'പപ്പാ, നിങ്ങൾ എന്റെ കൂടെയുണ്ട്' പിതാവിനെ അനുസ്മരിച്ച് വൈകാരിക കുറിപ്പുമായി രാഹുൽ ഗാന്ധി
പിതാവിനെ അനുസ്മരിച്ച് വൈകാരിക കുറിപ്പുമായി രാഹുൽ ഗാന്ധി
ദില്ലി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32-ാം ചരമവാർഷികത്തിൽ പിതാവിനെ അനുസ്മരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അന്തരിച്ച പിതാവിന് വൈകാരികമായാണ് രാഹുൽ സ്മരണാഞ്ജലി അർപ്പിച്ചത്. 'പപ്പാ, നിങ്ങൾ എന്റെ കൂടെയുണ്ട്, ഒരു പ്രചോദനമായി, ഓർമ്മകളായി, എപ്പോഴും!' രാജീവ് ഗാന്ധിയുടെ വിവിധ വീഡിയോകൾ പങ്കുവെച്ച് രാഹുൽ ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
32-ാം ചരമവാർഷികത്തിൽ ദേശീയ തലസ്ഥാനത്തെ വീർഭൂമിയിൽ രാഹുൽ ഗാന്ധി സഹോദരി പ്രിയങ്കയ്‌ക്കൊപ്പം എത്തി പുഷ്പാർച്ചന നടത്തിയിരുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരും രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ സ്മരണാഞ്ജലികൾ അർപ്പിച്ചു. രാജ്യവ്യാപകമായി പിസിസികയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
അമ്മയും അന്നത്തെ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി 1984 -ൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് രാജീവ് ഗാന്ധി കോൺഗ്രസിന്റെ ചുമതലയേറ്റത്. 1984 ഒക്ടോബറിൽ അധികാരമേറ്റപ്പോൾ 40-ാം വയസ്സിൽ അദ്ദേഹം ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. 1989 ഡിസംബർ രണ്ട് വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു.1944 ഓഗസ്റ്റ് 20 ന് ജനിച്ച രാജീവ് ഗാന്ധി 1991 മെയ് 21 ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് കൊല്ലപ്പെട്ടത്.ജികെ മൂപ്പനാരുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി വിശാഖപട്ടണത്തു നിന്ന് എത്തിയതാിയരുന്ന അദ്ദേഹം. ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) നടത്തിയ ചാവേർ ആക്രമണത്തിലായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഈ ദിവസം ഭീകരതാ വിരുദ്ധ ദിനമായി രാജ്യം ആചരിക്കുന്നു.
Read mroe: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രൈനിലേക്ക് ക്ഷണിച്ച് വ്ലാദമിർ സെലൻസ്കി