ജെയ്ഷ മുഹമ്മദ് തലവനെ 'അസര്‍ ജി' എന്ന് വിളിച്ച് രാഹുൽ ഗാന്ധി; രൂക്ഷ വിമര്‍ശനവുമായി ബിജെപി

പ്രസംഗത്തിൽ മസൂദ് അസർ ജി എന്ന് രാഹുൽ പറയുന്ന വീഡിയോ പുറത്തു വിട്ടാണ് ബിജെപിയുടെ പരിഹാസം. ഒസാമ ബിൻലാദനോടും ഹാഫിസ് സയ്യിദിനോടും ബഹുമാനം കാണിക്കുന്ന കോൺഗ്രസ്സ് പാരമ്പര്യം രാഹുൽ തുടരുന്നു എന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു. 

rahul gandhis masud asar ji dig  bjp leaders criticize at twitter

ദില്ലി:  ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ, മസൂദ് ജി എന്നു വിശേഷിപ്പിച്ച രാഹുൽ ഗാന്ധിയുടെ പ്രസംഗം വിവാദത്തിലേക്ക്. ഭീകരവാദികളുടെ തലവനായ മസൂദ് അസറിനെ 'ജി' എന്ന് വിളിച്ചതിലൂടെ കോൺ​ഗ്രസ് അധ്യക്ഷൻ ഭീകരവാദത്തോടുള്ള സ്നേഹമാണോ പ്രകടിപ്പിക്കുന്നതെന്ന് ബിജെപി രൂക്ഷ'മായി വിമർശിച്ചു. 1999 ൽ കാണ്ഡഹാറിൽ വിമാനം തട്ടിയെടുത്ത ഭീകരവാദികളുടെ ആവശ്യം മസൂദ് അസറിനെ വിട്ടുകൊടുക്കുക എന്നതായിരുന്നു. ബിജെപി ഭരണകാലത്താണ് മസൂദ് അസറിനെ വിട്ടയച്ചതെന്നായിരുന്നു രാഹുലിന്റെ പ്രസംഗം. കാണ്ഡഹാർ വിമാനറാഞ്ചലിനു ശേഷം ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ‍ഡോവലും സംഘവും മസൂദ് അസറിനെ അനുഗമിക്കുന്ന ചിത്രവും രാഹുൽ പുറത്തുവിട്ടു. 

പ്രസംഗത്തിൽ മസൂദ് അസർ ജി എന്ന് രാഹുൽ പറയുന്ന വീഡിയോ പുറത്തു വിട്ടാണ് ബിജെപിയുടെ പരിഹാസം. ഒസാമ ബിൻലാദനോടും ഹാഫിസ് സയ്യിദിനോടും ബഹുമാനം കാണിക്കുന്ന കോൺഗ്രസ്സ് പാരമ്പര്യം രാഹുൽ തുടരുന്നു എന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു. മന്ത്രി സ്മൃതി ഇറാനിയുടെ പ്രതികരണം ഇങ്ങനെ. ''രാഹുൽ ​ഗാന്ധിയും പാകിസ്ഥാനും തമ്മിലുള്ള സാമ്യം എന്താണെന്നറിയുമോ? ഭീകരവാദികളെ അവർ ഇരുവരും ഇഷ്ടപ്പെടുന്നു. മസൂദ് അസറിനോടുള്ള രാഹുൽ ​ഗാന്ധിയുടെ ബഹുമാനം ശ്രദ്ധിച്ചാൽ അത് മനസ്സിലാകും.'' സ്മൃതി ഇറാനി ട്വീറ്റ് ചെയ്യുന്നു. പുൽവാമയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് രാഹുൽ മാപ്പു പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു.

മസൂദ് അസറിനെ വിട്ടയച്ചത് ആരെന്ന രാഹുലിന്റെ ചോദ്യത്തിന് ആദ്യം മറുപടി നൽകണമെന്നാണ് കോൺ​ഗ്രസിന്റെ പ്രതികരണം. രാഹുലിന്‍റെ പ്രസംഗം ബിജെപി വളച്ചൊടിക്കുകയാണെന്നാണ് കോൺഗ്രസ് പ്രതികരിച്ചു. മസൂദ് അസറിനെ മോചിപ്പിക്കാൻ അജിത് ഡോവൽ കാണ്ഡഹാറിലേക്ക് പോയിരുന്നോ, ഐഎസ്ഐയെ പത്താൻകോട്ടിലേക്ക് നരേന്ദ്രമോദി ക്ഷണിച്ചിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നല്കുകയാണ് വേണ്ടതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആവശ്യപ്പെട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios