം കേൾക്കൽ അവസാനിപ്പിച്ചു. പേരറിവാളൻ കുറ്റവിമുക്തൻ.
പേരറിവാളന് മോചനം; രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയുടെ മോചനം 31 വർഷത്തിന് ശേഷം