കൊവിഡ് 19: വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ നഴ്സുമാരുമായി സംസാരിച്ച് രാഹുല്‍ ഗാന്ധി
കൊവിഡിനെതിരെയുള്ള പോരാട്ടത്തിലെ അനുഭവങ്ങൾ നഴ്സുമാർ രാഹുൽ ഗാന്ധിയുമായി പങ്കുവച്ചു. കൊവിഡ് കാലത്തെ ആരോഗ്യപ്രവർത്തകരുടെ സേവനങ്ങൾക്ക് കടപ്പെട്ടിരിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു
ദില്ലി: കൊവിഡ് പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി വിവിധ രാജ്യങ്ങളിലുള്ള നഴ്സുമാരുമായി കൂടിക്കാഴ്ച്ച നടത്തി. മൂന്ന് മലയാളികൾ ഉൾപ്പടെ നാല് നഴ്സുമാരുമായായിരുന്നു വീഡിയോ കോൺഫറൻസിലൂടെ രാഹുല്‍ കൂടിക്കാഴ്ച്ച നടത്തിയത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിലെ അനുഭവങ്ങൾ നഴ്സുമാർ രാഹുൽ ഗാന്ധിയുമായി പങ്കുവച്ചു.
കൊവിഡ് കാലത്തെ ആരോഗ്യപ്രവർത്തകരുടെ സേവനങ്ങൾക്ക് കടപ്പെട്ടിരിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. ദില്ലി എയിംസിലെ നഴ്സായ വിപിൻ കൃഷ്ണൻ, ന്യൂസിലന്‍ഡില്‍ ജോലി ചെയ്യുന്ന അനു രംഗനാഥ്, ബ്രിട്ടനിൽ ജോലി ചെയ്യുന്ന ഷെറിൽ മോൾ എന്നിവരായിരുന്നു കൂടിക്കാഴ്ച്ചയിൽ രാഹുലിനോടൊപ്പമുണ്ടായിരുന്ന മലയാളികൾ. ഇവരെ കൂടാതെ ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന രാജസ്ഥാനില്‍ നിന്നുള്ള നരേന്ദ്ര സിംഗും രാഹുലുമായി സംസാരിച്ചു.
കൊവിഡ് 19 വൈറസ് പടരുന്ന ആദ്യ ഘട്ടത്തില്‍ വെറുമൊരു ഫ്ലു മാത്രമായാണ് ഇതിനെ കണ്ടതെന്ന് നരേന്ദ്ര സിംഗ് പറഞ്ഞു. അതുകൊണ്ട് ഈ സാഹചര്യത്തെ ഗൗരവമായി നാം കണ്ടില്ല. തുടര്‍ന്ന് ഇറ്റലിയില്‍ നിന്ന് മരണനിരക്ക് കൂടുന്നതായുള്ള വാര്‍ത്തകള്‍ വന്നതോടെയാണ് സാഹചര്യത്തിന്‍റെ ഗൗരവം മനസിലാക്കിയതെന്ന് നരേന്ദ്ര സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി ജസീന്ത് ആര്‍ഡേന്‍റെ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്തെ സഹായിച്ചതെന്ന് ന്യൂസിലഡില്‍ നിന്നുള്ള അനു രംഗനാഥ് പറഞ്ഞു. കഠിനമായി വളരെ വേഗത്തില്‍ മുന്നോട്ട് പോവുക എന്നായിരിന്നു ജസീന്ത ആര്‍ഡേന്‍റെ മുദ്രാവാക്യം. അത് ന്യൂസിലന്‍ഡിനെ സഹായിച്ചുവെന്ന് അനു പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ ശമ്പളത്തിലെ വ്യത്യാസമാണ് വിപിന്‍ കൃഷ്ണന്‍ ചൂണ്ടിക്കാട്ടിയത്.
നഴ്സുമാരുടെ ശമ്പളം സ്വകാര്യ ആശുപത്രികളില്‍ വെട്ടിക്കുറയ്ക്കുകയാണ്. ഈ അവസ്ഥയില്‍ അവരെങ്ങനെ കുടംബത്തെ നോക്കുമെന്നും വിപിന്‍ ചോദിച്ചു. തനിക്കും ഭാര്യക്കും കൊവിഡ് ബാധിച്ചുവെന്നും ഇപ്പോള്‍ ക്വാറന്‍റീനില്‍ ആണെന്നും വിപിന്‍ പറഞ്ഞു. എന്നാല്‍, എപ്പോള്‍ ഭേദമാകുന്നോ അപ്പോള്‍ തന്നെ വീണ്ടും ജോലി ചെയ്യാന്‍ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ചികിത്സയില്‍ ഏര്‍പ്പെട്ടതോടെ ലഭിച്ച അറിവുകളും നഴ്സുമാര്‍ പങ്കുവെച്ചു.