അതിഥി തൊഴിലാളികൾക്ക് ബിസ്കറ്റ് എറിഞ്ഞു കൊടുത്തു; പ്രതിഷേധം ഉയര്‍ന്നതോടെ ഉദ്യോഗസ്ഥന് സസ്പെൻഷൻ
ഉത്തർപ്രദേശിലെ ഫിറോസാബാദിലെ തുണ്ട്ല റെയിൽവേ സ്റ്റേഷനിലാണ് സംഭവം. റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥനും സഹപ്രവർത്തകരും ചേർന്നാണ് ബിസ്കറ്റ് വിതരണം നടത്തിയത്.
ലക്നൗ: ശ്രമിക് ട്രെയിനിൽ നാട്ടിലേക്ക് പോകുകയായിരുന്ന അതിഥി തൊഴിലാളികൾക്ക് പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ട ബിസ്കറ്റ് പാക്കറ്റുകൾ എറിഞ്ഞു കൊടുത്ത ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഉത്തർപ്രദേശിലെ ഫിറോസാബാദിലെ തുണ്ട്ല റെയിൽവേ സ്റ്റേഷനിലാണ് സംഭവം. റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥനും സഹപ്രവർത്തകരും ചേർന്നാണ് ബിസ്കറ്റ് വിതരണം നടത്തിയത്. കൂടാതെ അതിഥി തൊഴിലാളികളെ അപമാനിക്കുന്ന രീതിയിൽ ഇവർ സംസാരിക്കുന്നതായും വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
ഡികെ ദീക്ഷിത് എന്ന ഉദ്യോഗസ്ഥനാണ് സംഘത്തെ നയിക്കുന്നത്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളിൽ ബിസ്കറ്റ് പാക്കറ്റുകൾ എറിഞ്ഞു കൊടുക്കുന്നതും അതിഥി തൊഴിലാളികളെ കളിയാക്കി സംസാരിക്കുന്നതും കേൾക്കാം. ഉദ്യോഗസ്ഥരിലൊരാൾ, 'ഇന്ന് ദീക്ഷിതിന്റെ ജന്മദിനം ആയതുകൊണ്ടാണ് ബിസ്കറ്റ് നൽകുന്നത്' എന്ന് പറയുന്നുണ്ട്. ഒരു ബിസ്കറ്റ് പാക്കറ്റ് കൂടി ചോദിക്കുമ്പോൾ, 'ഒരെണ്ണം തന്നില്ലേ, പങ്കിട്ട് കഴിക്കൂ' എന്നാണ് ഉദ്യോഗസ്ഥന്റെ മറുപടി.
റെയിൽവേ ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീടത് സമൂഹമാധ്യമങ്ങളിലാകെ വൈറലായിത്തീർന്നു. മുതിർന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത് ഉൾപ്പെടെ ഈ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അധികൃതർ ട്വീറ്റിൽ വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ട്, പണമോ ഭക്ഷണമോ ഇല്ലാതെ വളരെയധികം ദുരിതത്തിലൂടെയാണ് ഓരോ അതിഥി തൊഴിലാളിയും വീടുകളിലേക്ക് മടങ്ങിപ്പോകുന്നത്.